ADVERTISEMENT

കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്തു സ്ഥാനാർഥിയെ കണ്ടെത്താനാകാത്ത ധർമസങ്കടത്തിൽ കോൺഗ്രസ്. കോൺഗ്രസ് മത്സരിച്ചിരുന്ന സീറ്റിൽ മത്സരിക്കാൻ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജനു മേൽ സമ്മർദം ചെലുത്തിയെങ്കിലും ദേവരാജൻ പിൻമാറി. സിപിഎം പിബി അംഗത്തിനെതിരെ ദേശീയ സെക്രട്ടറി മത്സരിക്കേണ്ടെന്ന ഫോർവേഡ് ബ്ലോക്ക് കേന്ദ്രകമ്മിറ്റി തീരുമാനം സംസ്ഥാന കമ്മിറ്റിയും ശരിവച്ചതോടെയാണു ദേവരാജന്റെ പി‍ൻമാറ്റം.

മത്സരിക്കാനില്ലെന്നു കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായി ദേവരാജൻ പറഞ്ഞു. മുന്നണിയിലെ ഘടകകക്ഷിയായ പാർട്ടിക്കു മറ്റെവിടെയും സീറ്റില്ലാത്ത സാഹചര്യത്തിൽ ഇവിടെ പാർട്ടി ദേവരാജൻ ഒഴികെയുള്ള സ്ഥാനാർഥിയെ നിർത്താമെന്നാണു ഫോർവേഡ് ബ്ലോക്കിന്റെ വാഗ്ദാനം. ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന്റെ സഖ്യത്തിലുള്ള പാർട്ടിയുടെ ദേശീയ സെക്രട്ടറിയെ മുഖ്യമന്ത്രിക്കെതിരെ മത്സരിപ്പിച്ചു കേരളത്തിലും പുറത്തും വലിയ രാഷ്ട്രീയ ചർച്ചയുണ്ടാക്കാനാണു കോൺഗ്രസ് താൽപര്യപ്പെട്ടത്.

അതുകൊണ്ടുതന്നെ ദേവരാജനല്ലെങ്കിൽ ഫോർവേഡ് ബ്ലോക്കിൽനിന്നു മറ്റൊരാളെ കോൺഗ്രസിനു താൽപര്യമില്ല. ദേശീയ സമിതിയംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പത്മനാഭനെ മുഖ്യമന്ത്രിക്കെതിരെ ബിജെപി രംഗത്തിറക്കിയ സാഹചര്യത്തിൽ ഇനി പ്രാദേശിക നേതാക്കളെ പരിഗണിക്കാൻ കോൺഗ്രസിനു കഴിയില്ല. പിണറായി വിജയനെതിരെ ബിജെപിയാണു കടുത്ത മത്സരം നടത്തുന്നതെന്ന പ്രതീതി അതുണ്ടാക്കും. മികച്ച സ്ഥാനാർഥിയല്ലെങ്കിൽ, കോൺഗ്രസിനു ലഭിക്കാവുന്ന വോട്ടുകൾ ബിജെപിക്കു ലഭിച്ചേക്കുമെന്ന ആശങ്കയുമുണ്ട്. കൂടുതൽ ചർച്ചകൾക്കായി മാറ്റിവച്ച ആറു മണ്ഡലങ്ങൾക്കൊപ്പം ഇനി ധർമടവും ഗൗരവമായി കോൺഗ്രസിനു ചർച്ച ചെയ്യേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com