ADVERTISEMENT

വെള്ളിയാമറ്റം ∙ മുത്തശ്ശിക്കൊപ്പം പറമ്പിലൂടെ നടക്കുമ്പോൾ പൂമാലയിൽ 4 വയസ്സുകാരൻ കുളത്തിൽ വീണുമരിച്ച സംഭവം നാടിനു തേങ്ങലായി. കൂവക്കണ്ടം മുണ്ടാട്ടുചുണ്ടയിൽ വൈഷ്ണവിന്റെയും ഷാലുവിന്റെയും മകൻ ധീരവാണ് മരിച്ചത്. പൂമാലയിലെ ഞണ്ടിറുക്കി വെള്ളച്ചാട്ടത്തിന്റെ സമീപമാണ് ധീരവിന്റെ വീട്. മുത്തശ്ശി ജാൻസി രാവിലെ 11.30നു വീട്ടിലെ പശുവിനെ തീറ്റാൻ പറമ്പിലേക്കിറങ്ങിയപ്പോൾ ധീരവും കൂടെയിറങ്ങി. മുത്തച്ഛൻ ഷാജി തേങ്ങയിടാൻ പോയിരിക്കുകയായിരുന്നു. വീടിന്റെ മുന്നിൽ കാടുമൂടിക്കിടന്ന കുളത്തിനു 10 മീറ്ററിനടുത്ത് ചെറിയ തെങ്ങിൻചുവട്ടിൽ കുട്ടിയെ നിർത്തി ജാൻസി പശുവിനെ കെട്ടാൻ പോയി. നോക്കെത്താ ദൂരത്തുനിന്ന പശുവിനെ കെട്ടി തിരിയുമ്പോൾ ധീരവിനെ കാണാതാകുകയായിരുന്നു. 

തൊടുപുഴ പൂമാല കൂവക്കണ്ടത്ത് കുളത്തിൽ മുങ്ങിമരിച്ച ധീരവിനെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോൾ കരഞ്ഞുകൊണ്ട് നോക്കിയിരിക്കുന്ന മുത്തശ്ശി ജാൻസി
തൊടുപുഴ പൂമാല കൂവക്കണ്ടത്ത് കുളത്തിൽ മുങ്ങിമരിച്ച ധീരവിനെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോൾ കരഞ്ഞുകൊണ്ട് നോക്കിയിരിക്കുന്ന മുത്തശ്ശി ജാൻസി

തുടർന്ന് ഓടി വീട്ടിൽ പോയി നോക്കിയ ജാൻസി കുഞ്ഞിനെ കാണാതെ തിരികെയെത്തി കുളത്തിന്റെ ഭാഗത്ത് നോക്കിയപ്പോൾ ധീരവിന്റെ ഒരു ചെരിപ്പ് കണ്ടെത്തി. ജാൻസിയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയെങ്കിലും കുളത്തിൽ രണ്ടാൾ പൊക്കത്തിൽ വെള്ളമുണ്ടായിരുന്നതിനാ‍ൽ ആർക്കും ഇറങ്ങാനായില്ല. തുടർന്നു സമീപത്തുനിന്ന് കയറെത്തിച്ച് തൊഴിലുറപ്പ് തൊഴിലാളികളാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്. തറനിരപ്പോളം വെള്ളമുള്ള കുളത്തിൽ കാട് മൂടിയിരുന്നതിനാൽ കുട്ടി അറിയാതെ വീണതാകാമെന്ന് നാട്ടുകാർ പറയുന്നു. കുളത്തിന്റെ തിട്ട പൊളിഞ്ഞിരുന്നതും ധീരവ് അപകടത്തിൽപെടാൻ കാരണമായി.

pond-where-dheerav-drowned-1
1) രക്ഷിക്കാനായില്ലീ കുഞ്ഞുപാദങ്ങൾ... തൊടുപുഴ പൂമാല കൂവക്കണ്ടത്ത് കുളത്തിൽ മുങ്ങിയ 4 വയസ്സുകാരൻ ധീരവ് വൈഷ്ണവിനെ ആംബുലൻസിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നു. 2) മുങ്ങിമരിച്ച ധീരവിന്റെ ചെരുപ്പുകൾ കുളക്കരയിൽ കിടക്കുന്നു. ചിത്രം : റെജു അർനോൾഡ് ∙ മനോരമ

മുത്തശ്ശിയുടെ പിന്നാലെ നടന്ന നാലുവയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു 
വെള്ളിയാമറ്റം ( ഇടുക്കി) ∙ മുത്തശ്ശിക്കൊപ്പം പറമ്പിലൂടെ നടക്കവേ പൂമാലയിൽ 4 വയസ്സുകാരൻ കുളത്തിൽ വീണുമരിച്ചു. കൂവക്കണ്ടം മുണ്ടാട്ടുചുണ്ടയിൽ വൈഷ്ണവിന്റെയും ഷാലുവിന്റെയും മകൻ ധീരവാണ് (4) മരിച്ചത്. ഇന്നലെ 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഹൈദരാബാദിൽ നഴ്സായി ജോലി ചെയ്യുന്ന അമ്മ ഷാലുവിന്റെ മാതാപിതാക്കളായ മുണ്ടാട്ടുചുണ്ടയിൽ ഷാജിയുടെയും ജാൻസിയുടെയും ഒപ്പമാണ് ധീരവ് താമസിച്ചിരുന്നത്.

രാവിലെ 11.30നു പശുവിനെ മാറ്റിക്കെട്ടാനായി പോയ മുത്തശ്ശിയുടെ പിന്നാലെ എത്തിയ ധീരവ് അബദ്ധത്തിൽ അയൽവാസിയുടെ കുളത്തിൽ വീഴുകയായിരുന്നു. കുളക്കരയിൽ കുട്ടിയുടെ ചെരിപ്പ് കണ്ടതോടെ കുളത്തിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com