ADVERTISEMENT

ചെറുപുഴ∙ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പുളിങ്ങോം- ബാഗമണ്ഡലം റോഡ് യഥാർഥ്യമാക്കാൻ ശ്രമിക്കുന്ന ജനകീയ കൂട്ടായ്മയ്ക്കു പിന്തുണയുമായി എംഎൽഎമാർ കേരള- കർണാടക അതിർത്തിയിലെത്തി.പയ്യന്നൂർ എംഎൽഎ സി.കൃഷ്ണൻ, കല്യാശ്ശേരി എംഎൽഎ ടി .വി.രാജേഷ് എന്നിവരാണു പിന്തുണയുമായി അതിർത്തിയിലെത്തിയത്.

15 വർഷമായി മുടങ്ങിക്കിടക്കുന്ന പുളിങ്ങോം-ബാഗമണ്ഡലം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ നടത്തി വരുന്ന പ്രവർത്തനങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ചാണു ഇവരെത്തിയത്. 2005-ൽ ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സിആർപിഎഫ് കേന്ദ്രം എന്നിവയെ ബെംഗളൂരു സൈനിക കേന്ദ്രവുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു പാതയുടെ നിർമാണം ആരംഭിച്ചത്. 

മുന്നോടിയായി ചെറുപുഴ മുതൽ പുളിങ്ങോം വരെ റോഡ് മെക്കാഡം ടാറിങ് നടത്തുകയും, തേജസ്വിനിപ്പുഴയുടെ പുളിങ്ങോം ഭാഗത്തു പാലം നിർമിക്കുകയും ചെയ്തു. എന്നാൽ  വനത്തിലൂടെ റോഡ് നിർമിക്കാൻ കർണാടക സർക്കാർ അനുമതി നിഷേധിച്ചു. ഇതോടെ മലയോരത്തിന്റെ സ്വപ്ന പദ്ധതി പെരുവഴിയിലുമായി. ഇതെത്തുടർന്നു മലയോരത്തെ ജനകീയ കൂട്ടായ്മ  പാതയിലൂടെ പകൽയാത്ര അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തുവരികയും ഇതിനായി പ്രചാരണ പരിപാടി ആരംഭിക്കുകയും ചെയ്തു. ഇതിനു പിന്തുണ പ്രഖ്യാപിച്ചാണു എംഎൽഎമാർ പുളിങ്ങോത്ത് എത്തിയത്.

മലയോര മേഖലയുടെ വികസനക്കുതിപ്പിന് ആക്കം കൂട്ടുന്ന പുളിങ്ങോം-ബാഗമണ്ഡലം പാത യഥാർഥ്യമാക്കണമെന്ന ആവശ്യം കേരള-കർണാടക സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നു എംഎൽഎമാർ പറഞ്ഞു. തീർഥാടന പാത ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾക്കു ഏറെ ഗുണം ചെയ്യുമെന്നു ഇരുവരും പറഞ്ഞു. 18 കിലോമീറ്റർ ദൂരം വരുന്ന പുളിങ്ങോം-തലക്കാവേരി റോഡ് സഞ്ചാരയോഗ്യമാക്കി പകൽയാത്ര സൗകര്യം ഒരുക്കണമെന്നാണു ആവശ്യം. വനം നശിപ്പിക്കാതെ തന്നെ യാത്രാ സൗകര്യം ഒരുക്കാനാകും. ഇതിനു നിലവിലുള്ള റോഡ് നവീകരിച്ചാൽ മാത്രം മതി.

നേരത്തെ ആളുകൾ ഇതുവഴി യാത്ര ചെയ്തു തലക്കാവേരിയിൽ എത്തിയിരുന്നു. എന്നാൽ ഇടക്കാലത്താണു കർണാടക വനംവകുപ്പ് ഇതുവഴിയുളള യാത്രയ്ക്കു അനുമതി നിഷേധിച്ചത്. ഈ പാതയിലൂടെ യാത്ര ചെയ്താണു കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ ക്വാർട്ടേഴ്സുകളിലും മറ്റും എത്തുന്നത്.  ഈ പാത നവീകരിച്ചു പകൽ യാത്രാ സൗകര്യം ഒരുക്കണമെന്നാണു മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യം. 

എളുപ്പത്തിലെത്താം  ഈ കേന്ദ്രങ്ങളിലേക്ക്

തീർഥാടന പാത യഥാർഥ്യമാകുന്നതോടെ കേരളത്തിൽ നിന്നുളളവർക്കു മടിക്കേരി, മൈസൂർ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ തീർഥാടന കേന്ദ്രങ്ങളിലും, കർണാടകയിൽ നിന്നുള്ളവർക്കു തളിപ്പറമ്പ്, മാടായി, പറശ്ശിനിക്കടവ് തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലും ഏളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com