ADVERTISEMENT

‘മാണിക്യ’യിലെ മന്ത്രി മാണിക്യം, രാമചന്ദ്രൻ കടന്നപ്പള്ളി എൽഡിഎഫ് സ്ഥാനാർഥി കണ്ണൂർ

ഏതു വീടിന്റെയും അടുക്കളയിൽ പോലും കയറാൻ സ്വാതന്ത്ര്യമുള്ള രാമചന്ദ്രൻ കടന്നപ്പള്ളി സ്വന്തം വീട്ടിലെ അടുക്കളയിൽ കയറാറില്ലെന്നു ഭാര്യ സരസ്വതി. സ്റ്റൗ കത്തിക്കാനുള്ള ഭയം കൊണ്ടാണെന്നു ഭാര്യ. ഭയമുണ്ടെന്നു സമ്മതിച്ചില്ലെങ്കിലും ആരോപണം കടന്നപ്പള്ളി തള്ളി. അടുക്കളയിൽ കയറുമെന്നും ഗാർഗിൾ ചെയ്യാനുള്ള ചൂടുവെള്ളം കെറ്റിലിൽ തന്നെ തയാറാക്കാറുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

പിന്നെ ചില ദിവസങ്ങളിൽ ചൂടോടെ ഭക്ഷണം കഴിക്കാനും.സരസ്വതി വയ്ക്കുന്നതിൽ മീൻ കറിയാണ് പ്രിയം.. ‘അദ്ദേഹത്തിന് ഏറ്റവുമിഷ്ടം ഗോതമ്പു പുട്ടും ചെറുപയർ കറിയുമാണ്. നാലു നേരം അതു കൊടുത്താലും സാർ കഴിക്കും’– കടന്നപ്പള്ളിയുടെ പാചകക്കാരൻ വിനോദ് പറയുന്നു. എഴുന്നേറ്റാലുടൻ 2 ലീറ്റർ വെള്ളം കുടിക്കും. പിന്നെ മധുരമില്ലാത്ത കട്ടൻചായ. കടന്നപ്പള്ളിയുടെ മുടക്കമില്ലാത്ത ദിനചര്യ.

അടുക്കളക്കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന ഗൃഹനാഥനെന്നാണ് സരസ്വതിയുടെ സർട്ടിഫിക്കറ്റ്. അടുത്തിടെയാണു മകൻ മിഥുന്റെ വിവാഹം കഴിഞ്ഞത്. മരുമകൾ ബിജി നല്ല ബിരിയാണി വയ്ക്കുമെന്നു കടന്നപ്പള്ളി. ‘മാണിക്യ’യെന്നാണു വീടിന്റെ പേര്. അച്ഛന്റെ സഹോദരിയുടെ പേരാണ് മാണിക്യം. അച്ഛന്റെ ഉൾപ്പെടെ ചിത്രങ്ങൾ സ്വീകരണ മുറിയിൽ തൂക്കിയിട്ടുണ്ട്. ഇതാണു തന്റെ പൂജാമുറിയെന്നു കടന്നപ്പള്ളി.  ഒരു നിമിഷം ഇവിടെ കണ്ണടച്ചു നിന്നശേഷമേ വീടിനു പുറത്തിറങ്ങാറുള്ളൂ.

പ്രചാരണത്തിനിടെ കണ്ണൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സതീശൻ പാച്ചേനി പള്ളിക്കുന്നിലെ വീട്ടിൽ ഉച്ചഭക്ഷണത്തിനെത്തിയപ്പോൾ. ഭാര്യ റീന, മക്കളായ ജവഹറും സാനിയയും സമീപം.
പ്രചാരണത്തിനിടെ കണ്ണൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സതീശൻ പാച്ചേനി പള്ളിക്കുന്നിലെ വീട്ടിൽ ഉച്ചഭക്ഷണത്തിനെത്തിയപ്പോൾ. ഭാര്യ റീന, മക്കളായ ജവഹറും സാനിയയും സമീപം.

