ADVERTISEMENT

കണ്ണൂർ ∙ കണ്ടങ്കാളിയിൽ സമരം തുടരുന്നതും ബിപിസിഎൽ സ്വകാര്യവൽക്കരണത്തിലേക്കു നീങ്ങുന്നതും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോം പ്രവൃത്തി അനിശ്ചിതത്വത്തിലാക്കി. നാലാം പ്ലാറ്റ്ഫോമിന്റെ പ്രവൃത്തി കരാർ നൽകിയിട്ട് ഒന്നര വർഷത്തോളമായെങ്കിലും പണി തുടങ്ങിയിരുന്നില്ല. ഏതെങ്കിലും ട്രെയിൻ അൽപം വൈകിയാൽ പിന്നാലെയെത്തുന്ന ട്രെയിൻ സിഗ്നൽ കാത്തു കിടക്കേണ്ട സ്ഥിതിയാണ്. പലപ്പോഴും ഇതു മറ്റു ട്രെയിനുകളുടെയും സമയക്രമം തെറ്റിക്കും. 

പ്ലാറ്റ്ഫോം നിർമാണത്തിനായി 6.45 കോടിരൂപ അനുവദിച്ചിട്ട് രണ്ടു വർഷത്തിലേറെയായി. നാലാം പ്ലാറ്റ്ഫോം നിർമിക്കേണ്ട സ്ഥലത്തു നിലവിലുള്ള ഭാരത് പെട്രോളിയത്തിന്റെ പൈപ്പ് ലൈനുകൾ നീക്കാത്തതാണു കരാർ നൽകിയിട്ടും പ്രവൃത്തി തുടങ്ങാൻ കഴിയാത്തതിനു കാരണം. നിലവിലെ ആറാമത്തെ ട്രാക്കിൽ വാഗണുകൾ നിർത്തിയിട്ടാണു സംഭരണശാലയിലേക്കു പെട്രോൾ ‍മാറ്റുന്നത്. 

പെപ്പ് ലൈൻ മാറ്റിയാൽ പെട്രോളിയം സംഭരണശാലയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന നിലപാടിലാണ് ബിപിസിഎൽ. തടസ്സം നീക്കാൻ കഴിഞ്ഞ വർഷം അന്നത്തെ എംപി പി.കെ.ശ്രീമതി റെയിൽവേ മന്ത്രിയെയും ബോർഡ് ചെയർമാനെയും ബിപിസിഎലിന്റെ ഉന്നത ഉദ്യോഗസ്ഥരെയും കണ്ടിരുന്നു. തുടർന്ന് 2018 സെപ്റ്റംബറിൽ ഡിവിഷനൽ റെയിൽവേ മാനേജർ പ്രതാപിസിങ് ഷമിയും ബിപിസിഎൽ ഉദ്യോഗസ്ഥരും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി ചർച്ച നടത്തി. 

എന്നാൽ പിന്നീട് ബിപിസിഎലിന്റെ ഭാഗത്തു നിന്നു നടപടികളൊന്നുമുണ്ടായില്ല. കണ്ടങ്കാളിയിലെ നിർദിഷ്ട പെട്രോളിയം സംഭരണ ശാല പ്രവർത്തനം തുടങ്ങിയാലെ റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള സംഭരണശാല മാറ്റാൻ കഴിയൂ. അതുവരെ പൈപ്പ് ലൈൻ മാറ്റാൻ നിർവാഹമില്ലെന്ന നിലപാടിലായിരുന്നു ബിപിസിഎൽ. 

പ്രതിഷേധങ്ങളെത്തുടർന്ന് പെട്രോളിയം സംഭരണശാലാ പദ്ധതി നീളുന്നതു പ്ലാറ്റ്ഫോം നിർമാണത്തെയും ബാധിച്ചു. പ്ലാറ്റ്ഫോം നിർമാണത്തെ ബാധിക്കാത്ത നിലയിൽ പൈപ്പ് ലൈൻ മാറ്റാൻ കഴിയും. 9ാം ലൈനിലേക്കു മാറ്റാൻ മുൻപ് ആലോചിച്ചിരുന്നതുമാണ്. എന്നാൽ സ്വകാര്യവൽക്കരണ നീക്കം തുടങ്ങിയതോടെ ഇക്കാര്യത്തിൽ ഇനി തീരുമാനമുണ്ടാവാൻ സാധ്യത കുറവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com