ADVERTISEMENT

രാജകുമാരി ∙ വരൾച്ചയിൽ സംസ്ഥാനത്ത് ഏറ്റവുമധികം കൃഷിനാശമുണ്ടായത് ഇടുക്കി ജില്ലയിലാണെങ്കിലും കർഷകർക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം ലഭിക്കാൻ കടമ്പകളേറെ. ജില്ലയെ വരൾച്ചബാധിതമായി പ്രഖ്യാപിച്ചാൽ മാത്രമേ കർഷകർക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കൂ. ശരാശരി 28 ഡിഗ്രി ചൂട് മാത്രം താങ്ങുന്ന ഏലത്തിന് ഇത്തവണ ശരാശരി 33 ഡിഗ്രി ചൂടാണ് ഏൽക്കേണ്ടി വന്നത്. എന്നിട്ടും അധികൃതർക്ക് കൃഷിനാശത്തിന്റെ വ്യാപ്തി  മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു. 

മാനദണ്ഡങ്ങൾ ഭൂപ്രകൃതിക്ക് വിരുദ്ധം
ഇതുവരെ ലഭിച്ച മഴയുടെ ശരാശരി അളവ്, മഴക്കുറവും ഇടവേളയും, 50% കൃഷിനാശം, രൂക്ഷമായ ശുദ്ധജലക്ഷാമം തുടങ്ങി ഒട്ടേറെ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഒരു പ്രദേശത്തെ വരൾച്ച ബാധിതമായി പ്രഖ്യാപിക്കുന്നത്. ഇൗ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയാൽ മാത്രമേ ജില്ലയെ വരൾച്ച ബാധിതമായി പ്രഖ്യാപിക്കാൻ കഴിയൂ എന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്.

പാലക്കാട് ജില്ലയെപ്പോലെ ഇടുക്കിയെ വിലയിരുത്തിയാൽ ദുരിതം കാണില്ലെന്നാണ് കർഷകർ പറയുന്നത്. എന്നാൽ ഇടുക്കിയുടെ ഭൂമിശാസ്ത്ര പ്രത്യേകതകളും മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിരീതികളും പരിഗണിച്ച് മാനദണ്ഡങ്ങൾ പുനർനിർണയിച്ച് വരൾച്ച ബാധിതമായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ മുൻകയ്യെടുക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. 

റജിസ്ട്രേഷനില്ല; ആനുകൂല്യവും
5 സെന്റ് മുതൽ ഏക്കർ കണക്കിന് സ്ഥലങ്ങളിൽ വരെ ഏലം കൃഷിയുണ്ട്. എന്നാൽ കുറഞ്ഞ സെന്റ് ഭൂമിയിൽ ഏലം കൃഷി ചെയ്യുന്നവർക്ക് കാർഡമം റജിസ്‌ട്രേഷൻ(സിആർ) ഇല്ല. ഇതില്ലാത്തതിനാൽ സ്‌പൈസസ് ബോർഡിന്റെ ആനുകൂല്യങ്ങളും ഈ കർഷകർക്ക് ലഭ്യമാകുന്നില്ല. ഇവരെയൊന്നും ഏലം കർഷകരായി സ്‌പൈസസ് ബോർഡ് പരിഗണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഉപജീവനത്തിനായി നാമമാത്ര സ്ഥലങ്ങളിൽ ഏലക്കൃഷി ചെയ്യുന്നവർക്കും സിആർ ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

വിലയിടിക്കാൻ റീപൂളിങ്
കർഷകരുടെ ഉൽപന്നം ലേലത്തിൽ വാങ്ങിയശേഷം വീണ്ടും വിൽപനയ്ക്ക് എത്തിക്കുന്ന റീപൂളിങ് രീതിക്ക് തടയിടാൻ ബോർഡിന് കഴിയുന്നില്ല. ഏലക്കാ വാങ്ങിയശേഷം വലിപ്പവും നിറവും അടിസ്ഥാനമാക്കി പല ഗ്രേഡുകളായി തിരിച്ച് ഏറ്റവും ഗുണമേൻമ കുറഞ്ഞ കായ ലേലത്തിൽ വച്ച് വില ഇടിക്കാൻ ചിലർ മനഃപൂർവം സാഹചര്യം ഒരുക്കുന്നുണ്ടെങ്കിലും അതിന് തടയിടാനും ബോർഡ് തയാറാകുന്നില്ല. 

