ADVERTISEMENT

കണ്ണൂർ ∙ തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സ്ഥാനാർഥികളുടെ തിരക്കു കുറഞ്ഞിട്ടില്ല. മുഴുവൻ സമയ രാഷ്ട്രീയക്കാരും അല്ലാത്തവരും ഫലപ്രഖ്യാപനം വരെ സജീവമായി തന്നെ മണ്ഡലത്തിലുണ്ടാകും. പ്രചാരണത്തിന്റെ ഓട്ടപ്പാച്ചിലൊഴിഞ്ഞ ദിവസം സ്ഥാനാർഥികൾ ചെലവഴിച്ചതെങ്ങനെയെന്നു നോക്കാം. 

പയ്യന്നൂർ മണ്ഡലം

എൽഡിഎഫ് സ്ഥാനാർഥി ടി.ഐ.മധുസൂദനൻ മരണ വീടുകളും വിവാഹ വീടുകളും സന്ദർശിച്ചു. മണ്ഡലത്തിലെ പ്രധാന പ്രവർത്തകരുമായി തിരഞ്ഞെടുപ്പു പ്രവർത്തനം വിലയിരുത്തി. ഭൂരിപക്ഷം കഴിഞ്ഞ തവണയിൽ നിന്നു കുറയില്ല.യുഡിഎഫ് സ്ഥാനാർഥി എം.പ്രദീപ് കുമാർ വോട്ടിങ് മെഷീൻ സൂക്ഷിക്കുന്ന മുറി സീൽ ചെയ്യുന്നതു കാണാൻ രാവിലെ തളിപ്പറമ്പിലെ  സർ സയ്യിദ് സ്കൂളിൽ പോയി. തുടർന്നു മരണ വീടുകൾ സന്ദർശിച്ചു. കരിപ്പാലിൽ അക്രമത്തിനു വിധേയമായ കോൺഗ്രസ് ഓഫിസ് സന്ദർശിച്ചു. പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു. നേരിയ ഭൂരിപക്ഷത്തിൽ എങ്കിലും വിജയിക്കുമെന്നാണു സ്ഥാനാർഥി പങ്കുവച്ച പ്രതീക്ഷ.എൻഡിഎ സ്ഥാനാർഥി കെ.കെ.ശ്രീധരൻ ഉച്ചവരെ വക്കീൽ ഓഫിസിൽ ജോലി ചെയ്തു. ഉച്ചയ്ക്കു ശേഷം പ്രധാന പ്രവർത്തകരുമായി ചർച്ച നടത്തി. എൽഡിഎഫ്, യുഡിഎഫ് കേന്ദ്രങ്ങളിൽ അടിയൊഴുക്ക് ഉണ്ടായിട്ടുണ്ടെന്നും അതു ബിജെപിക്കു വോട്ടായി മാറുമെന്നുമാണു സ്ഥാനാർഥിയുടെ പ്രതീക്ഷ.

കല്യാശേരി മണ്ഡലം

എൽഡിഎഫ് സ്ഥാനാർഥി എം.വിജിൻ കുടുംബത്തോടൊപ്പമാണു ചെലവഴിച്ചത്. പ്രചാരണത്തിരക്കിൽ അച്ഛനെ കളിക്കാൻ കിട്ടുന്നില്ലെന്ന മകന്റെ പരിഭവം മിഠായി വാങ്ങിയും കൂടെ കളിച്ചും പരിഹരിച്ചു. പത്രങ്ങളെല്ലാം വിശദമായി വായിച്ചു. കണ്ണൂർ ചാലയിൽ നടന്ന ഒബ്സർവർ, ആർഒ യോഗത്തിൽ പങ്കെടുത്തു. കണ്ണൂർ യൂത്ത് സെന്ററിൽ പോയി. വൈകിട്ട് തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുത്തു. ഭൂരിപക്ഷ പ്രതീക്ഷ 35000 – 40000. യുഡിഎഫ് സ്ഥാനാർഥി കെ.ബ്രിജേഷ്കുമാർ മണ്ഡലത്തിൽ ചിലയിടങ്ങളിൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെട്ടു.

