കയ്യേറ്റം ഒഴിപ്പിച്ച ശേഷം സ്ഥാപിച്ച സർക്കാർ ബോർഡ് കാണാനില്ല

Mail This Article
വാഗമൺ ∙ വിനോദസഞ്ചാര കേന്ദ്രമായ വരയാട്ടുമെട്ടിൽ കയ്യേറ്റം ഒഴിപ്പിച്ച ശേഷം സ്ഥലത്ത് സ്ഥാപിച്ച സർക്കാർ ബോർഡ് കാണാനില്ല. വാഗമൺ വില്ലേജിലെ സർവേ നമ്പർ 185ൽ ഉൾപ്പെടുന്ന മലമുകളിലെ ഭൂമിയിൽ സ്വകാര്യ വ്യക്തി നടത്തിയ കയ്യേറ്റം ശ്രദ്ധയിൽപെട്ടതോടെ വാഗമൺ വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ ഇത് ഒഴിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവിടെ ബോർഡ് സ്ഥാപിച്ചു.
ഇതിനു പിന്നാലെ ഭൂമി കയ്യേറിയ സംഭവത്തിൽ പ്രദേശവാസിയുടെ പേരിൽ ഭൂസംരക്ഷണ നിയമപ്രകാരം റവന്യു വകുപ്പ് കേസും ചുമത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണു നാട്ടുകാർ ബോർഡ് നഷ്ടപ്പെട്ട വിവരം വില്ലേജ് അധികൃതരെ അറിയിച്ചത്. കയ്യേറ്റ മാഫിയ ഈ മേഖലയിൽ സജീവമാണെന്ന് നാട്ടുകാർ പറയുന്നു. വരയാട്ടുമെട്ടിൽ ദിവസേന വിനോദസഞ്ചാരികളും വൻ തോതിൽ എത്തുന്നുണ്ട്. ബോർഡ് നഷ്ടപ്പെട്ട വിവരം പൊലീസിൽ അറിയിച്ചതായും പുതിയ ബോർഡ് സ്ഥാപിക്കുമെന്നും റവന്യു വകുപ്പ് പറഞ്ഞു.
പഴയ ബോർഡുകളും നഷ്ടപ്പെട്ടു
വാഗമൺ വില്ലേജിലെ സർക്കാർ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ ഒന്നടങ്കം എടുത്തു മാറ്റി. കയ്യേറ്റക്കാരെ ഒഴിവാക്കി പിടിച്ചെടുത്ത സ്ഥലങ്ങൾ, നഷ്ടപ്പെട്ടു പോകുന്നതിനു സാധ്യതയുളള റവന്യു ഭൂമി എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ ഒന്നും തന്നെ കാണാനില്ല. കോലാഹലമേട്, വട്ടപ്പതാൽ, ഉളുപ്പൂണി, പുള്ളിക്കാനം റോഡ്, മൂൺമല, വെടിക്കുഴി എന്നിവിടങ്ങളിൽ സർക്കാർ വൻ തുക ചെലവഴിച്ച് ആണ് ബോർഡുകൾ സ്ഥാപിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ ഒരിടത്തു പോലും ബോർഡുകൾ കാണാനില്ല. സർക്കാർ ഭൂമി സംരക്ഷിക്കുന്നതിനു നിരീക്ഷണവും ജാഗ്രതയുമില്ലാതെ വന്നതാണ് റവന്യു ഭൂമിയും ബോർഡുകളും വീണ്ടും നഷ്ടപ്പെടുന്നതിനു ഇടയാക്കിയിരിക്കുന്നത്. ഭൂസംരക്ഷണ സേനയെ നിയോഗിച്ചെങ്കിലും പ്രവർത്തനം തൃപ്തികരമല്ല. കൂടാതെ പട്രോളിങ് നടത്തുന്നതിനു വാഹനമില്ല. ഇതോടെ സേനയുടെ പ്രവർത്തനം സ്തംഭിക്കുകയായിരുന്നു.