ADVERTISEMENT

കണ്ണൂർ ∙ കൊങ്കൺ പാതയിലെ മണ്ണിടിച്ചിൽ ഉത്തര മലബാറിൽ ട്രെയിൻ ഗതാഗതം താറുമാറാക്കി. ദീർഘദൂര ട്രെയിനുകളിൽ മിക്കതും പാലക്കാട് വഴി തിരിച്ചുവിട്ടതും അല്ലാത്തവ അനിശ്ചിതമായി വൈകിയതും യാത്രക്കാരെ വലച്ചു. റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് പലരും ട്രെയിൻ വഴിതിരിച്ചുവിട്ട വിവരം അറിഞ്ഞത്. ഷൊർണൂരിലെത്താനുള്ള ട്രെയിനോ മറ്റേതെങ്കിലും വാഹനത്തിൽ അവിടെ എത്താനുള്ള സമയമോ ഇല്ലാത്ത സ്ഥിതിയിൽ യാത്ര റദ്ദാക്കേണ്ടി വന്നു. 

വൈകിയോടുമെന്ന് അറിയിച്ചതിനാൽ മണിക്കൂറുകളോളം സ്റ്റേഷനിൽ കാത്തു നിന്ന ശേഷം ട്രെയിൻ വഴിതിരിച്ചുവിട്ട വിവരം അറിഞ്ഞ് പ്രകോപിതരായ ചില യാത്രക്കാർ സ്റ്റേഷനിൽ ബഹളംവച്ചു. റെയിൽവേയുടെ മൊബൈൽ ആപ്പുകളിൽ ട്രെയിനുകളുടെ സമയമാറ്റമോ റദ്ദാക്കിയ വിവരമോ വഴിതിരിച്ചുവിട്ടതായുള്ള അറിയിപ്പോ കൃത്യമായി ലഭ്യമായില്ലെന്നും യാത്രക്കാർ പറയുന്നു. 

അടുത്ത ദിവസങ്ങളിലൊന്നും ഈ റൂട്ടുകളിലെ യാത്രയ്ക്ക് റിസർവേഷൻ ലഭ്യമല്ലാത്തതും യാത്രക്കാരെ പ്രകോപിതരാക്കി.മംഗള –നിസാമുദ്ദീൻ എക്സ്പ്രസ്, ഓഖ എക്സ്പ്രസ്, തിരുവനന്തപുരം – നിസാമുദ്ദീൻ എക്സ്പ്രസ്, കോയമ്പത്തൂർ – ഹിസാർ എക്സ്പ്രസ്, കൊച്ചുവേളി – ഛണ്ഡിഗഡ് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് പാലക്കാട് വഴി തിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസവും മംഗള–നിസാമുദ്ദീൻ എക്സ്പ്രസ് വഴിതിരിച്ചു വിട്ടിരുന്നു. ഒരു ട്രാക്കിലെ മണ്ണു നീക്കിയതിനെത്തുടർന്നു കുർള എക്സ്പ്രസ് മണിക്കൂറുകൾ വൈകി കൊങ്കൺ വഴി കടന്നുപോയി. 

ഇന്നത്തെ കൊച്ചുവേളി – ലോകമാന്യതിലക് ഗരീബ്‌രഥ് എക്സ്പ്രസ്, തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് എന്നീ ട്രെയിനുകൾ റദ്ദാക്കി. ട്രെയിൻ വഴിതിരിച്ചുവിടലും റദ്ദാക്കലും കാരണം യാത്ര ചെയ്യാൻ കഴിയാതിരുന്നവർക്ക് ടിക്കറ്റ് നിരക്ക് തിരികെ നൽകുമെന്നു റെയിൽവേ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com