ADVERTISEMENT

കണ്ണൂർ ∙ മണ്ഡലത്തിൽ കഴിഞ്ഞ 5 വർഷം നടത്തിയ വികസന പ്രവർത്തനങ്ങളും നേട്ടങ്ങളും ഉയർത്തിക്കാട്ടി മത്സരിച്ച രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഇതു നിയമസഭയിൽ തുടർച്ചയായ രണ്ടാം ജയം. കഴിഞ്ഞ തവണയും എതിരാളിയായുണ്ടായ കോൺഗ്രസിലെ സതീശൻ പാച്ചേനിക്ക് ഈ തിരഞ്ഞെടുപ്പിലും അടി പതറി. കുഞ്ഞുകുട്ടികൾ മുതൽ വയോധികർ വരെ ഉള്ളവരിൽ കടന്നപ്പള്ളിക്കുള്ള സ്വീകാര്യത ഈ തിരഞ്ഞെടുപ്പിലും വെളിപ്പെട്ടു. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി, കാനാംപുഴ വികസനം ഉൾപ്പെടെ മന്ത്രിയായിരിക്കെ മണ്ഡലത്തിൽ 1600 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ നടത്തിയത്. 

കുടുംബാംഗം എന്ന നിലയിലുള്ള സ്വീകാര്യതയാണ് കടന്നപ്പള്ളിക്ക് കണ്ണൂർ മണ്ഡലത്തിലെ ജനം നൽകിയത്. പി.വി.കൃഷ്ണ ഗുരുക്കൾ – ടി.കെ.പാർവതി അമ്മ ദമ്പതികളുടെ മകനായി 1944ൽ ജനിച്ച രാമചന്ദ്രൻ കടന്നപ്പള്ളി സ്കൂൾ പഠന കാലത്ത് കെഎസ്​യു കണ്ണൂർ താലൂക്ക് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ കൺവീനർ, കെഎസ്​യു സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 

1971ൽ 26–ാം വയസിൽ കാസർകോട് പാർലമന്റ് മണ്ഡലത്തിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1977ലും ഇവിടെ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 

1989ൽ കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും 1990ൽ സംസ്ഥാന പ്രസിഡന്റുമായി. ഇരിക്കൂറിൽ നിന്നു 1980ലും എടക്കാട് നിന്ന് 2006ലും എംഎൽഎയുമായി.

 2009 – 2011 കാലത്ത് ദേവസ്വം, പ്രിന്റിങ്, സ്റ്റേഷനറി മന്ത്രിയായി. നിലവിൽ തുറമുഖം, മ്യൂസിയം, പുരാരേഖാ പുരാവസ്തു വകുപ്പു മന്ത്രിയാണ്. റിട്ട. അധ്യാപിക ടി.എം.സരസ്വതിയാണു ഭാര്യ. പി.വി.മിഥുൻ മകനും ബിജി മരുമകളുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com