ഡോ. എ.എൻ.പി.ഉമ്മർ കുട്ടി ‌അന്തരിച്ചു

Kannur News
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തക പ്രകാശന ചടങ്ങി‍ൽ രാഷ്ട്രപതി എൻ. സഞ്ജീവ റെഡ്ഡിക്കൊപ്പം ഡോ. എ.എൻ.പി ഉമ്മർകുട്ടി (ഫയൽ ചിത്രം)
SHARE

തലശ്ശേരി ∙ കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറും സമുദ്ര ശാസ്ത്രജ്ഞനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായിരുന്ന തലായി ജമീലത്തിൽ ഡോ. എ.എൻ.പി.ഉമ്മർ കുട്ടി (87) അന്തരിച്ചു. ജൈവ–സമുദ്ര ശാസ്ത്ര വിഷയങ്ങളിൽ മുപ്പതോളം ഗവേഷണ പ്രബന്ധങ്ങളും ഇംഗ്ലിഷിലും മലയാളത്തിലുമായി അനേകം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

വ്യാപാരിയായിരുന്ന സി.വി.മൂസ ഹാജിയുടെയും എ.എൻ.പി.സൈനബയുടെയും മകനായി 1933ൽ തലായി പാറമ്മൽ വീട്ടിലായിരുന്നു ജനനം. ഗവ. ബ്രണ്ണൻ കോളജിലും മദ്രാസ് പ്രസിഡൻസി കോളജിലുമായി പഠനം. അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ നിന്നു മറൈൻ ബയോളജിയിൽ ഡോക്ടറേറ്റ് നേടി. തമിഴ്നാട് മണ്ഡപം സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ട്, എറണാകുളം ഓഷ്യനോഗ്രഫി ലബോറട്ടറി, ഗോവ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി കൊച്ചി കേന്ദ്രം എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1992ൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രകൃതി ശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റൻറ് ഡയറക്ടർ, യുജിസി റിവ്യൂ കമ്മിറ്റി ചെയർമാൻ, വിസി നിയമന പാനലിലെ യുജിസി നോമിനി, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റി വിദഗ്ധ സമിതി, കേരള-എംജി സർവകലാശാല അക്കാദമിക് കൗൺസിൽ, ഔദ്യോഗിക ഭാഷാ സമിതി, ഗ്രന്ഥശാലാ സംഘം ഭരണ സമിതി, പബ്ലിക് ലൈബ്രറി കമ്മിറ്റി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാന കൈരളി മാസിക ചീഫ് എഡിറ്റർ, തലശ്ശേരി ഗുണ്ടർട്ട് ഫൗണ്ടേഷൻ ഡയറക്ടർ, കൊൽക്കത്ത മുസ്‍ലിം അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

കടലിനെ കണ്ടെത്തൽ, ഇന്ത്യാ സമുദ്രം, പരിണാമം, കോൺടിക്കി പര്യടനം, കടലിന്റെ കഥ, ശാസ്ത്ര സ്വാധീനം മലയാളത്തിൽ, സയൻസ് ഓഫ് ഓഷൻസ്, ആൻ ഇൻട്രൊഡക്‌ഷൻ ടു ഓഷ്യനോഗ്രഫി തുടങ്ങിയ പുസ്തകങ്ങളും റിവാർഡ്സ് ഓഫ് എ ലെസ് ട്രാവൽഡ് റോഡ് എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഭാര്യ: മലക്കായ് ജമീല. മക്കൾ: മുബഷീർ സാജിദ് (സീനിയർ സയന്റിസ്റ്റ്, ശാസ്ത്ര സാങ്കേതിക വകുപ്പ്, ഡൽഹി), സൈനബ് ജബീറ (ബെംഗളൂരു). മരുമക്കൾ: ഷോന എലോറ (ഡൽഹി), പരേതനായ ഡോ. വി.സി.ഹാരിസ്. സഹോദരങ്ങൾ: മറിയു, ആയിഷ, പരേതരായ കുഞ്ഞിമൊയ്തു, അബ്ദുല്ല, അഹമ്മദ്, കുഞ്ഞീബി, ആമിന ബീബി.

