ADVERTISEMENT

പാനൂർ (കണ്ണൂർ) ∙ കൊലക്കേസുകളിൽ പ്രതികളാകുന്ന സിപിഎം പ്രവർത്തകർ ദുരൂഹ സാഹചര്യങ്ങളിൽ മരണമടയുന്നതു പരിശോധിക്കണമെന്ന് യുഡിഎഫ്. പല കേസുകളിലും പ്രതിയായി ചേർക്കുന്ന ഒരാളുടെ മരണത്തോടു കൂടി അന്വേഷണം നിലയ്ക്കുകയാണെന്നും പാനൂരിലെ പ്രതിഷേധ യോഗത്തിൽ യുഡിഎഫ് നേതാക്കൾ ആരോപിച്ചു. മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലക്കേസിലെ രണ്ടാം പ്രതി രതീഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതോടെയാണ് പല നേതാക്കളും പ്രവർത്തകരും ഈ രീതിയിൽ സംശയം പ്രകടിപ്പിച്ചത്. ചില നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെയും ഈ സംശയം പ്രകടിപ്പിച്ചു. 

ലോക്കൽ പൊലീസ് അന്വേഷിക്കും മുൻപ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത് തെളിവു നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു. പാനൂരിൽ നടന്ന യു‍ഡിഎഫ് പ്രതിഷേധ യോഗം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു.

സിപിഎം മനുഷ്യത്വം തൊട്ടുതീണ്ടാത്ത ക്രിമിനൽ സംഘം ആണെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വിമർശിച്ചു. കേസിലെ പ്രതിയുടെ മരണം ഗൗരവമുള്ളതാണെന്നും മുൻപും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുറ്റവാളികൾക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ സർക്കാർ തയാറാകണമെന്നും ഇല്ലെങ്കിൽ യുഡിഎഫ് നിയമപരമായി നീങ്ങുമെന്നും മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 

കൊലപാതകക്കേസിലെ രണ്ടാം പ്രതിയെ കൊന്നതാണോ എന്നു സംശയമുണ്ടെന്നു കെ.സുധാകരൻ എംപിയും പറഞ്ഞു. തെളിവു നശിപ്പിക്കാൻ സിപിഎം ഇത്തരത്തിൽ എന്തും ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു. കൊല്ലപ്പെട്ട മൻസൂറിന്റെ വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് കെ.സുധാകരൻ എംപി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ പ്രതിഷേധ യോഗത്തിനെത്തിയത്.

തൂങ്ങി മരണം: വീണ്ടും ഇൻക്വസ്റ്റ് നടത്തി

മൻസൂർ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതി രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോയിരുന്ന മൃതദേഹം തിരികെ കൊണ്ടു വന്ന് തൂങ്ങി മരിച്ചതായി കണ്ടെത്തിയ സ്ഥലത്തു വച്ച് വീണ്ടും ഇൻക്വസ്റ്റ് നടത്തി. അതിനു ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയത്. 

കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്സിനിൽ നിന്ന് ക്രൈംബ്രാഞ്ച് ഇന്നലെ മൊഴിയെടുത്തു. അക്രമത്തിൽ മുഹ്സിനും പരുക്കേറ്റിരുന്നു. കേസന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് യുഡിഎഫ് പാനൂരിൽ പ്രതിഷേധ സംഗമം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സുധാകരൻ എംപി തുടങ്ങിയവർ പങ്കെടുത്തു.വോട്ടെടുപ്പു ദിവസം രാത്രിയാണ് മൻസൂർ കൊല്ലപ്പെട്ടത്. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം പ്രതി കൂലോത്ത് രതീഷിന്റെ സംസ്കാരം ഇന്നലെ രാത്രി വൈകി നടന്നു. 

മൻസൂർ വധത്തിൽ പ്രതിഷേധിച്ച് ചൊക്ലി, കൊളവല്ലൂർ സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം നടന്ന വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മുസ്‍ലിം ലീഗ് പ്രവർത്തകർക്കെതിരെ 17 കേസുകൾ റജിസ്റ്റർ ചെയ്തു. സിപിഎം ലോക്കൽ, ബ്രാ‍ഞ്ച് കമ്മിറ്റി ഓഫിസുകൾ, പാർട്ടി അനുഭാവികളുടെ കടകൾ എന്നിവ ആക്രമിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com