ADVERTISEMENT

കണ്ണൂർ∙ കുടുംബത്തിലും വ്യവസായത്തിലും തനിക്ക് എക്കാലവും താങ്ങും തണലുമായിരുന്ന ഭാര്യ ലീലയെ ആദ്യം കാണുന്നതു സ്കൂൾ വിദ്യാർഥിനിയായിരുന്ന കാലത്താണെന്ന്, ആത്മകഥയായ ‘കൃഷ്ണലീല’യിൽ ക്യാപ്റ്റൻ കൃഷ്ണൻനായർ എഴുതിയിട്ടുണ്ട്. ലീലയുടെ പിതാവ്, പ്രമുഖ കൈത്തറി വ്യവസായിയായിരുന്ന എ.കെ.നായരുമായുള്ള പരിചയം ഒരു ഉടക്കിലൂടെയാണെന്നും കൃഷ്ണൻനായർ എഴുതിയിട്ടുണ്ട്.

ചിറക്കൽ രാജാസിലെ വിദ്യാർഥിനിയായിരുന്ന ലീല അഴീക്കോട്ടെ വീട്ടിൽനിന്നു ചിറക്കലേക്കു നടന്നാണു പോയിരുന്നത്.എപ്പോഴും ഒരു സംഘം കുട്ടികൾ ലീലയ്ക്കൊപ്പമുണ്ടാകും. അവരുടെ ലീഡറായി ലീല മുൻപിൽ നടക്കും. സുഹൃത്ത് ശങ്കുവിന്റെ ആർപ്പാന്തോടുള്ള വീട്ടിലെ നിത്യസന്ദർശകനായിരുന്നു അക്കാലത്തു കൃഷ്ണൻനായർ. ആ വീടിനു മുൻപിൽ നിൽക്കുമ്പോഴാണു ലീലയുടെ സ്കൂളിലേക്കുള്ള വരവും പോക്കും കാണുക.

വ്യവസായി മാത്രമല്ല, അഴീക്കോട് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് കൂടിയായിരുന്നു ലീലയുടെ പിതാവ് എ.കെ.നായർ. സാമൂഹിക പ്രവർത്തകനായിരുന്ന എ.കെ.നായർ, ബ്രഹ്മാനന്ദ ശിവയോഗിയുടെ ശിഷ്യനുമായിരുന്നു. വ്യവസായി ആയിരിക്കുമ്പോഴും തൊഴിലാളി വർഗത്തോടു വലിയ സ്നേഹം കാണിച്ചിരുന്നു. കണ്ണൂരിൽ ചേംബർ ഓഫ് കൊമേഴ്സ് സ്ഥാപിച്ചതും അദ്ദേഹമായിരുന്നു. അങ്ങനെയുള്ള എ.കെ.നായരുടെ മകളെ വിവാഹം ചെയ്തത് മറ്റുള്ളവർക്ക് അസൂയയുണ്ടാക്കുന്ന കാര്യമായിരുന്നെന്നാണു കൃഷ്ണൻ നായർ തന്നെ പറഞ്ഞിട്ടുള്ളത്.

എന്നാൽ എ.കെ.നായരുമായുള്ള പരിചയപ്പെടൽ അത്ര നല്ല സാഹചര്യത്തിലായിരുന്നില്ല. സൈനിക ജീവിതത്തിൽനിന്ന് ഇടവേളയെടുത്ത് കണ്ണൂരിൽ പൊതുവിതരണ വകുപ്പിൽ പ്രൊഡ്യൂസേഴ്സ് കം കൺസ്യൂമേഴ്സ് സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ജോലി നോക്കുകയായിരുന്നു അപ്പോൾ കൃഷ്ണൻനായർ. രാജരാജേശ്വരി മില്ലിന്റെ മുൻപിലുള്ള റേഷൻ കടയിൽ അരിയിൽ ക്രമക്കേട് നടക്കുന്നതായി ഒരു ഊമക്കത്ത് കിട്ടി. റേഷൻകട പ്രവർത്തിക്കുന്നത് എ.െക.നായരുടെ ഉടമസ്ഥതയിലുള്ള പീടികമുറിയിലായിരുന്നു.

