ADVERTISEMENT

മണ്ടക്കോലിലെ അതിർത്തി തർക്കത്തിനു കേരളത്തിന്റെ രൂപീകരണത്തോളം പഴക്കമുണ്ട്. 5315 ഏക്കർ വിസ്തൃതിയുള്ള ഈ വനഭൂമി പഴയ മദ്രാസ് പ്രസിഡൻസിയിൽപ്പെട്ട ദക്ഷിണ കാനറ ജില്ലയിൽ കാസർകോട് താലൂക്കിന്റെ ഭാഗമായിരുന്നു. ഇത് മണ്ടക്കോൽ, അഡൂർ വില്ലേജുകളിലായി വ്യാപിച്ചു കിടന്നു. കേരളം രൂപീകരിച്ചപ്പോൾ കാസർകോട് താലൂക്കും അതിന്റെ ഭാഗമായി അഡൂർ വില്ലേജും കേരളത്തിന്റെ ഭാഗമായി. മണ്ടക്കോൽ സംരക്ഷിത വനത്തിന്റെ ഒരു ഭാഗം കർണാടകയിലും ഒരു ഭാഗം കേരളത്തിലുമായി. സംസ്ഥാന വിഭജന സമയത്ത് റവന്യു ഭൂമി മാത്രമാണ് അതിർത്തി നിർണയിച്ചത്. വനഭൂമി അങ്ങനെ തന്നെ കിടന്നു. രേഖകൾ പ്രകാരം 799.25 ഹെക്ടർ വനഭൂമിയാണ് ഇവിടെ കേരളത്തിനു വേണ്ടത്.

അതിർത്തി നിർണയിക്കാനുള്ള പഴയ മാപ്പ് കർണാടക വനംവകുപ്പിന്റെ കൈവശമുണ്ടെങ്കിലും അവർ അത് ഹാജരാക്കാത്തത് പ്രശ്നം സങ്കീർണമാക്കുന്നു. അതിർത്തി പുനർ നിർണയിക്കാൻ കഴിഞ്ഞ 51 വർഷങ്ങൾക്കിടയിൽ ഉദ്യോഗസ്ഥ തലത്തിൽ ഒരുപാട് ചർച്ചകൾ നടത്തിയെങ്കിലും കാര്യങ്ങൾ എങ്ങും എത്തിയില്ല. യോഗ തീരുമാനങ്ങളോട് കർണാടക വനംവകുപ്പ് മുഖം തിരിക്കുന്നതാണ് കാരണമെന്ന് കേരളം കുറ്റപ്പെടുത്തുന്നു. കേരള വനംവകുപ്പിന്റെ കൈവശമുള്ള രേഖകൾ വച്ച് നടത്തിയ പരിശോധനകളിൽ കേരളത്തിന് അർഹതപ്പെട്ട 800 ഏക്കർ വനവും കുറെ റവന്യു ഭൂമികളും കർണാടകയുടെ കൈവശമാണെന്ന് കണ്ടെത്തിയെങ്കിലും വിട്ടുതരാൻ കർണാടക തയാറായില്ല.

 കേരള വനംവകുപ്പിന്റെ കൈവശമുള്ള മണ്ടക്കോല്‍ വില്ലേജിന്റെ ട്രാവേഴ്സ് സ്കെച്ച്.
കേരള വനംവകുപ്പിന്റെ കൈവശമുള്ള മണ്ടക്കോല്‍ വില്ലേജിന്റെ ട്രാവേഴ്സ് സ്കെച്ച്.

