ADVERTISEMENT

നെടുങ്കണ്ടം∙ അരളി പൂക്കൾ കുപ്രസിദ്ധിയാർജിക്കുന്നതിനും മുൻപേ സംസ്ഥാനപാതയോരം സൗന്ദര്യവൽക്കരിക്കുന്നതിനായി ഉടുമ്പൻചോല പഞ്ചായത്ത് നട്ടത് 10,000 അരളിച്ചെടികൾ. കുമളി–മൂന്നാർ സംസ്ഥാന പാതയുടെ ഇരുവശവും ഫല വൃക്ഷങ്ങളും ഒപ്പം അരളിച്ചെടികളും വച്ചുപിടിപ്പിക്കുവാൻ 2019ലാണ് ഉടുമ്പൻചോല പഞ്ചായത്ത് പദ്ധതിയിട്ടത്. 20 ലക്ഷം രൂപ വിവിധ ഘട്ടങ്ങളിലായി ചെലവാക്കി. 

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൈലാസപ്പാറ മുതൽ ചതുരംഗപ്പാറ വരെയുള്ള 12 കിലോമീറ്റർ റോഡിന്റെ ഇരുവശങ്ങളിലും ചെടികൾ നട്ടുപിടിപ്പിച്ചു. ബഹുജന പങ്കാളിത്തത്തോടെ പഞ്ചായത്തിലെ ഓരോ വാർഡുകളും ഓരോ കിലോമീറ്റർ ദൂരം കാട് വെട്ടി നീക്കിയാണ് ചെടികൾ നട്ടുപിടിപ്പിച്ചത്. ഒട്ടേറെ വിനോദസഞ്ചാരികൾ സഞ്ചരിക്കുന്ന സംസ്ഥാനപാതയോരം അരളിപ്പൂക്കൾ നിറയുന്നതോടെ വഴിയരിയിലെ മാലിന്യംതള്ളൽ കുറയുമെന്നും സഞ്ചാരികളെ ആകർഷിക്കുമെന്നുമായിരുന്നു വിലയിരുത്തൽ. 

എന്നാൽ വിവിധ സ്ഥലങ്ങളിലായി ഏതാനും ചെടികൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ആദ്യഘട്ടത്തിൽ കൃത്യമായി നനയും പരിപാലനവും ഉറപ്പാക്കിയിരുന്ന പഞ്ചായത്ത് പിന്നീട് ചെടികളുടെ സംരക്ഷണം ഉറപ്പാക്കിയില്ല. പിന്നാലെ എത്തിയ കൊറോണ കാലവും ചെടികളുടെ പരിപാലനത്തിന് പ്രതിസന്ധിയായി. റോഡ് നവീകരണത്തിലും കുറെയധികം ചെടികൾ നഷ്ടമായെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.

ഇതോടെ ലക്ഷങ്ങൾ ചെലവാക്കിയ പദ്ധതി അവതാളത്തിലായി. ചെടികൾ നട്ടുപിടിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി അന്നത്തെ പഞ്ചായത്ത് ഭരണസമിതി കൂടുതൽ തുക ചെലവഴിച്ചുവെന്നും പദ്ധതി വഴി ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ് നേതൃത്വവും രംഗത്തെത്തിയിരുന്നു. ഇവർ നൽകിയ കേസ് ഇപ്പോൾ പഞ്ചായത്ത് വകുപ്പിന്റെ പരിഗണനയിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com