ഉച്ചയ്ക്കു കുടുംബത്തോടൊപ്പം ചെലവഴിച്ചു. ചെറുകുന്നിൽ അക്രമത്തിൽ പരുക്കേറ്റ പ്രവർത്തകരെ സന്ദർശിച്ചു. പഴയങ്ങാടി യുഡിഎഫ് ഓഫിസിൽ ചെലവഴിച്ചു. പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും എന്നാണു പങ്കുവച്ച പ്രതീക്ഷ.എൻഡിഎ സ്ഥാനാർഥി അരുൺ കൈതപ്രം രാവിലെ വീട്ടിൽ കുടുംബത്തോടൊപ്പം കഴിഞ്ഞു. തിരഞ്ഞെടുപ്പു വിശേഷങ്ങൾ വീട്ടിലുള്ള അമ്മമ്മയോടു പങ്കുവച്ചു. പ്രവർത്തകരെയും നേതാക്കളെയും ഫോണിൽ വിളിച്ചു. വൈകിട്ട് ചക്കരക്കല്ല് ടൗണിൽ സുഹൃത്തുക്കളോടൊപ്പം ചെലവഴിച്ചു. 

നന്ദി പറഞ്ഞ് സേനാംഗങ്ങൾ മടങ്ങി...

പ്രശ്നബാധിത ബൂത്തുകളിൽ വോട്ടെടുപ്പു നടത്താൻ എത്തിയ സായുധ പൊലീസ് പയ്യന്നൂർകാരുടെ സ്നേഹത്തിനു നന്ദി പറഞ്ഞു സെൽഫി എടുത്തു മടങ്ങി. മുൻ വർഷങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായ ബൂത്തുകളിലാണ് ബിഎസ്എഫിനെയും കർണാടക പൊലീസിനെയും വിന്യസിച്ചിരുന്നത്. കോറോം ദേവീ സഹായം യുപി സ്കൂളിലെ 4 ബൂത്തുകളിൽ ഒന്നിൽ ഇരു സേനകളിലെയും അംഗങ്ങൾ ഉണ്ടായിരുന്നു. ഇതിൽ ജമ്മു സ്വദേശി പർവീതിന്റെ കൈ സ്റ്റീലിൽ തട്ടി ചെറുതായി മുറിഞ്ഞു. രക്തം ഒലിക്കുന്നതു കണ്ട് എൽഡിഎഫ് ബൂത്ത് ഏജന്റായ എം.കെ.അജേഷ് ഉടൻ തന്നെ സ്കൂളിലെ ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നു മരുന്ന് വച്ചു കെട്ടി. തുടർന്ന് പയ്യന്നൂർ സഹകരണ ആശുപത്രിയിലേക്ക് ആളെ അയച്ച് നഴ്സിനെ വരുത്തി ടിടി എടുക്കുകയും ചെയ്തു. ഇതു കണ്ടപ്പോൾ കേന്ദ്ര സേനയിലെ 2 പേർക്കും അത്ഭുതം.

തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് പല സംസ്ഥാനങ്ങളിലും പോയിരുന്നുവെങ്കിലും ഇത് ആദ്യത്തെ അനുഭവമാണെന്ന് ഇവർ നാട്ടുകാരോട് പറഞ്ഞു. മടങ്ങുമ്പോൾ അജേഷിനെ ഒപ്പം കൂട്ടി സെൽഫി എടുക്കാൻ ഇവർ മറന്നുമില്ല. കവ്വായി സ്കൂളിലെ 111ാം ബൂത്തിൽ വോട്ടെടുപ്പ് സമാധാനപരമായി നടത്താൻ സഹായിച്ച ബൂത്ത് ഏജന്റുമാരെയും കൂട്ടി പ്രിസൈഡിങ് ഓഫിസർ സഹപ്രവർത്തകരുമൊത്ത് സെൽഫി എടുത്താണു യാത്ര പറഞ്ഞത്. ഇവിടെ ഈ ആവശ്യം ഉന്നയിച്ചതും കേന്ദ്ര സേനയിലെ പൊലീസുകാരനായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com