സർവേകൾ കേരളത്തിന് അനുകൂലം

കേരള വനംവകുപ്പിന്റെ കയ്യിലുള്ള ട്രാവേഴ്സ് ഷീറ്റ് പ്രകാരം 2001 ജനുവരി 16 ന് ഇരു സംസ്ഥാനങ്ങളിലെയും സർവേ- വനം ഉദ്യോഗസ്ഥർ നടത്തിയ അതിർത്തി പരിശോധനയിൽ മണ്ടക്കോൽ വനത്തിന്റെ വലിയൊരു ഭാഗവും ഇതിനിടയിലുള്ള കുറച്ച് സ്വകാര്യ ഭൂമിയും കേരളത്തിലാണെന്ന് കണ്ടെത്തിയിരുന്നു. ‌നിലവിലുള്ള വനാതിർത്തിയുമായി തട്ടിച്ചു നോക്കുമ്പോൾ കേരളത്തിന് അവകാശപ്പെട്ട 800 ഏക്കറോളം വനഭൂമിയും കുറെ പട്ടയ ഭൂമികളും കർണാടകയുടെ കൈവശമാണെന്ന് ബോധ്യപ്പെട്ടെങ്കിലും വിട്ടു തരാൻ കർണാടക ഒരുക്കമായില്ല.

   കേരളത്തിന്റേതെന്ന് കരുതുന്ന ഭാഗത്ത് കര്‍ണാടക വനംവകുപ്പ് സ്ഥാപിച്ച സ്വാഗത ബോര്‍ഡ്
കേരളത്തിന്റേതെന്ന് കരുതുന്ന ഭാഗത്ത് കര്‍ണാടക വനംവകുപ്പ് സ്ഥാപിച്ച സ്വാഗത ബോര്‍ഡ്

കണ്ണ് സമ്പത്തിൽ?

തേക്ക്, ഈട്ടി, ഇരുൾ, മരുത് തുടങ്ങിയ വിലപിടിപ്പുള്ള മരങ്ങൾ നിറയെ ഉണ്ടായിരുന്ന വനമായിരുന്നു മണ്ടക്കോലിലേത്. ഈ വനവിഭവങ്ങളിലുള്ള കണ്ണ് തന്നെയാണ് കർണാടകയെ തർക്കത്തിനു പ്രേരിപ്പിച്ചതെന്ന് കരുതുന്നവരുണ്ട്. 1969 ൽ ഈ മരങ്ങൾ മുറിക്കാൻ തുടങ്ങിയപ്പോഴാണ് കടന്നുകയറ്റം കേരള വനംവകുപ്പിന്റെ ശ്രദ്ധയിൽപെട്ടത്. അന്നുവരെ കേരളത്തിന്റെ ഭാഗമാണെന്ന് കരുതിയ സ്ഥലമായിരുന്നു അത്. ഇത് കേരള വനപാലകർ മേലുദ്യോഗസ്ഥരെ അറിയിച്ചപ്പോൾ കർണാടകയുമായി ബന്ധപ്പെട്ടു. ‘കൂപ്പിലെ ഏതെങ്കിലും ഭാഗങ്ങൾ കേരളത്തിലാണെങ്കിൽ ആനുപാതികമായ നഷ്ടപരിഹാരം നൽകാം’ എന്ന വ്യവസ്ഥയിൽ തടികൾ കൊണ്ടുപോയി.

1924 മുതൽ 26 വരെ റിസർവേ നടത്തിയെങ്കിലും അതു സ്വകാര്യ സ്ഥലത്ത് മാത്രമായിരുന്നു. അന്ന് വനമെല്ലാം ഒരേ സർക്കാരിന്റേതായതിനാൽ അതിനുള്ളിൽ സർവേ ചെയ്തില്ല. 1896 ലെ സർവേ അടിസ്ഥാനമാക്കിയാണ് 1956ൽ സംസ്ഥാന അതിർത്തി പുനർ നിർണയിച്ചത്. ഈ മാപ്പ് മദ്രാസ് പ്രസിഡൻസിയിൽ നിന്നു കർണാടകയ്ക്കു കൈമാറിയതായി പറയുന്നു.