അമ്മ പഠിപ്പിച്ച പാചകകല, സതീശൻ പാച്ചേനി യുഡിഎഫ് സ്ഥാനാർഥി കണ്ണൂർ

പര്യടനത്തിരക്കിനിടെ സതീശൻ പാച്ചേനി വീട്ടിൽ ഉച്ചയൂണിനെത്തി. വെണ്ടയ്ക്ക ഉപ്പേരിയും രസവും അടുക്കളയിൽ ഒരുക്കുകയാണ് ഭാര്യ റീന. വീട്ടിലെത്തിയാൽ സതീശൻ അടുക്കളക്കാര്യങ്ങളിൽ വരെ ഇടപെടുന്ന വീട്ടുകാരനാണ്. അവിടെ സ്ഥാനാർഥിയോ നേതാവോ അല്ല. ഭക്ഷണം വിളമ്പാൻ ഭാര്യയെ സഹായിക്കുന്നതിനിടെ പാച്ചേനി പറഞ്ഞതിങ്ങനെ: അടുക്കളയിൽ‌ കയറുന്നതിനോ. ഭക്ഷണമുണ്ടാക്കുന്നതിനോ പണ്ടും ഇന്നും മടിയൊട്ടുമില്ല. ഭക്ഷണമുൾപ്പെടെ അത്യാവശ്യ കാര്യങ്ങളൊക്കെ സ്വയം ചെയ്യുന്നതു ചെറുപ്പത്തിലെ ശീലിച്ചതാണ്.

മൂത്തമകനാണ്. കൃഷിപ്പണി കഴിഞ്ഞ് അമ്മ മടങ്ങിയെത്തുമ്പോഴേക്കും വീട്ടിലെ അത്യാവശ്യ ജോലികളൊക്കെ ചെയ്തു തീർക്കാറുണ്ടായിരുന്നു’. ഞങ്ങളും അടുക്കളയിൽ കയറണമോ എന്ന സംശയത്തിൽ മക്കളായ ജവഹറും സാനിയയും അച്ഛനെ നോക്കുന്നു. ദിവസവും പുലർച്ചെ വീട്ടിൽ ചുക്കു കാപ്പിയിടുന്നതു പാച്ചേനിയാണ്. ഭാര്യയ്ക്കുള്ള കാപ്പിയും പാച്ചേനിയുടെ വക. പര്യടനത്തിനിറങ്ങുമ്പോൾ ചെറുചൂടുവെള്ളവും ചുക്കുവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും റീന കൊടുത്തുവിടാറുണ്ട്. ഒരു മണിക്കൂർ യോഗ ചെയ്തിരുന്നത് ഇപ്പോൾ അര മണിക്കൂറാക്കി ചുരുക്കി. 

പേരാവൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫും ഭാര്യ എൽസി ജോസഫും ഇരിട്ടി തന്തോട്ടെ വീട്ടുമുറ്റത്ത്.
പേരാവൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫും ഭാര്യ എൽസി ജോസഫും ഇരിട്ടി തന്തോട്ടെ വീട്ടുമുറ്റത്ത്.

ഒരിക്കൽ മാത്രമിട്ട മഞ്ഞക്കുപ്പായം, സണ്ണി ജോസഫ് യുഡിഎഫ് സ്ഥാനാർഥി, പേരാവൂർ

എന്നും വെള്ള ധരിക്കുന്ന സണ്ണി ജോസഫ് ഒരിക്കൽ മാത്രമേ കളർ ഷർട്ട് വാങ്ങിയിട്ടിട്ടുള്ളൂ. മകൾ ഡോ. അഞ്ജു റോസ് ആറിൽ പഠിക്കുമ്പോൾ. മഞ്ഞ ഷർട്ട്. അഞ്ജുവിന് അച്ഛനെ വെള്ളയല്ലാതെയൊരു വേഷത്തിൽ കാണുന്നതു സങ്കൽപിക്കാനേ കഴിയില്ലായിരുന്നു. ഇതോടെ കളർ ഷർട്ട് സണ്ണി ജോസഫ് എന്നേക്കുമായി ഉപേക്ഷിച്ചു. ഇരിട്ടിയിൽ ഇപ്പോൾ സണ്ണി ജോസഫ് താമസിക്കുന്നതു പതിനാലാമത്തെ വീട്ടിലാണ്. ഇതുവരെ താമസിച്ച പത്തെണ്ണം വാടകവീടുകളായിരുന്നു.

