ADVERTISEMENT

ആലക്കോട്∙  കർണാടക വനാതിർത്തിയിൽ പലയിടങ്ങളിലായി കേടായ സോളർവേലി നന്നാക്കി സംരക്ഷിക്കാൻ വാച്ചർമാരെ നിയമിക്കണമെന്ന ഉദയഗിരി പഞ്ചായത്തിന്റെ  ആവശ്യം വർഷങ്ങളായിട്ടും നടപ്പായില്ല. വൈദ്യുതവേലി ഏറെയുള്ള പഞ്ചായത്താണിത്. ഇവിടെ വന്യമൃഗ ശല്യവും കൂടുതലാണ്.  വനാതിർത്തിയിലെ വൈദ്യുതവേലി കാടുകയറിയും ബാറ്ററി ക്ഷയിച്ചും പ്രവർത്തനരഹിതമായതോടെ വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലയിലേക്കും തടസ്സമില്ലാതെ എത്തുകയായണ്.

കാടുതെളിച്ചാൽ പ്രശ്നത്തിനു പരിഹാരമാകുമെങ്കിലും  അധികൃതർ  തയാറാകുന്നില്ല. അതത് സ്ഥലമുടമകളും നാട്ടുകാരുമാണ് ആദ്യമൊക്കെ കാടു തെളിച്ചിരുന്നത്. എന്നാൽ കുറെക്കാലമായി ഇതിന് പലരും തയാറാകുന്നില്ല. ഈ അവസ്ഥ ചൂണ്ടിക്കാട്ടിയാണ്  വൈദ്യുതവേലി സംരക്ഷിക്കാൻ വാച്ചർമാരെ നിയമിക്കണമെന്ന് ഉദയഗിരി പഞ്ചായത്ത് അധികൃതർ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ആവശ്യം പരിഗണിക്കാമെന്ന്  ഉദ്യോഗസ്ഥർ പറഞ്ഞുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല. വൈദ്യുതവേലി സംരക്ഷിക്കാൻ അടിയന്തരമായി വാച്ചർമാരെ  നിയമിക്കണമെന്ന് കേരള പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ്പ്രസിഡന്റ് തോമസ് വെക്കത്താനം വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

ഉദയഗിരി പഞ്ചായത്തിലെ മണ്ണാത്തിക്കുണ്ട് മലയിൽ കഴിഞ്ഞ ഒരു മാസമായി കർണാടക വനത്തിൽ നിന്ന് കടന്നുവരുന്ന കാട്ടാനക്കൂട്ടം നിരവധി കർഷകരുടെ വാഴ, തെങ്ങ്, കമുക് തുടങ്ങിയ കൃഷികൾ നശിപ്പിക്കുകയും ജനജീവിതത്തിനു ഭീഷണിയാകുകയും ചെയ്തിരിക്കുകയാണെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി. കാട്ടാനകൾ നശിപ്പിച്ച കൃഷിയിടങ്ങൾ തോമസ് വെക്കത്താനം, അരിവിളഞ്ഞപൊയിൽ പള്ളി വികാരി ഫാ. വിപിൻ, പഞ്ചായത്തംഗം ജോസഫ് വട്ടക്കൊട്ടയിൽ, രാജു നെല്ലിനിൽക്കുംതടത്തിൽ, ബാബു പറപ്പള്ളി എന്നിവർ സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com