കർണാടകയുടെ വാദം

വില്ലേജ്, വനം ബീറ്റ് അതിർത്തി അടിസ്ഥാനമാക്കി സർവേ നടത്തണമെന്നാണ് 2010 ഡിസംബർ 14 ന് നടന്ന ചർച്ചയിൽ, കർണാടക വനംവകുപ്പ് വാദിച്ചത്. വനഭൂമിയുടെ അതിർത്തി സംബന്ധിച്ച് നിലവിൽ ഒരു രേഖയും റവന്യു വകുപ്പിന്റെ കയ്യിൽ ഇല്ല. മണ്ണ് കൊണ്ട് നിർമിച്ച താൽക്കാലിക കയ്യാലയാണ് നിലവിൽ ബീറ്റ് അതിർത്തി. ഇത് അടിസ്ഥാനമാക്കി സർവേ നടത്തിയാൽ കേരളത്തിന് അർഹതപ്പെട്ട സ്ഥലം നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് കേരള വനംവകുപ്പ് പറയുന്നു.

സംയുക്ത പരിശോധനയും വൈകുന്നു

സംസ്ഥാന അതിർത്തി പുനർ നിർണയത്തിനുള്ള സംയുക്ത പരിശോധന വൈകിപ്പിക്കാൻ കർണാടക മനപൂർവം ശ്രമിക്കുന്നതായി പരാതിയുണ്ട്. 136 കിലോമീറ്ററാണ് കേരള- കർണാടക അതിർത്തിയുള്ളത്. ഇതിൽ മണ്ടക്കോൽ അതിർത്തിയിലെ 5 കിലോമീറ്റർ മാത്രമാണ് ഇനി പരിശോധിക്കാനുള്ളത്. നിലവിൽ സംയുക്ത പരിശോധനയുടെ നേതൃത്വം കർണാടകയ്ക്കാണ്. പ്രാഥമികമായി കർണാടക പണം ചെലവിട്ട ശേഷം കണക്ക് നോക്കി പകുതി കേരളം നൽകുകയാണ് ചെയ്യുന്നത്. സർവേയ്ക്ക് അടിക്കാടുകൾ വെട്ടുന്നതും സർവേ കല്ലുകൾ പതിപ്പിക്കുന്നതും കർണാടക നിയമിച്ച തൊഴിലാളികളാണ്. അതുകൊണ്ട് വേഗത കൂട്ടാനും കുറയ്ക്കാനും അവർക്ക് സാധിക്കുന്നു. .

കമ്മിഷൻ ഒന്നും ചെയ്തില്ലെന്ന് കേന്ദ്രം

കേരളത്തിന്റെയും കർണാടകത്തിന്റെയും അതിർത്തി നിർണയിക്കാൻ ബെംഗളൂരുവിൽ സ്ഥാപിച്ച കമ്മിഷൻ ഓഫ് സർവേ സെറ്റിൽമെന്റ് ആൻഡ് ലാൻഡ് റെക്കോർഡ്സ് മണ്ടക്കോലിലെ അതിർത്തി നിർണയിക്കാൻ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്രം. രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ചോദ്യത്തിനാണ് മന്ത്രി ബാബുൽ സുപ്രിയോ മറുപടി നൽകിയത്. കമ്മിഷന്റെ അവസാന യോഗം നടന്നത് 2010 നവംബർ 15 ന് ആണ്. സംയുക്ത പരിശോധന നടത്താനും ദക്ഷിണ കന്നഡ ജില്ലാ ലാൻഡ് റെക്കോർഡ് കമ്മിഷണറെ ഇതിനായി നിയോഗിക്കുകയും ചെയ്തു. എന്നാൽ മണ്ടക്കോൽ റിസർവ് വനത്തിന്റെ യഥാർഥ സ്കെച്ച് ലഭിച്ചതിനു ശേഷം മാത്രമേ സർവേ നടത്താവൂ എന്ന് കേരളം നിലപാട് എടുത്തതിനാൽ നടന്നില്ലെന്നും മന്ത്രി പറഞ്ഞു.കർണാടക രേഖകൾ വൈകിപ്പിച്ചാൽ കേരളം മറ്റു വഴികൾ തേടണമെന്നും സർവേ പൂർത്തിയാക്കിയാൽ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ സാധിക്കുമെന്നും പറയുന്നു.

