ഗതാഗത സൗകര്യമില്ല; വോട്ടിങ് മെഷീനുകൾ എത്തിച്ചത് കഴുതപ്പുറത്ത്

Mail This Article
രാജകുമാരി ∙ വോട്ടെടുപ്പ് നടന്ന തേനി മണ്ഡലത്തിലെ ബോഡിനായ്ക്കന്നൂരിനടുത്തുള്ള അഗമല പഞ്ചായത്തിലെ ഊതുക്കാട് മേഖലയിൽ വോട്ടിങ് മെഷീനുകൾ എത്തിച്ചത് കഴുതപ്പുറത്ത്. അഗമല പഞ്ചായത്തിലെ ഊരാടി, ഊതുക്കാട്, കുറവൻ ചൂളി, ചിന്നമോങ്ങിൽ, പെരിയമോങ്ങിൽ, പച്ചമ്മൻ സോളായി, കരുമ്പാറായി തുടങ്ങിയ ഗ്രാമങ്ങളിലേക്ക് ഗതാഗത സൗകര്യമില്ലാത്തതിനാലാണ് കഴുതകളെ ആശ്രയിച്ചത്. ഊതുക്കാടിലെ പതിനാലാം നമ്പർ പോളിങ് സ്റ്റേഷനിൽ ഈ ഗ്രാമങ്ങളിൽ നിന്നുള്ള 460 വോട്ടർമാരാണുള്ളത്.
ബോഡിനായ്ക്കന്നൂരിന് സമീപമാണെങ്കിലും വാഹന സൗകര്യമില്ലാത്ത ഇവിടേക്ക് ഇന്നലെ പോളിങ് ഓഫിസർ മനോഹറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വോട്ടിങ് യന്ത്രങ്ങളും മറ്റും 8 കിലോമീറ്റർ കഴുതപ്പുറത്ത് കയറ്റി എത്തിച്ചു.ഇവിടെയെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചു പ്രതിഷേധിച്ചു.ഗ്രാമത്തിലേക്ക് റോഡുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാലായിരുന്നു പ്രതിഷേധം. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
തേനി ജില്ലാ പ്രോജക്ട് ഡയറക്ടർ അബിത ഹനിബു, തെങ്കരൈ പൊലീസ് ഇൻസ്‌പെക്ടർ അമുത എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് നാട്ടുകാരുമായി ചർച്ച നടത്തിയതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പ് നൽകി. തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം എംഎൽഎ ആയുള്ള മണ്ഡലമാണ് ബോഡിനായ്ക്കന്നൂർ. പനീർസെൽവത്തിന്റെ മകൻ രവീന്ദ്രനാഥ കുമാറാണ് തേനി ലോക്സഭ മണ്ഡലത്തിന്റെ നിലവിലെ എംപി.