പുതിയ വീടു പണിതു താമസമാക്കിയാലും സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ അതു വിൽക്കാൻ ഒരു മടിയുമില്ല. മൂന്നു വീടുകൾ ഇങ്ങനെ വിറ്റതാണ്. രാഷ്ട്രീയത്തിന്റെ തിരക്കുകൾക്കിടയിൽ സണ്ണി ജോസഫിന്റെ സൗഹൃദങ്ങളും കുടുംബബന്ധങ്ങളുമെല്ലാം കാത്തുസൂക്ഷിക്കുന്ന ഉത്തരവാദിത്തം ഭാര്യ എൽസിക്കാണ്. രാഷ്ട്രീയത്തിനു പുറമേ, അഭിഭാഷകജോലിയും അത്യാവശ്യം കൃഷിപ്പണിയുമൊക്കെ ഇണങ്ങുമെങ്കിലും പാചകം പരീക്ഷിച്ചിട്ടില്ല. ചെറുപ്പത്തിൽ അമ്മ റോസക്കുട്ടിക്കൊപ്പം മിക്കപ്പോഴും അടുക്കളയിലായിരുന്നു.

പക്ഷേ പാചകം പഠിച്ചില്ല. ഭാര്യ എൽസിക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കാൻ ഇഷ്ടം അടുക്കളയിലാണ്. എന്നാൽ വീട് വൃത്തിയാക്കാനും ചെടി നനയ്ക്കാനും കൃഷി ചെയ്യാനുമെല്ലാം ഉത്സാഹമാണ്. വലിയ വൃത്തിക്കാരനാണ്. വീടിന്റെ ശുചിമുറി എല്ലാ ദിവസവും തനിയെ കഴുകി വൃത്തിയാക്കും. രാവിലെ അഞ്ചിനുണരും. അര മണിക്കൂർ യോഗ. ധരിക്കുന്ന ഖദർ വസ്ത്രം ആര് ഇസ്തിരിയിട്ടു വച്ചാലും അതിനു മുകളിൽ ഒന്നു കൂടി ഇസ്തിരിപ്പെട്ടിയോടിക്കണമെന്നു നിർബന്ധമാണ്. 

അഴീക്കോട് മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.രഞ്ജിത്ത് പള്ളിയാംമൂലയിലെ വീട്ടിൽ ഭാര്യ ഷീമയ്ക്കും അമ്മ ഭാർഗവിക്കുമൊപ്പം.
അഴീക്കോട് മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.രഞ്ജിത്ത് പള്ളിയാംമൂലയിലെ വീട്ടിൽ ഭാര്യ ഷീമയ്ക്കും അമ്മ ഭാർഗവിക്കുമൊപ്പം.

പത്രിക പൂരിപ്പിച്ചത് വീട്ടിലെ അഭിഭാഷക, കെ.രഞ്ജിത്ത് എൻഡിഎ സ്ഥാനാർഥി അഴീക്കോട്

രഞ്ജിത്ത് അടുക്കളയിൽ കയറാറില്ല. അമ്മ ഭാർഗവിയും ഭാര്യ ഷീമയും സമ്മതിക്കാറില്ല. ചായുണ്ടാക്കുന്ന രീതി പോലും പിടിയില്ല. രഞ്ജിത്തിനു ചായയ്ക്ക് ഏലയ്ക്കയുടെ രുചി മുകളിൽ നിൽക്കണം. ഷീമ ഇട്ടാലേ ആ ചായ ശരിയാകൂ. തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങുമ്പോൾ വീട്ടിൽ നിന്നു കയ്യിൽ കരുതുന്നത് ജീരകം, തുളസി, മഞ്ഞൾ എന്നിവ ചേർത്തു തിളപ്പിച്ച ചൂടുവെള്ളമാണ്.