നാൾവഴി
∙1969ൽ മണ്ടക്കോലിലെ അടച്ചുമുറി കൂപ്പിലെ മരങ്ങൾ കർണാടക മുറിക്കുന്നതോടെ തർക്കം ആരംഭിക്കുന്നു.
∙10.10.1969. തർക്കം പരിഹരിക്കാൻ കാസർകോട് ഫോറസ്റ്റ് റേഞ്ച് ഓഫിസറും മംഗളൂരു അസി. ഫോറസ്റ്റ് കൺസർവേറ്ററും ചേർന്ന് സംയുക്ത പരിശോധന. കർണാടകം അടയാളപ്പെടുത്തിയ കൂപ്പിന്റെ കുറച്ചു ഭാഗം കേരളത്തിന്റേതാണെന്ന് പ്രാഥമിക വിലയിരുത്തൽ.
∙22.12.1969. പ്രശ്നം ചർച്ച ചെയ്യുന്നതിനായി ബന്ദിപൂരിൽ കേരളത്തിലെയും മൈസൂരിലെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം.
∙14.02.1970. കൂപ്പ് മുറിക്കരുതെന്നാവശ്യപ്പെട്ട് കേരള വനം വകുപ്പിന്റെ കത്ത്. കർണാടകം സ്വീകരിച്ചില്ല.
∙24.9.1970. കേരള- മൈസൂർ കോ ഓർഡിനേഷൻ കമ്മിറ്റി മീറ്റിങ്. അതിർത്തി പുനർ നിർണയിക്കാൻ സംയുക്ത സർവേ ആരംഭിക്കാൻ തീരുമാനം.
∙1971. പനത്തടിയിൽ സർവേ ആരംഭിച്ചു.
∙3.2.1972. കേരള-മൈസൂർ സംസ്ഥാനങ്ങളിലെ ഉന്നത വനംഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത്. ഒരു മാസത്തിനുള്ളിൽ സർവേ പൂർത്തിയാക്കാൻ തീരുമാനം.
∙1972 ജൂണിൽ കർണാടകം സർവേ നിർത്തിവച്ചു.
∙ 7.5.1975. കണ്ണൂർ കലക്ടറേറ്റിൽ കേരള- മൈസൂർ കോ ഓർഡിനേഷൻ കമ്മിറ്റി സംയുക്ത പരിശോധനയുടെ പുരോഗതി അവലോകനം ചെയ്തു. അവശേഷിക്കുന്ന 62 കിലോമീറ്റർ സർവേ ഉടൻ പൂർത്തിയാക്കാൻ തീരുമാനം.
∙23.3.1976. സർവെക്ക് ആവശ്യമായ ജീവനക്കാരെ കേരളം നിയമിച്ചു.
∙5.9.1977. കേഴിക്കോട് വനം കൺസർവേറ്ററുടെ ചേംബറിൽ കോ ഓർഡിനേഷൻ കമ്മിറ്റി യോഗം.
∙ 5.1.1978. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ കോ ഓർഡിനേഷൻ കമ്മിറ്റി യോഗം.
∙31.1.1978. സർവേ നടത്താനുള്ള എല്ലാ രേഖകളും ഹാജരാക്കാമെന്ന് കർണാടകയുടെ അറിയിപ്പ്.
∙17.11.1980. മടിക്കേരി സർക്യൂട്ട് ഹൗസിൽ വനം-സർവേ ഉദ്യോഗസ്ഥരുടെ യോഗം. 15-12-1980 ന് മുൻപ് രേഖകൾ ഹാജരാക്കാമെന്ന് കർണാടകം.
∙11.12.1988. കോഴിക്കോട്-മൈസൂർ സർവെ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച. മണ്ടക്കോൽ റിസർവ് വനം ഒഴികെയുള്ള മുഴുവൻ ഒറിജിനൽ രേഖകളും കർണാടക ഹാജരാക്കുന്നു.
∙ 16.01.1982. സംയുക്ത പരിശോധനയ്ക്ക് വീണ്ടും തുടക്കം. മഴക്കാലം തുടങ്ങിയതോടെ സർവേ നിർത്തിവച്ചു.
