ADVERTISEMENT

കോവിഡും തുടർന്നെത്തിയ ലോക്ഡൗണുകളും യാത്രകളും ട്രെയിൻ സർവീസുകളും പരിമിതപ്പെടുത്തിയതോടെ റെയിൽവേയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പല പദ്ധതികളെക്കുറിച്ചുള്ള ചർച്ചകളും നിലച്ചു. വർഷങ്ങളായുള്ള നിരന്തര ആവശ്യങ്ങൾക്കൊടുവിൽ നടപ്പാകുമെന്നു കരുതിയ പല പദ്ധതികളും നീളുന്നത് കോവിഡ് സാഹചര്യം മാറി യാത്രകൾ സജീവമാകുന്നതോടെ യാത്രക്കാരെ വല്ലാതെ വലയ്ക്കുമെന്നുറപ്പ്.

മംഗളൂരുവെത്താതെ മെമു

പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയാകുമ്പോൾ മെമു അനുവദിക്കാമെന്നായിരുന്നു വാഗ്ദാനം. കണ്ണൂരു വരെ മെമു എത്തിയെങ്കിലും മംഗളൂരു ഭാഗത്തേക്കു കൂടി ഇടയ്ക്കിടെ മെമു സർവീസ് ആരംഭിച്ചാലേ ഈ റൂട്ടിലെ യാത്രാക്ലേശത്തിനു പരിഹാരമാകൂ. കണ്ണൂരിനും കാസർകോടിനും ഇടയിൽ ട്രെയിനിനായി മൂന്നും നാലും മണിക്കൂറുകൾ കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

ട്രയാങ്കുലർ സ്റ്റേഷൻ

ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനെ ട്രയാങ്കുലർ സ്‌റ്റേഷനാക്കിയാൽ മംഗളൂരു ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തു നിന്നും തിരുവനന്തപുരത്തുനിന്നുമുള്ള ട്രെയിനുകൾ സുഗമമായി കടന്നുപോകാൻ കഴിയും. ഇരുപതിലേറെ ട്രെയിനുകൾ ഷൊർണൂർ ഒഴിവാക്കിയാണു കടന്നുപോകുന്നുണ്ട്. ട്രയാങ്കുലർ സ്റ്റേഷൻ സജ്ജമായാൽ ഈ ട്രെയിനുകൾ മലബാറുകാർക്കുകൂടി പ്രയോജനപ്പെടും.

കേട്ടില്ല, നീട്ടാനുള്ള ആവശ്യം

പുതിയ ട്രെയിൻ അനുവദിക്കാത്ത സാഹചര്യത്തിൽ ചില ട്രെയിനുകൾ നീട്ടി യാത്രക്കാരെ സഹായിക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കം. യശ്വന്ത്പുര–മംഗളൂരു ഗോമടേശ്വര എക്സ്പ്രസ്, ലോകമാന്യതിലക്–മംഗളൂരു മത്സ്യഗന്ധ എക്സ്പ്രസ്, ആലപ്പുഴ–കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ്, തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് എന്നിങ്ങനെ നീട്ടാനുള്ള പട്ടികയുമായി വിവിധ സംഘടനകളും ജനപ്രതിനിധികളും പലവട്ടം റെയിൽവേയെ സമീപിച്ചതാണ്.

ഓട്ടമാറ്റിക് സിഗ്നലിങ് സിസ്റ്റം

നിലവിലെ ട്രാക്കിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കണമെങ്കിൽ ഓട്ടമാറ്റിക് സിഗ്നലിങ് സംവിധാനം (എഎസ‌്എസ‌്)‌ ഏർപ്പെടുത്തേണ്ടതുണ്ട്. പുതിയ ട്രെയിനുകൾ അനുവദിക്കണമെങ്കിലും ആഴ്ചയിൽ ഒന്നും രണ്ടും ദിവസമെല്ലാം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ പ്രതിദിനമാക്കണമെങ്കിലും എഎസ‌്എസ‌് ഏർപ്പെടുത്തിയേ തീരൂ.

മൈസൂരു –തലശ്ശേരി പാത

വനമേഖലയിലൂടെ കടന്നുപോകുന്നതിനാൽ അനുമതി നൽകാൻ കഴിയില്ലെന്നതായിരുന്നു മൈസൂരു–തലശ്ശേരി പാതയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് റെയിൽവേ പതിവായി നൽകുന്ന മറുപടി. വനമേഖല ഒഴിവാക്കി വയനാട് വഴി കബനി നദിക്കു താഴെ ടണൽ വഴിയുള്ള പുതിയ പാതയുടെ നിർദേശം സമർപ്പിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി ഇന്നും കടലാസിൽത്തന്നെ.

കണ്ണൂരിൽ നാലാം പ്ലാറ്റ്ഫോം

റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിന്റെ പ്രവൃത്തി കരാർ നൽകിയിട്ടു വർഷം മൂന്നു കഴിഞ്ഞു. നാലാം പ്ലാറ്റ്ഫോം നിർമിക്കേണ്ട സ്ഥലത്തു നിലവിലുള്ള ഭാരത് പെട്രോളിയത്തിന്റെ പൈപ്പ് ലൈനുകൾ നീക്കാത്തതാണ് കരാർ നൽകിയിട്ടും പ്രവൃത്തി തുടങ്ങാൻ കഴിയാത്തതിനു കാരണം. തടസ്സം നീക്കാൻ അന്നത്തെ എംപി പി.കെ.ശ്രീമതി റെയിൽവേ മന്ത്രിയെയും ബോർഡ് ചെയർമാനെയും ബിപിസിഎലിന്റെ ഉന്നത ഉദ്യോഗസ്ഥരെയും കണ്ട് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ കണ്ടങ്കാളിയിൽ പെട്രോളിയം സംഭരണശാല വരുന്നതിന്റെ പേരുപറഞ്ഞ് പ്രവൃത്തി വൈകിപ്പിക്കുകയായിരുന്നു. കണ്ടങ്കാളിയിലെ പദ്ധതി ഉപേക്ഷിച്ചിട്ടും കണ്ണൂരിലെ പെട്രോളിയം പൈപ്പ് ലൈൻ മാറ്റുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

റെയിൽവേ ജീവനക്കാർക്കായി മംഗളൂരു ഭാഗത്തേക്ക് നിലവിൽ മെമു ഓടിക്കുന്നുണ്ട്. കോവിഡ് സാഹചര്യം മാറുമ്പോൾ കൂടുതൽ സർവീസുകൾ നടത്തണം. ബിപിസിഎലിന്റെ പൈപ്പ് ലൈനുകൾ അടിയന്തരമായി മാറ്റി കണ്ണൂരിലെ നാലാം പ്ലാറ്റ്ഫോം നിർമാണം ഉടൻ ‍തുടങ്ങുകയും വേണം.
റഷീദ് കവ്വായി, ചെയർമാൻ, നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ–ഓർഡിനേഷൻ കമ്മിറ്റി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com