ADVERTISEMENT

കണ്ണൂർ ∙ ആർടി ഓഫിസിൽ അതിക്രമം കാണിച്ചതിന് അറസ്റ്റിലായ ഇ ബുൾജെറ്റ് വ്ലോഗർ സഹോദരങ്ങളായ ഇരിട്ടി കിളിയന്തറ വിളമന നെച്ചിയാട്ട് എബിനും ലിബിനും യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്ത മുഴുവൻ വിഡിയോകളും പരിശോധിക്കുമെന്നു പൊലീസ്. നീക്കം ചെയ്യുന്നതു തടയാനായി, വിഡിയോകൾ തൽക്കാലം ‘ഫ്രീസ്’ ചെയ്യാൻ യൂ ട്യൂബിനോടു സിറ്റി പൊലീസ് ആവശ്യപ്പെട്ടു. ഇവരുടെ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുന്നതിനായി നോട്ടിസ് നൽകുമെന്നു മോട്ടർവാഹന വകുപ്പ് അറിയിച്ചു. വാഹനം നിയമവിരുദ്ധമായി മോഡിഫൈ ചെയ്തതിന് മോട്ടർ വാഹന വകുപ്പ് ഇവരുടെ വാഹനം കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു. അതേസമയം, ഇവർക്ക് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു.

ഇ ബുൾജെറ്റ് യൂട്യൂബ് ചാനലിലെ വിഡിയോകളിൽ ചിലതു നിയമലംഘനത്തിനു വഴിവയ്ക്കുന്നതാണെന്നു കണ്ടെത്തിയതിനാലാണു പരിശോധിക്കാൻ തീരുമാനിച്ചതെന്നു സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു. ഉദ്യോഗസ്ഥരെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തൽ, മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സർക്കാർ ഓഫിസിലെ മുതലുകൾക്കു നാശനഷ്ടം വരുത്തൽ, അനുയായികളെ വിളിച്ച് വരുത്തി കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങൾ ആരോപിച്ചാണു സഹോദരങ്ങളെ തിങ്കളാഴ്ച ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. 

എല്ലാ ബുധനാഴ്ചകളിലും രാവിലെ 11നും ഉച്ചയ്ക്ക് 2നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകുന്നതും 3500 രൂപ വീതം കോടതിയിൽ അടയ്ക്കുന്നതുമടക്കമുള്ള വ്യവസ്ഥകളോടെയാണു ജാമ്യം. കോവിഡ് മാനദണ്ഡം ലംഘിച്ചതിനും കലാപം ഉണ്ടാക്കാൻ ആസൂത്രണം ചെയ്തതിനും ഇവരുടെ ആരാധകരായ 17 പേർക്ക് എതിരേയും കേസെടുത്തിട്ടുണ്ട്. ഇ ബുൾജെറ്റിന്റെ വിഡിയോകൾ പരിശോധിച്ച ശേഷം അവ പൂർണമായി നീക്കം ചെയ്യുന്നതു സംബന്ധിച്ചു യൂട്യൂബിനു റിപ്പോർട്ട് നൽകുമെന്നു സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. ഇവരുടെ ആരാധകരുടെ സോഷ്യൽ മീഡിയ ഇടപെടലുകളും പരിശോധിക്കുന്നുണ്ട്. നിയമലംഘനത്തിന് ആഹ്വാനം ചെയ്തവർക്കെതിരെ നടപടിയെടുക്കും.

ഇ ബുൾജെറ്റ് സഹോദരങ്ങൾ ഇതേ വാഹനത്തിൽ കേരളത്തിനു പുറത്ത് അമിതവേഗത്തിൽ യാത്ര ചെയ്തതും ആംബുലൻസിന്റേതിനു സമാനമായ സൈറൺ ഉപയോഗിച്ചതും ടോൾ നൽകാതെ പോയതും പത്രപ്രവർത്തകരാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ പ്രസ് സ്റ്റിക്കർ ഉപയോഗിച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന്റെ വിഡിയോ പരിശോധിച്ചു വരികയാണ്. ഇതെല്ലാം പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വാൻ ഇപ്പോഴും മോട്ടർ വാഹനവകുപ്പിന്റെ കസ്റ്റഡിയിലാണ്. പിഴ അടച്ച്, വാഹനം പഴയപടിയാക്കിയ ശേഷമേ വിട്ടുകൊടുക്കൂ എന്നു മോട്ടർ വാഹനവകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com