വിടവാങ്ങിയത് മലബാറിൽ നിന്നുള്ള ആദ്യ വൈസ് ചാൻസലർ

തലശ്ശേരി ∙ പരമ്പരാഗത വ്യാപാര കുടുംബത്തിൽ പിറന്ന് ചെറുപ്പത്തിൽ തന്നെ വായനയുടെ വിശാല ലോകം തുറന്ന് ഉയർച്ചയുടെ പടവുകൾ ഒന്നൊന്നായി ചവുട്ടിക്കയറുകയായിരുന്നു ഡോ. എ.എൻ.പി.ഉമ്മർകുട്ടി. ആഫ്രിക്കയിലേക്കും അറേബ്യയിലേക്കും ചരക്കു കൊണ്ടുപോകുന്ന പായക്കപ്പലിന്റെ ഉടമയായിരുന്ന എൻ.പി.അബ്ദുല്ല പോക്കറിന്റെ കുടുംബത്തിലായിരുന്നു ജനനം.

പിതാവ് മൂസ ഹാജിയും വ്യാപാരി. കുട്ടിക്കാലത്തെ അസുഖം മൂലം ഒന്നര വർഷം വൈകിയാണ് വിദ്യാലയത്തിൽ ചേർന്നത്. തലായി ഗവ. എൽപി സ്കൂൾ, തലശ്ശേരി ബിഇഎംപി ഹൈസ്കൂൾ, ഗവ. ബ്രണ്ണൻ കോളജ്, മദ്രാസ് പ്രസിഡൻസി കോളജ്, അലിഗഡ് മുസ്‍ലിം സർവകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.

ബിഇഎംപി ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഉമ്മർകുട്ടി വായനയുടെ ലോകത്തേക്കു പ്രവേശിച്ചിരുന്നു. കുടുംബത്തിലെ ആദ്യ എസ്എസ്എൽസിക്കാരൻ, അലിഗഡ് മുസ്‍ലിം സർവകലാശാല എംഎസ്‍സി സുവോളജി ഒന്നാം റാങ്ക്കാരൻ, മലബാർ മേഖലയിൽ നിന്നുള്ള ആദ്യ വൈസ് ചാൻസലർ അങ്ങനെ ഉമ്മർകുട്ടി ഉയർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറി.

ശാസ്ത്രസംബന്ധമായ കാര്യങ്ങൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്ന ശീലം ചെറുപ്പം മുതലുണ്ടായിരുന്നു. അതുകൊണ്ടാണു കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന എൻ.വി.കൃഷ്ണവാരിയർ ഉമ്മർകുട്ടിയെ അങ്ങോട്ടു ക്ഷണിക്കുന്നത്. പിന്നീട് ഡയറക്ടർ പദവി അലങ്കരിച്ചു.ആവഡി കോൺഗ്രസ് സമ്മേളന സ്ഥലത്തു ചെന്ന് നെഹ്റുവിനെ കണ്ടത് ഉമ്മർകുട്ടി തന്റെ ജീവിതത്തിലെ ധന്യനിമിഷമായി കരുതിയിരുന്നു.

അധികമാരും കടന്നെത്താത്ത സമുദ്ര ശാസ്ത്രത്തിൽ നിരന്തരമായ പഠനവും ഗവേഷണവും നടത്തി. ഓഷ്യാനോഗ്രഫിയിൽ ഉമ്മർകുട്ടി എഴുതിയ പുസ്തകമാണ് വിദ്യാർഥികൾ ഇന്നും പഠിക്കുന്നത്.  മൂർക്കോത്ത് രാമുണ്ണിക്കൊപ്പം തലശ്ശേരിയിൽ ഗുണ്ടർട്ട് ഫൗണ്ടേഷനു കീഴിൽ ഗുണ്ടർട്ട് സ്കൂൾ സ്ഥാപിക്കാനും എഎൻപി മുന്നിലുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.