ADVERTISEMENT

പൊട്ടങ്കണ്ടി അബ്ദുല്ല (യുഡിഎഫ്)

നായകൻ വരും നാട് വളരുമെന്ന വാചകമെഴുതിയ കൂറ്റൻ ഹോർഡിങ്ങുകളാണു പാനൂർ നഗരസഭാ കവാടത്തിൽ സ്വാഗതം ചെയ്യുന്നത്. നഗരസഭാ അതിർത്തിയായ കി‍ടഞ്ഞിയിലെത്തിയപ്പോൾ നായകന്റെ വരവറിയിച്ചുള്ള പാട്ടു മുഴങ്ങുന്നു. പികെ എന്ന പൊട്ടങ്കണ്ടി അബ്ദുല്ലയെക്കുറിച്ചു മാപ്പിളപ്പാട്ടിന്റെ ഈണത്തിൽ രണ്ടു ചെറുപ്പക്കാർ മൈക്കിനു മുൻപിൽ പാടുകയാണ്. 

‘പികെ നൂറുക്കു നൂറ് ഓകെ’യെന്ന വരികൾക്ക് കൂടിനിന്നവരുടെ കയ്യടി. പാട്ടവസാനിച്ചപ്പോൾ ഉയർന്നു പൊങ്ങിയതു പടക്കത്തിന്റെ മുഴക്കം. തുറന്ന വാഹനത്തിൽ കൂത്തുപറമ്പിലെ യുഡിഎഫ് സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുല്ലയുടെ വരവാണ്. വന്നിറങ്ങിയതു പ്രവർത്തകരുടെ കൈകളിലേക്ക്. പികെയുടെ കാരുണ്യസ്പർശമറിഞ്ഞ നാടാണിതെന്ന് പശ്ചാത്തലത്തിൽ അനൗൺസറുടെ ശബ്ദം. 150 മീറ്റർ അപ്പുറം കിടഞ്ഞിപ്പുഴ കടന്നാൽ കോഴിക്കോട് ജില്ലയായി. 

‘ആറിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏണി അടയാളത്തിൽ വോട്ട് ചെയ്തു ജയിപ്പിക്കണം. തിരഞ്ഞെടുത്താൽ നിങ്ങൾക്കൊപ്പം എപ്പോഴുമുണ്ടാകും’. പ്രസംഗം രണ്ടു വാചകമേയുള്ളൂ. പ്രവൃത്തിയിലാണു കാര്യമെന്നു തെളിയിച്ച ജീവകാരുണ്യ പ്രവർത്തകനാണ്. അതുകൊണ്ട് പ്രസംഗം എത്ര കുറഞ്ഞാലും അണികൾക്കു വിഷമമില്ല. തുറന്ന വാഹനത്തിലേക്കു തിരികെ കയറുമ്പോൾ, ദാഹമകറ്റാൻ പ്രവർത്തകരിലാരോ വത്തക്കാ ജ്യൂസുമായെത്തി.

തണുത്തതു കഴിക്കുന്നില്ലെന്നു പറഞ്ഞു നിരസിച്ചെങ്കിലും, ഒപ്പമുള്ളവർക്കെല്ലാം വാങ്ങി നൽകുന്നു സ്ഥാനാർഥി. അടുത്ത സ്വീകരണ കേന്ദ്രത്തിലേക്കു നീങ്ങുമ്പോഴും മുദ്രാവാക്യം വിളികൾ പിന്നാലെ. പ്രിയനേതാവിനെ പ്രായഭേദമെന്യേ പ്രവർത്തകർ നെഞ്ചേറ്റിയതിന്റെ സൂചനയായി ‘പികെ’ എന്നെഴുതിയ ടി ഷർട്ടുകൾ ധരിച്ചു യുവനിരയും പിന്നാലെ. 

കൂത്തുപറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.പി.മോഹനൻ വോട്ടഭ്യർഥിച്ച് പാട്യം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് എത്തിയപ്പോൾ പ്രവർത്തകർ നൽകിയ സ്വീകരണം.

കെ.പി.മോഹനൻ (എൽഡിഎഫ്)

ആളും തരവും നോക്കി അടവും ചുവടുമെടുക്കുന്നതാണു കളരിയിലെ വിജയതന്ത്രം. കളരിയഭ്യാസിയുടെ ഈ മെയ്‌വഴക്കം പ്രചാരണരംഗത്തും പ്രകടിപ്പിക്കുന്നു എൽഡിഎഫ് സ്ഥാനാർഥി കെ.പി.മോഹനൻ. രാവിലെ അഞ്ചിനു വീട്ടിൽനിന്നിറങ്ങും. ഒപ്പം ഡ്രൈവറല്ലാതെ മറ്റാരുമുണ്ടാകില്ല.

