ADVERTISEMENT

കണ്ണൂർ∙ കോതമംഗലത്ത് ഡെന്റൽ കോളജ് വിദ്യാർഥിനി മാനസയെ വെടിവച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത രഖിൽ ബാഡ്മിന്റൻ (ഷട്ടിൽ) കളിക്കാരനായിരുന്നു. ജില്ലാ ബാഡ്മിന്റൻ അസോസിയേഷന്റെ ഔദ്യോഗിക കളിക്കാരൻ ആയിരുന്നില്ലെങ്കിലും പ്രാദേശിക ടൂർണമെന്റുകളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ബാഡ്മിന്റൻ കളിയുമായി ബന്ധപ്പെട്ട ആളുകളുമായുള്ള സൗഹൃദമായിരുന്നു രഖിലിന് പ്രധാനമായും ഉണ്ടായിരുന്നതെന്നു സുഹൃത്തുക്കൾ പറയുന്നു. മറ്റു സാമൂഹിക ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അടുത്ത കൂട്ടുകാർക്ക് ഇടയിൽ പോലും  വ്യക്തിപരമായ കാര്യങ്ങൾ പങ്കുവച്ചിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നത്. പള്ളിയാംമൂല, കക്കാട്, മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം രഖിൽ കളിക്കുമായിരുന്നു. അവിടെയെല്ലാം കൂട്ടുകാരുണ്ടെങ്കിലും അവരോടൊന്നും കളിയിൽ കവിഞ്ഞുള്ള കാര്യങ്ങൾ പങ്കുവച്ചിരുന്നില്ല. അതുകൊണ്ടു തന്നെ രഖിലിന്റെ പ്രണയമോ പ്രണയ നൈരാശ്യമോ ഒന്നും സുഹൃത്തുക്കൾ അറിയിഞ്ഞിരുന്നില്ല. കൊലപാതകവും ആത്മഹത്യയും പരിചയക്കാർ ഞെട്ടലോടെയാണ് കേട്ടത്

കഴിഞ്ഞ 8 മാസമായി കളിക്കളത്തിലൊന്നും രഖിൽ ഉണ്ടായിരുന്നില്ല. രഖിലിന് ഒരു പെൺ‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു എന്നതു മാത്രമേ കൂട്ടുകാർക്കും അറിയുമായിരുന്നുള്ളൂ. ആ ബന്ധം തകർന്നതോ  പക രൂപപ്പെട്ടതോ ഒന്നും സുഹൃത്തുക്കൾക്ക് അറിയുമായിരുന്നില്ല. നിസ്സാര കാര്യങ്ങളുടെ പേരിൽ സുഹൃത്തുക്കളുമായി വഴക്കുണ്ടാക്കി പിരിയുന്ന സ്വഭാവവും രഖിലിന് ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. സാമ്പത്തികമായി എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി തോന്നിയിട്ടില്ല. കാറിലാണ് മുണ്ടയാട് കളിക്കാൻ പോയിക്കൊണ്ടിരുന്നത്. ഇന്റീരിയർ ഡിസൈനിങ് മേഖലയിൽ ജോലി ചെയ്യുകയാണെന്ന വിവരമേ സുഹൃത്തുക്കൾക്ക് ഉള്ളൂ. കണ്ണൂരിൽ ഒരു സുഹൃത്തുമായി ചേർന്നാണ് ഇന്റീരിയർ ജോലി ചെയ്തിരുന്നത്.

മാനസയുടെയും രഖിലിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി

വെടിയേറ്റു മരിച്ച ഡോ. പി.വി. മാനസയുടെയും കൊലപാതകത്തിനു ശേഷം സ്വയം നിറയൊഴിച്ചു മരിച്ച രഖിൽ‍ പി. രഘൂത്തമന്റെയും മൃതദേഹങ്ങൾ ഇന്നലെ ഉച്ചയോടെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത്. മൃതദേഹം സൂക്ഷിച്ചിരുന്ന കോതമംഗലം മാർ ബസേലിയോസ് ആശുപത്രി മോർച്ചറിയിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ.

എറണാകുളം ഗവ.മെഡിക്കൽ കോളജിൽ മൂന്നരയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ ഒരുമിച്ചു പോസ്റ്റുമോർട്ടം ചെയ്തു തുടങ്ങിയത്. 6.45 നു പൂർത്തിയാക്കി. രാസപരിശോധനയ്ക്കുള്ള ശരീരകലകളുടെ സാംപിളുകൾ ശേഖരിച്ചു‌. രാത്രി എട്ടുമണിയോടെ ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com