ADVERTISEMENT

തൊടുപുഴ∙ വരൾച്ചയെത്തുടർന്ന് ജില്ലയിലുണ്ടായ കൃഷിനാശം വിലയിരുത്താ‍ൻ കൃഷിമന്ത്രി പി.പ്രസാദ് ഇന്ന് ജില്ലയിൽ സന്ദർശനം നടത്തും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ഉണ്ടാകും. രാവിലെ 9ന് കുമളി ഗ്രാമപ്പഞ്ചായത്തിലെ വെള്ളാരംകുന്നിലാണ് ആദ്യ സന്ദർശനം. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കും. ഇക്കൊല്ലമുണ്ടായ രൂക്ഷമായ വരൾച്ച ജില്ലയുടെ കാർഷിക മേഖലയെ സാരമായി ബാധിച്ചതാണ് കൃഷിവകുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

 30183 കർഷകരെ വരൾച്ച ബാധിച്ചു. 175.54 കോടി രൂപയുടെ നാശനഷ്ടവുമുണ്ടായി. ഏലം കർഷകരെയാണ് വരൾച്ച ഏറെ ബാധിച്ചത്. 22311 കർഷകരുടെ 16220.6 ഹെക്ടറിലെ ഏലം ഉണങ്ങി. 113.54 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കൃഷി വകുപ്പിന്റെ കണക്കുകൾ. മറ്റു നാണ്യവിളകളെയും പച്ചക്കറി കൃഷിയെയും വരൾച്ച ബാധിച്ചു. ഈ സാഹചര്യത്തിലാണ് കൃഷി മന്ത്രിയുടെ ജില്ലാ സന്ദർശനം.ഉച്ചയ്ക്ക് കട്ടപ്പന ഹിൽ ടൗൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പൊതുയോഗം ചേരും. ജനപ്രതിനിധികൾ, കർഷകർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

കൃഷി മന്ത്രിക്ക് തുറന്ന കത്തുമായി ഇടുക്കി രൂപത
ചെറുതോണി ∙ ജില്ലയിലെത്തുന്ന കൃഷി മന്ത്രിക്ക് തുറന്ന കത്തുമായി ഇടുക്കി രൂപത. ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശം നേരിടുന്ന ജില്ലയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇടുക്കി രൂപതാ മീഡിയ കമ്മിഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് കത്തെഴുതിയിരിക്കുന്നത്. 

കത്തിലെ പ്രസക്ത ഭാഗങ്ങൾ : 
‘‘പൂർണമായും കൃഷിയെ ആശ്രയിച്ച് മുന്നോട്ട് നീങ്ങുന്ന ഇടുക്കി ജില്ലയെ കാലാവസ്ഥാ വ്യതിയാനങ്ങളും നാണ്യവിളകളുടെ വില തകർച്ചയും പലപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. കൊടും ചൂടിലും വരൾച്ചയിലും കരിഞ്ഞുണങ്ങിയ കൃഷി ഭൂമിയാണ് ഇപ്പോൾ ജില്ലയിലുള്ളത്. ചൂടിനു ശമനമായി മഴ പെയ്തു തുടങ്ങിയെങ്കിലും കൃഷിവിളകൾ ആകമാനം തകർന്നടിഞ്ഞു. ഏറ്റവും വലിയ നാശം ഉണ്ടായത് ഏലം മേഖലയിലാണ്. അടുത്ത കാലത്തെങ്ങും ഉണ്ടാകാത്ത ഭീകരമായ ഉഷ്ണം പല തോട്ടങ്ങളുടെയും സമ്പൂർണ നാശത്തിലേക്ക് വഴി തെളിച്ചു. ഏലം തോട്ടങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്കും അവരുടെ വരുമാന മാർഗങ്ങൾ നിലച്ചു പോകാൻ ഇത് കാരണമായി. 

ജാതിയും കുരുമുളകും ഹൈറേഞ്ചിലെ വലിയ ഒരു വരുമാന മാർഗമാണ്. എന്നാൽ പല തോട്ടങ്ങളും ഇപ്പോൾ കരിഞ്ഞുണങ്ങി നിൽക്കുന്നതാണ് കാണാൻ കഴിയുന്നത്. കർഷകരുടെ നീണ്ട വർഷങ്ങളുടെ അധ്വാനവും പരിശ്രമവുമാണു നഷ്ടപ്പെട്ടു പോയിട്ടുള്ളത്. കഠിനമായ ചൂടിനെ തുടർന്ന് അനേക ദിവസങ്ങൾ റബർ ടാപ്പ് ചെയ്യാനാവാതെ കർഷകർ വലഞ്ഞു. കന്നുകാലികൾക്ക് തീറ്റ കൊടുക്കാൻ കഴിയാതെ ഏറെ ദുരിതമനുഭവിച്ച ക്ഷീര കർഷകരുടെ കാര്യവും എടുത്തു പറയേണ്ടതാണ്.

പാലുൽപാദനം ഗണ്യമായി കുറയാൻ ഇത് കാരണമായി. കൊടിയ വരൾച്ച കന്നുകാലികളെ പരിപാലിക്കുന്നതിനും പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. മൂന്നാർ, മറയൂർ, വട്ടവട പ്രദേശങ്ങളിൽ പച്ചക്കറി, കരിമ്പ് കൃഷിയിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായി.പ്രകൃതി ക്ഷോഭം മൂലമുണ്ടാകുന്ന കൃഷിനാശം പരിഹരിക്കാൻ ഇടപെട്ടില്ലെങ്കിൽ വരും നാളുകളിൽ കർഷകർ കൃഷി ഉപേക്ഷിക്കാൻ കാരണമാകും. വേനൽക്കാല കൃഷി നാശം വിലയിരുത്താൻ ജില്ലയിൽ എത്തുന്ന കൃഷി മന്ത്രിയുടെ സന്ദർശനം ഇടുക്കിയിലെ കർഷകരെ കൈപിടിച്ചുയർത്താൻ കഴിയട്ടെ എന്ന് ആശിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com