ഏലക്കായുടെ ഉൽപാദനം കാര്യമായി നടക്കാത്ത ഏപ്രിൽ, മേയ് മാസങ്ങളിലും ലേലത്തിന് എത്തുന്ന കായുടെ അളവിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. കൊടുംവേനലിൽ വൻ കൃഷി നാശം ഉണ്ടായിട്ടും ഈ ആഴ്ചയിൽ നടന്ന ഭൂരിഭാഗം ലേലങ്ങളിലും 50,000 കിലോയ്ക്കു മുകളിൽ ഏലക്കായാണ് വിൽപ്പനയ്ക്കായി ലേലത്തിൽ എത്തിയത്. റീപൂളിങ് നടത്തുന്ന ഇടനിലക്കാരാണ് ഇതിനു പിന്നിലെന്നാണ് കർഷകരുടെ ആരോപണം.

ജപ്തി നടപടികൾ ഉപേക്ഷിക്കണം
ചെറുതോണി ∙ കടുത്ത വരൾച്ചയും ഉഷ്ണ തരംഗവും മൂലം വൻതോതിൽ കൃഷി നാശം സംഭവിച്ച ഇടുക്കിയിൽ എല്ലാ ജപ്തി നടപടികളും അടിയന്തരമായി ഉപേക്ഷിക്കണമെന്ന് ജില്ലാ ജപ്തി വിരുദ്ധ സമിതി ആവശ്യപ്പെട്ടു. പ്രാഥമിക കണക്കെടുപ്പിൽ ഏലം, കൊക്കോ, ജാതി, കാപ്പി, പച്ചക്കറികൾ ഉൾപ്പെടെയുള്ള കൃഷികൾ കരിഞ്ഞുണങ്ങിയതിലൂടെ 175 കോടിയുടെ നഷ്ടം കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയെ വരൾച്ചബാധിതമായി പ്രഖ്യാപിക്കണം.

കർഷകർക്ക് അടിയന്തര നഷ്ടപരിഹാരവും ആവർത്തന കൃഷിക്ക് ധനസഹായവും നൽകണം. വായ്പയെടുത്തവർക്കു പലിശ ഒഴിവാക്കി മുതൽ തവണകളായി തിരിച്ചടയ്ക്കാൻ അവസരമൊരുക്കാൻ സർക്കാർ ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു. യോഗം അപ്പച്ചൻ ഇരുവേലിൽ ഉദ്ഘാടനം ചെയ്തു. ജപ്തി വിരുദ്ധ സമിതി ജില്ലാ പ്രസിഡന്റ് സി.ആർ.കുഞ്ഞപ്പൻ അധ്യക്ഷനായിരുന്നു.

നിവേദനം നൽകി
കട്ടപ്പന ∙ ജില്ലയിലെ ഏലം കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഏഴു നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൃഷിമന്ത്രി പി.പ്രസാദിന് നിവേദനം നൽകി. കൃഷിനാശം മൂലം 900 കോടി രൂപയുടെ ഉൽപാദന നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ഇതുമൂലം സർക്കാരിന് 157.5 കോടി രൂപയുടെ നികുതി നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.

ജില്ലയിലെ ഏലം കൃഷി മേഖലയെ വരൾച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നും 50,000 ഹെക്ടർ സ്ഥലത്ത് ഏലം റീപ്ലാന്റ് ചെയ്യാൻ സബ്‌സിഡിയോടെ ധനസഹായം ലഭ്യമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൃഷിനാശത്തിന്റെ യഥാർഥ കണക്ക് കണ്ടെത്താൻ വിദഗ്ധ സമിതിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പ്രസിഡന്റ് ആന്റണി മാത്യുവിന്റെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com