ADVERTISEMENT

പേരാവൂർ∙ ഒന്നാം തീയതി രാത്രി തന്നെ പോസ്റ്റൽ ബാലറ്റ് ശേഖരണം പൂർത്തീകരിക്കണമെന്ന അടിയന്തര നിർദേശമുണ്ടായതിനെത്തുടർന്നു തുടർന്ന് പോളിങ് ഉദ്യോഗസ്ഥരും റിട്ടേണിങ് ഓഫിസറും തമ്മിൽ തർക്കം. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ തടിച്ചു കൂടിയ ഉദ്യോഗസ്ഥർ ബാലറ്റ് ശേഖരണ പ്രക്രിയ തുടരില്ല എന്ന് കനത്ത നിലപാട് സ്വീകരിച്ചതിനെ തുടർന്ന് ശേഖരണ പ്രക്രിയ പൂർത്തിയാക്കാൻ ഇന്ന് കൂടി സമയം നിശ്ചയിച്ച് കലക്ടർ നിർദേശം നൽകി. ഏപ്രിൽ രണ്ടിന് ബാലറ്റ് ശേഖരണം പൂർത്തിയാക്കണം എന്നായിരുന്നു ഉദ്യോഗസ്ഥർക്ക് നൽകിയ ക്ലാസിൽ നിർദേശിച്ചിരുന്നത്.

പേരാവൂർ നിയോജക മണ്ഡലത്തിൽ നിന്നു ശേഖരിച്ച പോസ്റ്റൽ ബാലറ്റുകൾ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ കാർ പോർച്ചിൽ വച്ച് മൊബൈൽ വെളിച്ചത്തിൽ പരിശോധിക്കുന്നു.
പേരാവൂർ നിയോജക മണ്ഡലത്തിൽ നിന്നു ശേഖരിച്ച പോസ്റ്റൽ ബാലറ്റുകൾ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ കാർ പോർച്ചിൽ വച്ച് മൊബൈൽ വെളിച്ചത്തിൽ പരിശോധിക്കുന്നു.

എന്നാൽ ഒന്നാം തീയതി വൈകിട്ട് പേരാവൂരിലെ ആരംഭിച്ച താൽക്കാലിക ക്യാംപിൽ ഹാജരാകാനും രാത്രിയിൽ തന്നെ ബാലറ്റ് ശേഖരണം പൂർത്തീകരിക്കാനും നിർദേശം നൽകുകയായിരുന്നു. ഇതോടെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് ഇവർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്നിരുന്നത്. രാത്രിയിലും ജോലി ചെയ്യണമെന്ന നിർദേശം വന്നതോടെ ഉദ്യോഗസ്ഥർ വെട്ടിലായി. വനിത ഉദ്യോഗസ്ഥരാണ് കൂടുതൽ പ്രതിസന്ധിയിലായത്. എല്ലാ ദിവസവും ആർഒയുടെ ഓഫിസിലെത്തി ബാലറ്റ് ശേഖരിക്കുന്നതിനുള്ള ഉപകരണങ്ങളുമായി പുറപ്പെടുകയും വൈകിട്ട് ബാലറ്റും രേഖകളും ആർഒയുടെ ഓഫിസിൽ എത്തിക്കുകയുമാണ് ചെയ്തിരുന്നത്.

അതിനാൽ തന്നെ വനിതാ ഉദ്യോഗസ്ഥർ മുൻ കരുതലുകൾ ഇല്ലാതെയാണ് ജോലിക്ക് എത്തിയത്. മാവോയിസ്റ്റ് സാന്നിധ്യ പ്രദേശമാണെന്നും വനാതിർത്തിയിലുള്ള കുന്നും കുന്നും മലകളും നിറഞ്ഞ സ്ഥലങ്ങളായിതിനാലും രാത്രിയിലെ ബാലറ്റ് ശേഖരണം അസാധ്യമാണ് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ റിട്ടേണിങ് ഓഫിസർ നിലപാട് മാറ്റാൻ തയാറായില്ല.

ഒടുവിൽ ജില്ലാ കലക്ടർ ഇടപെട്ട് രാത്രി എട്ടോടെ പ്രശ്നം പരിഹരിച്ചു. കണ്ണൂർ ഡിഎഫ്ഒയാണ് റിട്ടേണിങ് ഓഫിസർ. ഡിഎഫ്ഒയുടെ സൗകര്യം പരിഗണിച്ചാണ് റിട്ടേണിങ് ഓഫിസറുടെ കാര്യാലയവും കണ്ണൂരിൽ തന്നെ നിലനിർത്തിയത്. ഇന്നലെ പെട്ടെന്ന് റിട്ടേണിങ് ഓഫിസറുടെ കൗണ്ടർ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് മാറ്റുകയും ബാലറ്റ് ശേഖരണം രാത്രിയിൽ തന്നെ പൂർത്തിയാക്കാൻ നിർദേശം നൽകുകയുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com