ADVERTISEMENT

മട്ടന്നൂർ ∙ കോവിഡ് പരിശോധന നടത്തിയ 4 ലാബുകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് ഇന്നലെ കണ്ണൂരിൽ നിന്നു ദുബായിലേക്കുള്ള യാത്ര മുടങ്ങിയത് 125 പേർക്ക്. രാജ്യത്ത് കോവിഡ് രോഗ വ്യാപനം രൂക്ഷമായതോടെയാണ് ദുബായ് സർക്കാർ ഇന്ത്യയിൽ നിന്നുള്ള 4 ലാബുകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയാണ് സംസ്ഥാനത്തെ മൈക്രോ ഹെൽത്ത് ലാബുകൾ അടക്കം 4 ലാബുകളി‍ൽ നിന്ന് കോവിഡ് ടെസ്റ്റ് നടത്തിയവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. 

പട്ടികയിൽപെടുത്തിയ ലാബുകളിൽ നിന്നുള്ള ഫലങ്ങളിൽ പിഴവുകളുണ്ടായിരുന്നു എന്നും ആരോപണമുണ്ട്. ഈ ലാബുകളിൽ കോവിഡ് പരിശോധനയ്ക്ക് ഫീസ് കുറവായിരുന്നതിനാൽ കൂടുതൽ യാത്രക്കാരും ഇവയെയാണ് ആശ്രയിച്ചിരുന്നത്. യാത്ര മുടങ്ങിയ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ഇന്നലെ വൈകിട്ട് 3.35ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിലേക്ക് പോകാൻ എത്തിയ യാത്രക്കാരാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ടെർമിനൽ കെട്ടിടത്തിൽ പ്രതിഷേധം നടത്തിയത്. 

രാവിലെ 11 മുതൽ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ മൈക്രോ ഹെൽത്ത് ലാബുകളിൽ പരിശോധന നടത്തിയ 125 പേർക്ക് ചെക്ക്–ഇൻ ചെയ്യാൻ കഴിഞ്ഞില്ല. 47 പേരാണ് ഇന്നലെ ഇതേ വിമാനത്തിൽ ദുബായിലേക്ക് യാത്ര ചെയ്തത്. ദുബായ് സർക്കാരിന്റെ തീരുമാനം ആണെന്നും വിമാന കമ്പനികൾക്ക് പരിമിതികൾ ഉണ്ടെന്നും എയർലൈൻ പ്രതിനിധികൾ യാത്രക്കാരെ അറിയിച്ചു. 

പുതുതായി കോവിഡ് ടെസ്റ്റ് നടത്താനുള്ള തുക, ടിക്കറ്റ് റദ്ദാക്കുന്നവർക്ക് ടിക്കറ്റ് ചാർജ് തിരിച്ചു നൽകുക, ഇതേ നിരക്കിൽ റീ ഇഷ്യു ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ യാത്രക്കാർ ഉന്നയിച്ചു. അതേസമയം കോവിഡ് ടെസ്റ്റ് യാത്രക്കാരുടെ ചെലവിൽ നടത്തണം. മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് നൽകാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറഞ്ഞു. 18,000 മുതൽ 30,000 രൂപ മുടക്കിയാണ് പലരും ടിക്കറ്റ് എടുത്തത്. അടുത്ത ദിവസം ബുക്ക് ചെയ്യുമ്പോൾ വരുന്ന അധിക തുക മുടക്കാൻ തയാറല്ലെന്ന് യാത്രക്കാർ വിമാന കമ്പനിയെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com