രാഷ്ട്രീയത്തിനു പുറത്ത് വ്യക്തിബന്ധം സൂക്ഷിക്കുന്നവരുടെ വീടുകളിലേക്കാണു തനിച്ചുള്ള ഈ യാത്ര. പാർട്ടിക്കാരുമായി ചെല്ലുന്നതല്ല, തനിച്ചു ചെല്ലുന്നതാണ് അവർക്കിഷ്ടം. പറയേണ്ടതു രാഷ്ട്രീയമല്ല, അച്ഛൻ പി.ആർ.കുറുപ്പിന്റെ കാലം മുതലുള്ള സൗഹൃദത്തിന്റെ കഥകളാണ്. ഏതാണ്ടു നാലു മണിക്കൂർ നീളുന്ന ഈ പര്യടനത്തിനുശേഷം പത്തോടെ പ്രവർത്തകർക്കൊപ്പം സ്ഥാനാർഥി വീടുകളും സ്ഥാപനങ്ങളും കയറും. വാഹന പ്രചാരണം ഉച്ചതിരിഞ്ഞാണ്.

ഇന്നലെ പാട്യം പഞ്ചായത്തിലെ കിഴക്കേ കതിരൂരിലായിരുന്നു ആദ്യ പരിപാടി. പി.കൃഷ്ണപിള്ളയുടെയും പാട്യം ഗോപാലന്റെയും കെ.വി.സുധീഷിന്റെയുമെല്ലാം സ്മരണകൾ റോഡരികിലെ പോസ്റ്റിലും മരത്തിലുമെല്ലാം ചിത്രങ്ങളായി നിൽക്കുന്നു. അതിനു നടുവിൽനിന്നാണു സ്ഥാനാർഥിയുടെ പ്രസംഗം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ തോൽപിച്ചയാളാണെങ്കിലും സിറ്റിങ് എംഎൽഎ മന്ത്രി കെ.കെ.ശൈലജ ആരോഗ്യരംഗത്തുണ്ടാക്കിയ നേട്ടങ്ങൾ വിവരിക്കാൻ മോഹനനു മടിയില്ല. എല്ലായിടത്തും സിപിഎം പ്രവർത്തകരാണു പ്രചാരണം ഉഷാറാക്കുന്നത്. ഒരുപാടു നാൾ കൂടെയുണ്ടായിരുന്നൊരു കുടുംബാംഗം കുറച്ചുനാൾ പിണങ്ങിനിന്ന ശേഷം തിരിച്ചുവന്നിരിക്കുന്നുവെന്ന ഭാവമേയുള്ളൂ അവർക്കെല്ലാം. പരിഭവമെല്ലാം അലിഞ്ഞില്ലാതിയിരിക്കുന്നു.

കൂത്തുപറമ്പ് മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.സദാനന്ദൻ പാലക്കൂൽ കണ്ണൻപീടികയിലെ കുടുംബസംഗമത്തിലെത്തിയപ്പോൾ പ്രവർത്തകർ സ്വീകരിക്കുന്നു.

സി.സദാനന്ദൻ (എൻഡിഎ)

പറഞ്ഞുകൊടുത്തും ചൊല്ലിക്കൊടുത്തും പറയാനുള്ളതുകേട്ടും സംശയങ്ങൾ തീർത്തും ക്ലാസെടുക്കുന്ന അധ്യാപകനെപ്പോലെയായിരുന്നു പാനൂർ പിലാക്കൂലിലെ കുടുംബസംഗമത്തിൽ കാണുമ്പോൾ എൻഡിഎ സ്ഥാനാർഥി സി.സദാനന്ദൻ. ഏറെക്കാലം അധ്യാപകനായിരുന്നതിനാൽ ഈ ശൈലിയുടെ ഗുണമറിയാം.

‘പുതിയ കേരളം മോദിയോടൊപ്പം’ എന്നു ചൊല്ലിക്കൊടുക്കുമ്പോൾ സദസ്സ് ഒന്നാകെ ഏറ്റുചൊല്ലുന്നു. മണ്ഡലത്തിൽ ഇനി എന്തെല്ലാം വികസനം വരണമെന്നതിനെക്കുറിച്ച് എണ്ണിയെണ്ണിപ്പറഞ്ഞശേഷം, ഈ വികസനം നടപ്പാക്കാൻ ആരു ജയിക്കണമെന്ന ചോദ്യം സദസ്സിനോടാണ്. ഒൻപതു വയസുകാരൻ നവതേജാണ് അതിനുത്തരം നൽകിയത്– ‘സദാനന്ദൻ മാസ്റ്റർ ജയിക്കണം

 

ഇതിനകം 30 കുടുംബസംഗമങ്ങൾ നടത്തിക്കഴിഞ്ഞു. കുടുംബങ്ങളിൽനിന്നു കുടുംബങ്ങളിലേക്കാണു പ്രചാരണം. സിപിഎം അക്രമത്തിൽ കാലുകൾ നഷ്ടപ്പെട്ട സദാനന്ദനു നടക്കാൻ ഇപ്പോഴും പ്രയാസമുണ്ട്. നാട്ടുകാരുടെ സ്നേഹവും പ്രവർത്തകരുടെ ആവേശവും എല്ലാ പ്രയാസങ്ങളെയും മറക്കാൻ ഊർജമാണെന്നു സ്ഥാനാർഥി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com