ADVERTISEMENT

എടക്കാട്∙ വേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവിധ അലൈൻമെന്റുകൾ ജനത്തെ ആശങ്കയിലാഴ്ത്തുന്നു. പാത കടന്നു പോകുന്നെന്ന് പ്രചരിക്കുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരും പുതിയ വീട് അടക്കമുള്ള കെട്ടിടങ്ങൾ എടുക്കുന്നവരുമാണ് പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരണങ്ങൾ ഒന്നുമില്ലാത്തതിനാൽ വലയുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വേഗ റെയിൽ പദ്ധതി ചാല മുതൽ കൊയിലാണ്ടി വരെ വരെ നിലവിലുള്ള സമാന്തര പാതയിൽ നിന്ന് മാറി പുതിയ അലൈൻമെന്റ് സൃഷ്ടിച്ചാണ് നിർമിക്കുക എന്നാണ് ആദ്യം പറഞ്ഞിരുന്നത്.

പിന്നീട് കൊയിലാണ്ടി മുതൽ ധർമ്മടം വരെ നിലവിലെ റെയിൽ പാളത്തിന് സമാന്തരമായാണ് പാത കടന്നുവരുന്നതെന്നും ധർമ്മടം മുതൽ ചാല വരെയാണ് പുതിയ അലൈൻമെന്റ് എന്നും ഇതിന്റെ സർവേ നടത്തിയെന്നുമായിരുന്നു പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം. എന്നാൽ ചാല മുതൽ ധർമ്മടം വരെയുള്ള അലൈൻമെന്റ് ഏത് വഴിയാണെന്ന് പറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വിവിധ അലൈൻമെന്റുകളെക്കുറിച്ചുള്ള വ്യാജ വീഡിയോകളും വിവരണങ്ങളും പ്രചരിക്കുന്നത്. വേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഒന്നിൽ കൂടുതൽ സർവേകൾ നടത്തിയിരുന്നു.

ഇതിൽ ഉപേക്ഷിച്ച സർവേകളുടെ വിശദീകരണം അടക്കമുള്ള വിഡിയോകളും രേഖാ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഈ അലൈൻമെന്റുകൾ കടന്നുപോകുന്നു എന്ന് പ്രചരിക്കുന്ന സ്ഥലങ്ങളിൽ വീടുകളും മറ്റ് കെട്ടിടങ്ങളും നിർമിക്കുന്നവർ പ്രവൃത്തികൾ പാതി വഴിയിൽ നിർത്തിവയ്ക്കേണ്ട സാഹചര്യമാണ് ഉള്ളത്. ചാല കുന്നിൽ നിന്ന് നിലവിലെ സംസ്ഥാന പാതയുടെ വടക്ക് ഭാഗത്തു കൂടെ കാടാച്ചിറ, മമ്പറം വഴിയും, ചാല ഭഗവതി ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തുകൂടെ വഴി മാറുന്ന പാത ചാല വയൽ, ചെമ്പിലോട്, കടമ്പൂർ, എടക്കാട്, മുഴപ്പിലങ്ങാട് വഴി ധർമ്മടത്ത് എത്തി ചേരുന്നു എന്നിവയും പ്രചരിക്കുന്നവയിൽ ചിലതാണ്.

‘ചാലയിലൂടെ വേഗ റെയിൽ പദ്ധതിയുടെ അലൈൻമെന്റ് ഉപേക്ഷിക്കണം’

ചാല∙പഴശ്ശി പദ്ധതിയുടെ കനാൽ, താഴെചൊവ്വ–നടാൽ ബൈപ്പാസ്, ജലപാത, ദേശീയപാതാ വികസനം എന്നിങ്ങനെ നാല് പദ്ധതികൾക്ക് വേണ്ടി സ്ഥലം ഏറ്റെടുപ്പ് നടത്തിയ എടക്കാട് വില്ലേജിലെ ചാലയിലൂടെ വേഗ റെയിൽ പദ്ധതിയുടെ അലൈൻമെന്റ് കൂടി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രദേശവാസികൾ. നിരന്തരമായുള്ള കുടിയൊഴിപ്പിക്കലിനെതിരേ 100 അംഗ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു. കൗൺസിലർ പി.കെ.പ്രീത അധ്യക്ഷയായി. കോർപറേഷൻ ആസൂത്രണ സമിതി അംഗം കെ.വി.ചന്ദ്രൻ, കെ.വി.രവീന്ദ്രൻ, കെ.എൻ.മഹേഷ്, കെ.എസ്.പ്രവീൺ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com