കടയിൽ പരിശോധന നടത്തിയപ്പോൾ ഒരു ചാക്ക് അരിയുടെ കുറവ് കണ്ടെത്തി. എന്നാൽ എ.കെ.നായരുടെ ആശ്രിതനായിരുന്നതിനാൽ കടയുടമ പല എതിർപ്പുകളുമുയർത്തി. ഒടുവിൽ ഏറെ പണിപ്പെട്ടാണു നടപടിയെടുത്തത്. എ.കെ.നായർക്ക് ഇതിന്റെ പേരിൽ വിരോധമുണ്ടാകുമെന്നാണു കരുതിയതെങ്കിലും, കൃഷ്ണൻനായരോട് അദ്ദേഹത്തിനു പ്രത്യേക വാൽസല്യം തോന്നാൻ ഈ സംഭവം കാരണമായി.

‘ഐശ്വര്യമായി എത്തിയ പെൺകുട്ടി’

കണ്ണൂർ∙ ‘ഈ പെൺകുട്ടി ജനിച്ചപ്പോൾ ആ വീട്ടിൽ നൂറുമടങ്ങ് അഭിവൃദ്ധിയുണ്ടായി. ഈ കുട്ടിയെ വിവാഹം ചെയ്യുന്നയാൾക്ക് ആയിരം മടങ്ങ് അഭിവൃദ്ധിയുണ്ടാകും’– വിവാഹത്തിനു മുൻപു ജാതകപ്പൊരുത്തം നോക്കാൻ ചെന്നപ്പോൾ ജ്യോത്സ്യന്റെ വാക്കുകൾ ഇങ്ങനെയായിരുന്നെന്ന് ‘കൃഷ്ണലീല’ എന്ന തന്റെ ആത്മകഥയിൽ ക്യാപ്റ്റൻ കൃഷ്ണൻനായർ എഴുതിയിട്ടുണ്ട്.

ലീലയുടെ ജാതകം നോക്കിയാണു ജ്യോത്സ്യൻ ഇതു പറഞ്ഞതെങ്കിൽ, 64 വർഷം നീണ്ട ദാമ്പത്യത്തിലെ അനുഭവത്തിലൂടെ കൃഷ്ണൻനായർ ഭാര്യ ലീലയെക്കുറിച്ചെഴുതിയത് ഇങ്ങനെയാണ്:‘ലീലയാണ് എന്റെ ഭാര്യയെന്നതിൽ ഞാൻ അഭിമാനിക്കുന്നു. ദാമ്പത്യം ഒരു പോറലുമേൽക്കാതെ മുന്നോട്ടുപോവുകയെന്നതു വ്യവസായ ലോകത്ത് അസാധ്യമെന്നു ചിന്തിക്കുന്നവരുണ്ട്. മറിച്ചാണു വസ്തുത.

ഏറ്റവും സുദൃഢമായ കുടുംബബന്ധം നമുക്കു കാണാനാവുക അവിടെയാണ്. മാറുന്ന ലോകത്തെ വ്യക്തമായ കണ്ണിലൂടെ നോക്കിക്കാണാനാണു ലീല എന്നെ പ്രേരിപ്പിച്ചത്. അവർ എനിക്കു ലോകത്തോട് തന്റേടത്തോടെ പ്രതികരിക്കാനുള്ള ബലം തന്നു. ഞാൻ തളരുന്ന ഘട്ടങ്ങളിലൊക്കെ ലീലയുടെ സാന്നിധ്യവും വാക്കുകളും എനിക്കു നിവർന്നു നിൽക്കാനുള്ള സിദ്ധൗഷധമായി. സ്നേഹം ഒരു മനോഭാവം മാത്രമല്ല. അത് ഉത്തേജിപ്പിക്കുന്ന, മുന്നോട്ടുകൊണ്ടുപോകുന്ന ഔഷധവീര്യമുള്ള ഒരു മരുന്നുകൂടിയാണ്’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com