അഭിഭാഷകയുടെ തിരക്കുകളുള്ളതിനാൽ സ്ഥാനാർഥിയായ ഭർത്താവിനു വേണ്ടി ഷീമ പ്രചാരണത്തിനിറങ്ങിയിട്ടില്ല. പക്ഷെ എല്ലാ പിന്തുണയും ഭാര്യയും അമ്മയും മകൻ ശിവരഞ്ജിത്തും നൽകാറുണ്ടെന്നു രഞ്ജിത് പറയുന്നു. വീട്ടിൽ അഭിഭാഷകയുള്ളതിനാൽ നാമനിർദേശ പത്രിക പൂരിപ്പിക്കുന്നതിനു മറ്റ് അഭിഭാഷകരെ ആശ്രയിക്കേണ്ടി വന്നിട്ടില്ലെന്നു സ്ഥാനാർഥിയുടെ കമന്റ്.

പേരാവൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.വി.സക്കീർ ഹുസൈൻ ഭാര്യ ഷാഹിനയ്ക്കും മക്കളായ അക്മൽ അദീത്, അഫ്‌ലക് അമാൻ, അൽത്താഫ് ഹുസൈൻ എന്നിവർക്കൊപ്പം 19–ാം മൈലിലെ വീട്ടിൽ.
പേരാവൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.വി.സക്കീർ ഹുസൈൻ ഭാര്യ ഷാഹിനയ്ക്കും മക്കളായ അക്മൽ അദീത്, അഫ്‌ലക് അമാൻ, അൽത്താഫ് ഹുസൈൻ എന്നിവർക്കൊപ്പം 19–ാം മൈലിലെ വീട്ടിൽ.

പ്രാരാബ്ധങ്ങളിൽ ചുട്ടെടുത്ത നെയ്യപ്പങ്ങൾ, കെ.വി.സക്കീർ ഹുസൈൻ എൽഡിഎഫ് സ്ഥാനാർഥി പേരാവൂർ

സ്കൂൾ പഠനകാലത്തു മാതാപിതാക്കൾക്കൊപ്പം നെയ്യപ്പമുണ്ടാക്കി കടകളിൽ വിൽപന നടത്തുമായിരുന്നു കെ.വി.സക്കീർ ഹുസൈൻ. യുപി സ്കൂളിൽ പഠിക്കുമ്പോൾ മാനന്തവാടിയിലെ കുടുംബവീട്ടിലായിരുന്നു താമസം. പൊറോട്ടയുൾപ്പെടെയുള്ള വിഭവങ്ങളുണ്ടാക്കാൻ പഠിച്ചതു മാനന്തവാടി മൈസൂരു റോഡിലെ ഹോട്ടലിൽനിന്നാണ്. വീട്ടിലെ പ്രാരാബ്ധംകൊണ്ടു പഠിച്ചെടുത്ത വിഭവങ്ങളെല്ലാം ഇന്നു വീട്ടുകാർക്കു വേണ്ടി വിളമ്പുകയാണു സക്കീർ ഹുസൈൻ. ആഘോഷ വേളകളിലും ഒഴിവു കിട്ടുമ്പോഴും വീട്ടുകാർക്കൊപ്പം നെയ്ച്ചോറും ബിരിയാണിയുമൊക്കെയുണ്ടാക്കാൻ അടുക്കളയിൽ സക്കീറുണ്ടാകും.

എന്നാൽ മറ്റു ദിവസങ്ങളിൽ രാവിലെ ഒരു കട്ടൻചായ മാത്രമാണു സക്കീറിന്റെ വക. പാചകക്കാര്യത്തിൽ മിടുക്കനെങ്കിലും താൻ എന്തുണ്ടാക്കിക്കൊടുത്താലും സക്കീർ കഴിക്കുമെന്നു ഷാഹിന. കഴിഞ്ഞ നവംബറിലാണ് ഇരിട്ടി പത്തൊമ്പതാം മൈലിലെ പുതിയ വീട്ടിലേക്കു താമസം മാറിയത്. ഭാര്യയോടുള്ള സ്നേഹം കൊണ്ടു ‘ഷാഹിനാസ്’എന്നു വീടിനു പേരിട്ടു. അക്മൽ അദീത്, അഫ്‌ലക് അമാൻ, അൽത്താഫ് ഹുസൈൻ, ഐമ അമറിൻ എന്നിവരാണ് മക്കൾ. ഇവരിൽ ഐമയ്ക്ക് രണ്ടര മാസം മാത്രമാണ് പ്രായം.

