ADVERTISEMENT

കൊട്ടിയൂർ (കണ്ണൂർ) ∙ ആയുധമേന്തിയ മാവോയിസ്റ്റ് സംഘം കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് ടൗണിൽ വീണ്ടും പ്രകടനം നടത്തി. യുവതിയടങ്ങുന്ന നാലംഗ സംഘം ഇന്നലെ അതിരാവിലെയാണു ടൗണിൽ ലഘുലേഖ വിതരണം ചെയ്ത് പോസ്റ്ററുകൾ പതിച്ച് കാട്ടിലേക്കു മടങ്ങിയത്. പൊലീസും തണ്ടർ‌ബോൾട്ടും പരിശോധന നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല.

രാവിലെ ആറേകാലോടെ കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ നാൽപ്പത്തിനാലാംമൈൽ റോഡിലൂടെ എത്തിയ സായുധ‌സംഘം കവലയിലെ കെട്ടിടങ്ങളുടെ ഭിത്തിയിലും വീട്ടുമതിലുകളിലും കയ്യെഴുത്തു പോസ്റ്ററുകൾ പതിപ്പിച്ചു. തുണിയിൽ എഴുതിയ ബാനറും സ്ഥാപിച്ചു. ലഘുലേഖയിലും കയ്യെഴുത്താണ്.  രണ്ടു കടകളിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ദൃശ്യങ്ങളിൽ ഉള്ളത് സംഘത്തിലെ ഒരാൾ മാത്രമാണ്.

പട്ടാള യൂണിഫോം പോലെയുള്ള വസ്ത്രമാണു സംഘം ധരിച്ചിരുന്നതെന്നു നാട്ടുകാർ പറയുന്നു. കോട്ടയത്തു നിന്നെത്തിയ സ്വകാര്യ ബസിലെ ജീവനക്കാരുമായി സംസാരിച്ച സംഘം റോഡരികിലെ വീട്ടിൽ കയറി തങ്ങളെ  മാവോയിസ്റ്റുകൾ എന്നു പരിചയപ്പെടുത്തുകയും ചെയ്തു. സംഘത്തിലെ ഒരാൾ കൊട്ടിയൂർ –മണത്തണ മലയോര ഹൈവേയിലേക്കു പ്രവേശിച്ച് വഴിയാത്രക്കാർക്ക് ലഘുലേഖകൾ വിതരണം ചെയ്തു. 

തുടർന്നു സംഘം കൊട്ടിയൂർ വന്യജീവി സങ്കേതത്തിലൂടെ മടങ്ങുകയായിരുന്നു. പൊലീസ് തിരയുന്ന മാവോയിസ്റ്റ് നേതാവു മൊയ്തീൻ സംഘത്തിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഘം സ്ഥലം വിട്ട ശേഷം വിവരമറിഞ്ഞ് ഇരിട്ടി എഎസ്പി ആർ.ആനന്ദ് സ്ഥലത്തെത്തി. കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തിട്ടുണ്ട്.

2018 ഡിസംബർ 28നു വൈകിട്ടാണ് അമ്പായത്തോട് ടൗണിൽ സായുധ മാവോയിസ്റ്റ് സംഘം ആദ്യമായെത്തി പ്രകടനം നടത്തിയത്. സിപിഐ മാവോയിസ്റ്റ് സംഘത്തിലെ ജയണ്ണ, സുന്ദരി, സാവിത്രി, ജിഷ എന്നിവരാണ് അന്നു സംഘത്തിൽ ഉണ്ടായിരുന്നതെന്നു കണ്ടെത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com