∙5.3.1990. പുത്തൂരിൽ ഇരുസംസ്ഥാനങ്ങളിലെയും വനം-സർവേ ഉദ്യോഗസ്ഥരുടെ യോഗം.
∙31.5.1990. പരപ്പ, കനകമജ്‌ലു ഭാഗങ്ങൾ സംയുക്ത പരിശോധന നടത്തിയ ശേഷം സംയുക്ത സർവേ അവസാനിപ്പിച്ചു.
∙22.11.1993. മണ്ടക്കോൽ വനത്തിന്റെ യഥാർഥ ട്രാവേഴ്സ് ഷീറ്റ് കേരളം ഹാജരാക്കി. കർണാടകയുടെ രേഖയുമായി ഇത് പൊരുത്തപ്പെട്ടില്ല.
∙16-1.2001 കേരളം ഹാജരാക്കിയ ട്രാവേഴ്സ് സ്കെച്ച് പ്രകാരം അതിർത്തിയിൽ റവന്യു-വനം ഉദ്യോഗസ്ഥരുടെ സംയുക്ത സർവെ. ഇതിൽ കേരളത്തിന്റെ കുറെ ഭൂമി കർണാടകയുടെ കൈവശമാണെന്ന് കണ്ടെത്തി.
∙11.7.2007. മംഗളൂരുവിൽ വനം-സർവേ ഉദ്യോഗസ്ഥരുടെ യോഗം. കർണാടക സർക്കാർ സംയുക്ത പരിശോധനയ്ക്ക് പണം അനുവദിച്ചതിനാൽ സംയുക്ത പരിശോധന പുനരാരംഭിക്കാൻ തീരുമാനം.
∙24.8.2007. ബായാർ, പൈവളികെ ഭാഗത്ത് സംയുക്ത പരിശോധന.
∙13-07-2007. ഇരു സംസ്ഥാനങ്ങളുടെയും ട്രാവേഴ്സ് ഷീറ്റുകളുടെയും അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തി നിർണയിക്കണമെന്ന് ബെംഗളൂരുവിലെ കമ്മിഷൻ ഓഫ് സർവേ സെറ്റിൽമെന്റ് ആൻഡ് ലാൻഡ് റെക്കോർഡ്സ്.
∙21.7.2007. അഡൂർ വില്ലേജിൽ രേഖകൾ തേടി വനംവകുപ്പ് ഉദ്യോഗസ്ഥർ.
∙15.11.2010. അതിർത്തി സർവേ ചെയ്യുന്നതിന് കേരള- കർണാടക ഉദ്യോഗസ്ഥരുടെ യോഗം മംഗളൂരു ഡപ്യൂട്ടി കമ്മിഷണർ ഓഫിസിൽ.
∙14-12-2010. ഇരു സംസ്ഥാനങ്ങളിലെയം സർവേ-റവന്യു- വനം ഉദ്യോഗസ്ഥരുടെ യോഗം സുള്ള്യ താലൂക്ക് ഓഫിസിൽ.
∙ 4.1. 2011. സംയുക്ത ചർച്ച പരാജയപ്പെട്ടതിനെ തുടർന്നു കേരളത്തിലെ വനം-റവന്യു-സർവേ ഉദ്യോഗസ്ഥരുടെ യോഗം കാസർകോട് കലക്ടറേറ്റിൽ. ഇതിൽ കേരളത്തിന്റെ കൈവശമുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്താൻ തീരുമാനിച്ചെങ്കിലും വനത്തിൽ അതിർത്തി ഇല്ലാത്തതിനാൽ സാധിച്ചില്ല.
∙3.2.2020. അഡൂർ, മണ്ടക്കോൽ വില്ലേജുകളുടെ 1897ൽ തയാറാക്കിയ മാപ്പ് കിട്ടിയാൽ മാത്രമേ അതിർത്തി നിർണയം സാധിക്കുകയുള്ളൂ എന്ന് കാട്ടി ഡിഎഫ്ഒ ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് കത്ത് നൽകി.
∙8.2.2020. അതിർത്തി നിർണയിക്കാൽ പൂർത്തിയായില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയുടെ മറുപടി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com