ADVERTISEMENT

കണ്ണൂർ∙ ദീപാവലി സിനിമ പ്രതീക്ഷയിൽ ജില്ലയിലെ തിയറ്ററുകൾ. ഇന്ന് മുതൽ കൂടുതൽ ചിത്രങ്ങൾ ദീപാവലി പ്രമാണിച്ച് എത്തുന്നതോടെ തിയറ്ററുകൾ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര മേഖല. രജനീകാന്തിന്റെ അണ്ണാത്തെയാണ് ഇന്നിറങ്ങുന്ന പ്രധാന ചിത്രം. തമിഴ് ആസ്വാദകർ ഒന്നടങ്കം തിയറ്ററുകളിൽ ആവേശം തീർക്കാനെത്തുമെന്നാണ് തിയറ്റർ ഉടമകളുടെ പ്രതീക്ഷ. വിശാൽ നായകനായ എനിമിയും തിയറ്ററുകളിൽ എത്തുന്നുണ്ട്. ഇതിനു പുറമേ ഹിന്ദി താരം അക്ഷയ് കുമാറിന്റെ സൂര്യവൻശിയും ദീപാവലിയോടനുബന്ധിച്ച് വരും ദിവസങ്ങളിൽ തിയറ്ററുകളിൽ എത്തുന്നുണ്ട്. തിയറ്ററുകളിൽ ആരവവും ആവേശവും പഴയതു പോലെ തിരിച്ചുകൊണ്ടു വരാനാകുമെന്നാണ് വിലയിരുത്തൽ.

ആളൊഴിഞ്ഞ നാളുകൾ

രണ്ടാം ലോക്ഡൗണിനെ തുടർന്ന് 6 മാസം അടച്ചിട്ട തീയറ്റുകൾ 10 ദിവസം മുൻപാണ് തുറന്നത്. മിക്കയിടത്തും പ്രേക്ഷകർ പേരിനു മാത്രം. സാമ്പത്തിക നഷ്ടം സഹിച്ച് തിയറ്റർ തുറന്ന ഉടമകൾക്ക് ഇതു തിരിച്ചടിയായി. തിയറ്ററുകൾക്ക് 50 ശതമാനം സീറ്റിൽ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയത് ഒക്ടോബർ 25 മുതലാണ്. തിയറ്ററുകളിൽ സ്റ്റാർ, കാബിൻ, നോ ടൈം ടു ഡൈ, വെനം 2, ഷാങ് ചി ആൻഡ് ദി ലജൻഡ് ഓഫ് ദ് ടെൻ റിങ്സ് എന്നിവയാണ് ഇതുവരെ പ്രദർശനത്തിനെത്തിയ ചിത്രങ്ങൾ. ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും. കുടുംബ ചിത്രങ്ങളാണ് തിയറ്ററുകളെ സജീവമാക്കുന്നതെങ്കിലും ഇത്തരം ചിത്രങ്ങൾ റിലീസിനെത്തിയിട്ടില്ല. സാമ്പത്തിക നഷ്ടം സഹിച്ച് തട്ടിക്കൂട്ട് മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ട എന്ന അഭിപ്രായം തിയറ്റർ ഉടമകൾക്കുണ്ട്.

കോവിഡിനെ തുടർന്നു പ്രതിസന്ധിയിലായ സിനിമയുടെ നഷ്ടപ്പെട്ട കുളിർമ തിരിച്ചുപിടിക്കാനാകും. പ്രതിസന്ധി തരണം ചെയ്തു പഴയ കാലത്തെ പോലെ പ്രേക്ഷകർ തിയറ്ററിൽ തിരിച്ചെത്തും എന്നാണു വിശ്വാസം. സജയ് ആലക്കണ്ടി, സഹിന സിനിമാസ് ഉടമ, മട്ടന്നൂർ

കടുത്ത സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചാണ് തിയറ്ററുകൾ തുറന്നത്. ദീപാവലി ചിത്രങ്ങളോടെ തിയറ്ററുകൾ സജീവമാകും. കഥാമൂല്യമുള്ള ചിത്രങ്ങൾ തിയറ്ററുകളിൽ എത്തിക്കാൻ ശ്രമിക്കും. ലിബർട്ടി ബഷീർ, ഉപദേശക സമിതി അംഗം, കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ

കോവിഡ് പ്രതിരോധ മാർഗ നിർദേശത്തോടെ 50 ശതമാനം സീറ്റിങ്ങിൽ തിയറ്റർ തുറന്നെങ്കിലും ഇതിന്റെ പകുതി പോലും കാണികൾ ഇല്ലാത്ത സ്ഥിതിയാണ്. വലിയ സാമ്പത്തിക ചെലവിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കാണികളില്ലാതായതോടെ നിത്യച്ചെലവ് പോലും താങ്ങാനാകാത്ത സ്ഥിതിയാണ്. കെ.മിറേഷ്, പ്രൊപ്രൈറ്റർ, കവിത തിയറ്റർ, കണ്ണൂർ

കടമ്പ കടന്ന്

കോവിഡിനെ തുടർന്നു പ്രദർശനം നിർത്തിയതോടെ വലിയ സാമ്പത്തിക കടമ്പയാണു തിയറ്റർ നടത്തിപ്പുകാർക്കുണ്ടായത്. അടച്ചിട്ട കാലത്തും വൈദ്യുത ബിൽ അടയ്ക്കേണ്ടി വന്നതു നടത്തിപ്പുകാരെ കൂടുതൽ പ്രതിസന്ധിയിലാക്കി. പല തിയറ്ററുകളുടെയും സൗണ്ട് സിസ്റ്റം തകരാറിലായി. ഇത് നന്നാക്കിയത് തന്നെ വൻ തുക ചെലവിട്ടാണ്. കെട്ടിടം, ഇരിപ്പിടം, യന്ത്രം എന്നിവയുടെ അറ്റകുറ്റപ്പണിക്കും വൻതുക ചെലവായി. നിലവിലെ സ്ഥിതിയിൽ ചെലവ് പോലും താങ്ങാനാകാത്ത സ്ഥിതിയാണെന്നു തിയറ്റർ ഉടമകൾ പറയുന്നു. യന്ത്രങ്ങളുടെ പ്രവർത്തന ക്ഷമതയിലും പ്രയാസമുണ്ട്. പ്രദർശനത്തിനിടെ ഇടയ്ക്ക് തടസ്സമുണ്ടാകുന്ന സ്ഥിതിയുണ്ട്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com