കല്യാശ്ശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.ബ്രിജേഷ് കുമാർ പ്രചാരണത്തിറങ്ങും മുൻപ് പിലാത്തറയിലെ വീട്ടിൽ ഭാര്യ ചിത്രയ്ക്കും മക്കളായ ദേവവൃതയ്ക്കും ഋതുപർണയ്ക്കുമൊപ്പം.
കല്യാശ്ശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.ബ്രിജേഷ് കുമാർ പ്രചാരണത്തിറങ്ങും മുൻപ് പിലാത്തറയിലെ വീട്ടിൽ ഭാര്യ ചിത്രയ്ക്കും മക്കളായ ദേവവൃതയ്ക്കും ഋതുപർണയ്ക്കുമൊപ്പം.

അർധരാത്രിയിലും അത്താഴം ഒരുമിച്ച്, കെ.ബ്രിജേഷ്കുമാർ യുഡിഎഫ് സ്ഥാനാർഥി, കല്യാശ്ശേരി

വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവിനൊപ്പം ഒരുമിച്ചിരുന്നേ അത്താഴം കഴിക്കാറുള്ളൂവെന്നു പറയുന്നു കെ.ബ്രിജേഷ് കുമാറിന്റെ ഭാര്യ ചിത്ര. സ്ഥാനാർഥിയായതോടെ ബ്രിജേഷ് എത്തുന്നത് അർധരാത്രിയാണ്. എങ്കിലും പതിവു മുടക്കാൻ ചിത്ര തയാറല്ല. മക്കളായ ദേവവൃതയും ഋതുപർണയും ബ്രിജേഷ് എത്തുന്നതു വരെ ഉറങ്ങില്ല. അത്യാവശ്യം വന്നാൽ അടുക്കളയിൽ കയറി പാചകം ചെയ്യുന്നതിനും ബ്രിജേഷിനു മടിയില്ല. ‘അവധി ദിവസങ്ങളിൽ അച്ഛന്റെ ചിക്കൻ കറി വേണമെന്ന ആഗ്രഹം ഇടയ്ക്കിടെ മൂത്ത മകൾ‌ ദേവവൃത പറയും.

അപ്പോഴൊക്കെ അദ്ദേഹം ചിക്കൻ കറിയുണ്ടാക്കും. ഗോതമ്പു പായസവും പ്രഥമനുമൊക്കെ വഴങ്ങും.’ ചിത്ര പറയുന്നു. ബ്രിജേഷ് കുമാർ പാചകം എങ്ങനെ പഠിച്ചെടുത്തതു കടന്നപ്പള്ളിയിലെ തറവാട്ടുവീട്ടിൽനിന്നാണ്.ഭക്ഷണകാര്യത്തിൽ പിടിവാശിയൊന്നുമില്ലാത്ത ബ്രിജേഷിന് ഏറ്റവും പ്രിയപ്പെട്ടത് അമ്മയുണ്ടാക്കുന്ന പരിപ്പുകറിയാണ്. ഈ പരിപ്പുകറി പഠിച്ചെടുക്കണമെന്നു ചിത്രയെ ഉപദേശിക്കും. പിലാത്തറയിലാണു താമസമെങ്കിലും വീട്ടിൽ സ്പെഷൽ ഭക്ഷണമുണ്ടാക്കുന്ന ദിവസങ്ങളിൽ അതുമായി കടന്നപ്പള്ളിയിലെ വീട്ടിലെത്തും. 

