ADVERTISEMENT

കണ്ണൂർ ∙ ഗ്രൗണ്ടിൽ ആക്രമണനിരയിലാണ് കളിക്കുന്നതെങ്കിലും കോവിഡിനെതിരെ പ്രതിരോധനിരയിലാണ് ഫുട്ബോൾ താരം സി.കെ.വിനീത്. കോവിഡ് കാലത്ത് ലോക് ഡൗണിൽ വീട്ടിലായവർക്ക് അവശ്യവസ്തുക്കൾ എത്തിക്കാനായി ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച കോൾ സെന്ററിലാണു വിനീത് വൊളന്റിയറായത്.

കോൾ സെന്ററിൽ ഫോണെടുത്തത് വിനീതാണെന്ന് വിളിച്ചവരിൽ അധികം പേരും അറിഞ്ഞില്ല. ഹലോ പറയുന്ന വഴി ആവശ്യങ്ങളുടെ നീണ്ട പട്ടികയാണ് ആളുകൾ നിരത്തുക. അതിനിടയിൽ പരിചയപ്പെടുത്താനൊന്നും നേരമില്ല.  ഈ സമയത്ത് നമ്മളെക്കൊണ്ടു പറ്റുന്നത് എല്ലാവരും ചെയ്യണമെന്നും ആവശ്യമുണ്ടെങ്കിൽ കോൾ സെന്ററിലെ സേവനത്തിന് ഇനിയുമെത്തുമെന്നും വിനീത് പറഞ്ഞു.

ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച കോൾ സെന്റർ പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനവും സി.കെ.വിനീത് നിർവഹിച്ചു. പെരിങ്ങോം വയക്കര പഞ്ചായത്ത് ആരംഭിക്കുന്ന കോൾ സെന്ററിലേതാണ് ഉദ്ഘാടനം ചെയ്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു കോൾ എത്തുന്നതിനാലാണു പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു.

ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക കോൾ സെന്ററിൽ കുറിച്ചെടുക്കും.  വൊളന്റിയർ പട്ടികയുമായി വ്യാപാര സ്ഥാപനങ്ങളിലെത്തും. അവിടെനിന്നു ക്രെഡിറ്റിൽ സാധനം നൽകും.  ബിൽ തുക വാങ്ങി തിരിച്ചു വ്യാപാരസ്ഥാപനങ്ങളിലെത്തി പണം നൽകും. ഡെലിവറി സൗജന്യം. അവശ്യസാധനങ്ങൾ പരിമിതമായ അളവിലാണു വിതരണം ചെയ്യുന്നതെങ്കിലും മിഠായിക്ക് പോലും വിളികൾ എത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com