അടിസ്ഥാന സൗകര്യങ്ങളില്ല, അധികൃതരുടെ ഉറപ്പ് പാഴായി; മെഡിക്കൽ കോളജിൽ വിദ്യാർഥികളുടെ രാപകൽ സമരം
Mail This Article
ചെറുതോണി ∙ പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി മെഡിക്കൽ കോളജിലെ വിദ്യാർഥികൾ പഠിപ്പു മുടക്കി അനിശ്ചിത കാല രാപകൽ സമരം ആരംഭിച്ചു. അടിയന്തര ചികിത്സാ വിഭാഗത്തിനു മുന്നിൽ കറുത്ത റിബൺ ഉപയോഗിച്ചു വായ് മൂടിക്കെട്ടിയാണ് സമരമാരംഭിച്ചത്. ഈ ആവശ്യം ഉന്നയിച്ച് ഇതു നാലാം തവണയാണ് സമരം. ഫെബ്രുവരിയിൽ സമരം നടത്തിയപ്പോൾ ഏപ്രിൽ 30 നു മുൻപ് നിർമാണപ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാക്കാമെന്നും ലാബും എല്ലാ പഠനോപകരണങ്ങളും ഒരുക്കാമെന്നുമായിരുന്നു അധികൃതരുടെ ഉറപ്പ്.
എന്നാൽ അതെല്ലാം ജലരേഖ ആയെന്നു വിദ്യാർഥികൾ പറയുന്നു. കോളജിൽ അധ്യയനം രണ്ട് വർഷം പിന്നിടുമ്പോൾ ആവശ്യത്തിനു ക്ലാസ് മുറികൾ പോലുമില്ല. ലാബിന്റെ കാര്യം പറയാനുമില്ല. ഇതോടെയാണ് വീണ്ടും സമരത്തിനു തയാറായത്. ഹോസ്റ്റലിന്റെ പണി പൂർത്തിയാകാത്തതിനാൽ ആൺകുട്ടികൾക്കായി നിർമിച്ച ഹോസ്റ്റലിലാണ് പെൺകുട്ടികൾ താമസിക്കുന്നത്. ആൺകുട്ടികൾ പല സ്ഥലങ്ങളിലായിട്ടാണു താമസിക്കുന്നത്. പുതിയതായി 100 കുട്ടികൾ കൂടി എത്തുമ്പോൾ വീണ്ടും താമസ സൗകര്യമില്ലാതാകും. പഠിക്കുന്നതിന് 50 പേർക്കുള്ള ഒരു ലക്ചറർ ഹാൾ മാത്രമാണുള്ളത്. ഇതിനാൽ പരീക്ഷാ ഹാളും ക്ലാസ് മുറിയാക്കുന്നു.
എന്നാൽ ഇവിടെ പരീക്ഷ നടക്കുമ്പോൾ കുട്ടികളുടെ പഠിപ്പു മുടങ്ങും. പലപ്പോഴും ഓൺലൈനായിട്ടാണു ക്ലാസ് . രണ്ടു വർഷമായിട്ടും എംബിബിഎസ് വിദ്യാർഥികൾ ലാബ് കണ്ടിട്ടു പോലുമില്ല. ഓപ്പറേഷൻ തിയറ്റർ ഇല്ലാത്തതിനാൽ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയയ്ക്കുന്നതും പ്രതിസന്ധിയാണെന്നു കുട്ടികൾ പറയുന്നു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ മാത്രം പങ്കെടുത്താൽ മതിയെന്നാണ് തീരുമാനം. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്നും പിൻമാറില്ലെന്നും വിദ്യാർഥി പ്രതിനിധികൾ പറഞ്ഞു.
ഇതൊക്കെ ശ്രദ്ധിക്കേണ്ടേ സർക്കാരേ...: ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർഥികൾ സമരം ചെയ്യാനുള്ള കാരണങ്ങൾ
തൊടുപുഴ∙ കോട്ടയം മെഡിക്കൽ കോളജും ഇടുക്കി മെഡിക്കൽ കോളജും തമ്മിൽ 97 കിലോമീറ്റർ മാത്രമാണ് ദൂര വ്യത്യാസം. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ആനയും ഉറുമ്പും പോലെയാണ്. പ്ലസ് ടു പഠനത്തിനൊപ്പം ഏറെ കഷ്ടപ്പെട്ട് എൻട്രൻസ് പഠിച്ച്, റാങ്ക് ലിസ്റ്റിൽ കയറി, ഒട്ടേറെ പ്രതീക്ഷകളോടയാണ് ഓരോ വിദ്യാർഥിയും മെഡിക്കൽ പഠനത്തിനായി എത്തുന്നത്. സംസ്ഥാനത്തെ ഏതൊരു മെഡിക്കൽ കോളജിൽ വിദ്യാർഥികൾക്കു ലഭിക്കേണ്ട സൗകര്യങ്ങൾ ഇടുക്കി മെഡിക്കൽ കോളജിലും ലഭ്യമാക്കേണ്ടതുണ്ട്. ഇടുക്കി മെഡിക്കൽ കോളജിൽ സീറ്റ് ലഭിച്ച് ആദ്യസന്ദർശനം നടത്തിയപ്പോൾ കണ്ട കാഴ്ചകൾ തന്നെ ഞെട്ടിക്കുന്നതാണ്..