കല്യാശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വിജിൻ പയ്യന്നൂർ എടാട്ടെ വീട്ടിൽ നിന്നു പ്രചാരണത്തിനിറങ്ങും മുൻപ് മകൻ നെയ്തലിനെ കയ്യിലെടുത്തപ്പോൾ. ഭാര്യ അശ്വതി, സഹോദരി ്രശുതി, അമ്മ വസന്ത, അച്ഛൻ ഭാസ്കരൻ, സഹോദരിയുടെ മകൻ ‌കാർത്തിക് എന്നിവർ സമീപം.
കല്യാശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വിജിൻ പയ്യന്നൂർ എടാട്ടെ വീട്ടിൽ നിന്നു പ്രചാരണത്തിനിറങ്ങും മുൻപ് മകൻ നെയ്തലിനെ കയ്യിലെടുത്തപ്പോൾ. ഭാര്യ അശ്വതി, സഹോദരി ്രശുതി, അമ്മ വസന്ത, അച്ഛൻ ഭാസ്കരൻ, സഹോദരിയുടെ മകൻ ‌കാർത്തിക് എന്നിവർ സമീപം.

നാടും വീടുമറിയുന്ന ന്യൂസ് പേപ്പർ ബോയ്, എം.വിജിൻ എൽഡിഎഫ് സ്ഥാനാർഥി, കല്യാശ്ശേരി

രാവിലെ 7ന് വിജിൻ പര്യടനത്തിനിറങ്ങും. തലേന്നു തന്നെ ഭാര്യ അശ്വതി, വസ്ത്രം ഇസ്തിരിയിട്ടു വച്ചിട്ടുണ്ടാകും. തിരക്കായതുകൊണ്ടാണെന്നു  വിജിൻ. ശരിയാണെന്ന് അശ്വതിയും സമ്മതിച്ചു. മിക്ക കാര്യങ്ങളും സ്വയം ചെയ്യുന്നതാണ് വിജിന്റെ പതിവെന്നും അശ്വതി. സ്വന്തം ഉപജീവനത്തിനുള്ളവ സ്വയം സമ്പാദിക്കുക എന്ന ശീലവും വിജിനു ചെറുപ്പം മുതലുണ്ടായിരുന്നു.

പത്താം ക്ലാസ് പഠനകാലത്ത് പത്രവിതരണം തുടങ്ങി. ഡിഗ്രി രണ്ടാം വർഷം വരെ ആ തൊഴിൽ തുടർന്നു. വീടുകൾക്കു കല്ലു കെട്ടിത്തഴമ്പിച്ച അച്ഛന്റെ കൈ കണ്ട്, തന്റെ ആവശ്യങ്ങൾക്ക് അച്ഛനെ ബുദ്ധിമുട്ടിക്കരുതെന്നു കരുതി ഇറങ്ങിയതാണ്. 120 വീടുകളിൽ വരെ പത്രമിട്ടിട്ടുണ്ട്. രാവിലെ എഴുന്നേൽക്കലും വീടു കയറലുമൊക്കെ അന്നു തുടങ്ങിവച്ചതാണ്.

രാഷ്ട്രീയം കഴിഞ്ഞാൽ ഇഷ്ടം ഫുട്ബോളിനോടാണ്. എടാട്ട് വീടിനടുത്തുള്ള യുവ ശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ ഫുട്ബോൾ ടീം അംഗമാണ്. 31–ാം വയസിൽ മകൻ സ്ഥാനാർഥിയായതിൽ അച്ഛൻ ടി.കെ.ഭാസ്കരനും അമ്മ വസന്തയ്ക്കുമുള്ള ആഹ്ലാദം ചെറുതല്ല. എന്നാൽ സ്ഥാനാർഥിത്വത്തിൽ പരിഭവമുള്ളതു മറ്റൊരാൾക്കാണ്. വിജിന്റെ ഒന്നരവയസ്സുള്ള മകൻ നെയ്തൽ എന്ന നൈനുവിന്. അച്ഛനെ പകലും രാത്രിയുമൊന്നും അടുത്തു കിട്ടാത്തതിന്റെ പരാതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com