ADVERTISEMENT

കണ്ണൂർ∙ തലശ്ശേരിയിൽ ബിജെപി വോട്ട് ആർക്കെന്നതിൽ അവസാന നിമിഷത്തിലും വാദപ്രതിവാദവും വിവാദവും. കോൺഗ്രസിനും സിപിഎമ്മിനുമൊഴികെ ആർക്കും വോട്ട് ചെയ്യാമെന്നാണു പ്രവർത്തകരോടു ജില്ലാ നേതൃത്വത്തിന്റെ പരസ്യ ആഹ്വാനം. ഇതു യുഡിഎഫിന് വോട്ട് മറിക്കാനുള്ള മറയാണെന്നാരോപിച്ചു സിപിഎം രംഗത്തെത്തി. വോട്ട് ആർക്കെന്നതിൽ വ്യക്തത വരുത്താതെ കേന്ദ്രമന്ത്രി വി.മുരളീധരൻ തിരുവനന്തപുരത്തു നടത്തിയ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്തു.

മനഃസാക്ഷി വോട്ട് ചെയ്യാനാണു ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനമെന്ന കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴാണ്, സംസ്ഥാന പ്രസിഡന്റ് പറഞ്ഞതാണു പാർട്ടിയുടെ നിലപാടെന്നും ജില്ലാ നേതൃത്വത്തിനു മുകളിലാണു സംസ്ഥാന പ്രസിഡന്റെന്നും മുരളീധരൻ പ്രതികരിച്ചത്. സി.ഒ.ടി.നസീറിനെ പിന്തുണയ്ക്കുന്നുവെന്ന നിലപാടായിരുന്നു കെ.സുരേന്ദ്രൻ നേരത്തേ സ്വീകരിച്ചിരുന്നത്.

മുരളീധരൻ പറഞ്ഞതു ജില്ലാ നേതൃത്വത്തിന് എതിരായി വ്യാഖ്യാനിക്കപ്പെട്ടതോടെ, തലശ്ശേരിയിൽ മനഃസാക്ഷി വോട്ട് ചെയ്യാനാണു തീരുമാനമെന്നു സുരേന്ദ്രൻ കാസർകോട് വ്യക്തമാക്കി. നിലപാടിൽ ആശയക്കുഴപ്പമില്ലെന്നും, നേതാക്കളെല്ലാം പറഞ്ഞത് ഒരേ കാര്യമാണെന്നും ബിജെപി ജില്ലാ നേതൃത്വം വിശദീകരിച്ചു. തലശ്ശേരിയിൽ ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസിന്റെ പത്രിക തള്ളിപ്പോയതായിരുന്നു ഇതുവരെ ബിജെപിക്കുണ്ടായ പ്രതിസന്ധിയെങ്കിൽ, പകരം സി.ഒ.ടി.നസീറിനു നൽകിയ പിന്തുണ അദ്ദേഹം തള്ളിയതോടെ പ്രതിസന്ധി വർധിച്ചു.

നസീർ പിന്തുണ തള്ളിയശേഷവും സി.കെ.പത്മനാഭൻ അടക്കമുള്ള നേതാക്കൾ നസീറിനെത്തന്നെ പിന്തുണയ്ക്കണമെന്ന നിലപാടെടുത്തിരുന്നു. പൂർണമായി മനഃസാക്ഷി വോട്ടിനുള്ള ആഹ്വാനമല്ല നൽകിയിരിക്കുന്നതെന്നും കോൺഗ്രസിനും സിപിഎമ്മിനും വോട്ട് ചെയ്യരുതെന്നു നിർദേശിച്ചിട്ടുണ്ടെന്നും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.വിനോദ്കുമാർ പറഞ്ഞു. മറ്റാർക്ക് ചെയ്യണമെന്നത് വോട്ടർക്കു തീരുമാനിക്കാം. വോട്ട് ചെയ്യാതിരിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അവസാന നിമിഷം ആശയക്കുഴപ്പമുണ്ടാക്കുന്നതു യുഡിഎഫിന് വോട്ട് മറിക്കാനുള്ള അടവായാണു സിപിഎം ആരോപിക്കുന്നത്. എന്നാൽ ഒത്തുകളി സിപിഎമ്മുമായാണെന്നു കോൺഗ്രസ് ആരോപിക്കുന്നു. ആരോപണങ്ങൾ എന്തു തന്നെയായാലും ഇരു കൂട്ടരിൽ ആർക്ക് വോട്ട് വർധിച്ചാലും അതിനുത്തരം പറയേണ്ട ബാധ്യത ബിജെപിക്കു മേൽ വരും. മുന്നണികളുടെ സ്വാഭാവികമായ വോട്ട് വർധന പോലും സംശയനിഴലിലാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com