ADVERTISEMENT

പയ്യന്നൂർ ∙ ദേശീയപാതയിൽ വാഹന അപകടം പെരുകുന്നു. കാലിക്കടവ് മുതൽ പരിയാരം മെഡിക്കൽ കോളജ് വരെ ദേശീയപാത വികസന ഭാഗമായി മെക്കാഡം ടാറിങ് നടത്തിയതാണ് അപകടം പെരുകാൻ കാരണമായത്. ദേശീയപാതയിൽ മെക്കാഡം ടാറിങ് നടത്തുമ്പോൾ റോഡ് ഉയരുന്നതിന് സമാന്തരമായി ഇരു ഭാഗങ്ങളും മണ്ണിട്ട് ഉയർത്താറില്ല. ഇത്തവണ 2 ലെയർ മെക്കാഡം ടാറിങ്ങാണ് നടത്തിയത്. ജനുവരി 20ന് ജില്ലാ അതിർത്തിയായ ആണൂരിൽ നിന്ന് തുടങ്ങിയ മെക്കാഡം ടാറിങ് പരിയാരം മെഡിക്കൽ കോളജ് വരെ പൂർത്തിയാക്കിയിട്ടുമില്ല.

ഇപ്പോൾ ടാറിങ് നടന്ന സ്ഥലങ്ങളിൽ റോഡ് പല സ്ഥലങ്ങളിലും 3 അടിയോളം ഉയർന്നു കിടക്കുകയാണ്. ഇരുഭാഗത്തും മണ്ണിട്ട് റോഡും നിലവുമായി യോജിപ്പിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ടാറിങ് നടന്ന ഭാഗത്ത് മണ്ണിടാൻ തയാറായിട്ടില്ല. ദിവസവും വലിയ വാഹനങ്ങൾ റോഡരികിൽ മറിഞ്ഞു വീഴുന്ന അവസ്ഥയാണ്. വലിയ വാഹനങ്ങളുടെ ഒരു ടയർ റോഡിൽ നിന്ന് പുറത്തേക്ക് തെന്നിയാൽ വാഹനം മറിഞ്ഞു വീഴും. കരിവെള്ളൂർ–പെരളം പഞ്ചായത്ത് പരിധിയിൽ അപകടം പെരുകിയപ്പോൾ പഞ്ചായത്ത് തന്നെ മണ്ണ് ശേഖരിച്ചു കൊണ്ടു വന്ന് അപകടാവസ്ഥ ഒഴിവാക്കിയിരിക്കുകയാണ്.

ഇതോടെ പഞ്ചായത്ത് പരിധിയിൽ ഇതുമൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് താൽക്കാലിക പരിഹാരമായിട്ടുണ്ട്. ഇപ്പോൾ പയ്യന്നൂർ നഗരസഭ പരിധിയിലാണ് അപകടം പെരുകുന്നത്. ഒരാഴ്ച മുൻപ് വെള്ളൂർ പാലത്തരയിൽ ടാങ്കർ ലോറി വീട്ടു മുറ്റത്തേക്ക് പാഞ്ഞു കയറുന്ന അവസ്ഥയുണ്ടായി. ഇന്നലെ പുലർച്ചെ വലിയ ലോറിയാണ് വെള്ളൂർ ആലിൻകീഴിനും കണിയേരിക്കും ഇടയിൽ മറിഞ്ഞു വീണത്. അപകടം പെരുകിയതോടെ റോഡിന്റെ അശാസ്ത്രീയത പരിഹരിക്കാൻ നടപടി വേണമെന്ന് പൊലീസ് ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ടാറിങ് നടക്കുന്നതിനൊപ്പം തന്നെ മണ്ണിടാനായിരുന്നു നിർദേശം. എന്നാൽ ഇതുവരെയും അത് നടന്നില്ല. ആവശ്യത്തിന് മണ്ണ് കിട്ടാത്തതാണ് പ്രശ്നമെന്ന് ദേശീയപാത അധികൃതർ പറയുന്നു. കാസർകോട് ജില്ലയിൽ നിന്ന് ആവശ്യമായ മണ്ണ് സംഭരിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും എത്രയും വേഗത്തിൽ പ്രശ്ന പരിഹാരം ഉണ്ടാക്കുമെന്നും ദേശീയപാത അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com