ADVERTISEMENT

ഇരിട്ടി ∙ ഉച്ചവെയിൽ തോറ്റുപോയ ആവേശമായിരുന്നു ഇന്നലെ ഇരിട്ടി നഗരത്തിൽ രാഹുൽ ഗാന്ധിയെത്തിയപ്പോൾ. തിങ്ങിക്കൂടിയ ജനക്കൂട്ടം വെയിലിന്റെ ചൂടു തെല്ലുമറിഞ്ഞില്ല. സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുമുണ്ടാക്കിയ തടസ്സം ആവേശം കെടുത്തിയില്ല. ഉച്ചയോടെ തന്നെ പേരാവൂർ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ യുഡിഎഫ് പ്രവർത്തകരും അണികളും ഇരിട്ടി പട്ടണത്തിലേക്ക് എത്തിക്കൊണ്ടിരുന്നു. 

പഴയ സ്റ്റാൻഡ് ജംക്‌ഷനിൽ വാഹനത്തിൽ നിന്നു തന്നെ രാഹുൽ ഗാന്ധി പ്രസംഗിക്കുമെന്ന് നേരത്തെ വിവരം ഉള്ളതിനാൽ ഇരുവശത്തെയും  കെട്ടിടങ്ങളുടെ മുകൾ നിലകളിൽ സ്ത്രീകളും കുട്ടികളുമെല്ലാം സ്ഥാനം പിടിച്ചിരുന്നു. 2.55 ന് ഇരിട്ടി മഹാത്മാ ഗാന്ധി കോളജ് മൈതാനിയിൽ ഇറങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 10 മിനിറ്റ് നേരത്തെ ഹെലികോപ്ടർ ഇറങ്ങി. 

പയഞ്ചേരി മുക്കിൽനിന്നു ബസ് സ്റ്റാൻഡ് ജംക്‌ഷൻ വരെ പ്രവർത്തകർ റാലിയായി രാഹുലിന്റെ വാഹനത്തെ അനുഗമിച്ചു. ജംക്‌ഷ നിൽ വാഹനത്തിനു മുകളിലിരുന്നായിരുന്നു രാഹുലിന്റെ പ്രസംഗം. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും സണ്ണി ജോസഫ് എംഎൽഎയും ഒപ്പം. പ്രസംഗത്തിന്റെ ഓരോ വാചകത്തിനും, അതിനു സണ്ണി ജോസഫ് നൽകിയ പരിഭാഷയ്ക്കും ആളുകൾ കയ്യടിച്ചു.

നിയമസഭയിൽ കർഷകരുടെ ശബ്ദമാകാൻ സണ്ണി ജോസഫിനെ വിജയിപ്പിക്കണമെന്ന രാഹുലിന്റെ അഭ്യർഥന ആരവത്തോടെ പ്രവർത്തകർ ഏറ്റുവാങ്ങി. മണ്ഡലത്തിൽ സണ്ണി ചെയ്ത വികസനം മാത്രം പ്രചാരണ വിഷയമാക്കിയാൽ മതി റെക്കോർഡ് ഭൂരിപക്ഷത്തിനു വിജയിക്കാനെന്നു പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകി കെ.സി.വേണുഗോപാൽ.

ഹെലിപാഡിലേക്കു തിരിച്ചുള്ള യാത്രയിലും പ്രവർത്തകർ ആവേശം ഒട്ടും കുറച്ചില്ല. ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ ഏറെ പണിപ്പെട്ടാണു രാഹുലിനു വഴിയൊരുക്കിയത്. പ്രചാരണ യോഗത്തിൽ നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, റിജിൽ മാക്കുറ്റി, സുദീപ് ജെയിംസ്, കെ.എ.ഫില്പ്, ഇബ്രാഹിം മുണ്ടേരി, വത്സൻ അത്തിക്കൽ, കെ.പി.ഷാജി, തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു. 

ഗാന്ധി കുടുംബത്തിൽ നിന്നെത്തിയ രണ്ടാമൻ

രാജീവ് ഗാന്ധിയാണ് ഇരിട്ടിയുടെ മണ്ണിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ആദ്യ ഗാന്ധി കുടുംബാംഗം. 1987 മാർച്ച് 16 ന് ഹാജി റോഡിലെ മൈതാനിയിലാണ് രാജീവ് ഗാന്ധി എത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com