ADVERTISEMENT

തൊടുപുഴ ∙ ലോക്സഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായി തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും ഇന്നു വോട്ടിങ് നടക്കും. ജില്ലയുമായി അതിർത്തി പങ്കിടുന്ന തേനിയിൽ ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ നടക്കുന്നത്. ഡിഎംകെയിലെ തങ്കത്തമിഴ് സെൽവൻ, എഡിഎംകെയിലെ വി.ടി.നാരായണസ്വാമി, എൻഡിഎ സ്ഥാനാർഥി ടി.ടി.വി.ദിനകരൻ എന്നിവർ തമ്മിലാണ് മത്സരം. ജയലളിതയുടെ ഉറ്റതോഴി ശശികലയുടെ സഹോദരീപുത്രനും അമ്മ മക്കൾ മുന്നേറ്റ കഴകം സ്ഥാപകനുമാണ് ടി.ടി.വി.ദിനകരൻ. പ്രഷർ കുക്കറാണ് ചിഹ്നം.

നാം തമിഴർ കക്ഷിയുടെ സ്ഥാനാർഥി ഡോ. ജെ.മാദനും മത്സര രംഗത്തുണ്ട്. ഡിഎംകെയുടെ ചിഹ്നം ഉദയസൂര്യനും എഡിഎംകെ ചിഹ്നം രണ്ടിലയുമാണ്. ഡിഎംകെ സ്ഥാനാർഥിക്ക് അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന തേനി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി.ദിനകരൻ കൂടിയെത്തിയതോടെയാണ് ചിത്രം മാറിയത്. തേനി മുൻപ് പെരിയകുളം മണ്ഡലമായിരുന്നപ്പോൾ എഡിഎംകെ പ്രതിനിധികളായി ഇവിടെനിന്നു വിജയിച്ച് എംപിമാരായവരാണ് തങ്കത്തമിഴ്സെൽവനും ടി.ടി.വി.ദിനകരനും. ഇരുവരും സുഹൃത്തുക്കളായിരുന്നു. തേനിയിൽ ഒരുപോലെ സ്വാധീനമുള്ളവർ.

2019ൽ തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന്റെ കൈപ്പിടിയിലൊതുങ്ങാത്ത ഏക മണ്ഡലമാണ് തേനി. ഒ.പനീർസെൽവത്തിന്റെ മകൻ രവീന്ദ്രനാഥ കുമാറാണ് അന്ന് ജയിച്ചത്. ബോഡിനായ്ക്കന്നൂർ എംഎൽഎയായ മുൻ മുഖ്യമന്ത്രി പനീർസെൽവവും മകനും ദിനകരനുവേണ്ടി രംഗത്തുണ്ട്. എംജിആറും ജയലളിതയും ജയിച്ച ആണ്ടിപ്പെട്ടി മണ്ഡലം ഉൾപ്പെടുന്ന തേനി തേവർ സമുദായത്തിനു നിർണായക സ്വാധീനമുള്ള മണ്ണാണ്. തേനി ജില്ലയിലെ കമ്പം, പെരിയകുളം, ആണ്ടിപ്പെട്ടി, ബോഡിനായ്ക്കന്നൂർ നിയമസഭാ മണ്ഡലങ്ങളും മധുര ജില്ലയിലെ ഉസിലംപട്ടി, സോളവന്താൻ മണ്ഡലങ്ങളും ചേർന്നതാണ് തേനി പാർലമെന്റ് മണ്ഡലം. 16,22,949 വോട്ടർമാരാണ് തേനി മണ്ഡലത്തിലുള്ളത്. 1788 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com