ADVERTISEMENT

കണ്ണൂർ ∙ സർക്കാർ പണം നൽകുന്നില്ല, ആശുപത്രികളിൽ നിന്നുള്ള ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കുന്നത് കുത്തനെ കുറച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). പാലക്കാട്ടുള്ള ഐഎംഎയുടെ ഇമേജ് പ്ലാന്റിൽ എത്തിച്ചാണ് ആശുപത്രി മാലിന്യം സംസ്കരിക്കുന്നത്. 2.6 കോടി രൂപയാണ് സർക്കാർ ആശുപത്രികളിൽ നിന്നു ലഭിക്കാനുള്ളതെന്ന് ഇമേജ് പ്രതിനിധി പറഞ്ഞു. സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്നു 14 മാസമായി തുക ലഭിച്ചിട്ടില്ല.

കോവിഡ് മാലിന്യ നീക്കത്തിന് ജില്ലാ ആശുപത്രികളിൽ നിന്ന് ഏപ്രിൽ മുതലുള്ള തുകയും ലഭിക്കാനുണ്ട്. മാസങ്ങളായി നിരന്തരം കത്തുകൾ നൽകിയിട്ടും സർക്കാരിൽ നിന്നു പ്രതികരണമില്ലാതായതോടെ 15 മുതലാണ് മാലിന്യ ശേഖരണം പരിമിതപ്പെടുത്തിയത്. ഇതോടെ സർക്കാർ ആശുപത്രികളിൽ ബയോമെഡിക്കൽ മാലിന്യം കുന്നുകൂടുന്ന സ്ഥിതിയാണ്. മാലിന്യം ശേഖരിക്കാനായി ഐഎംഎ ഏർപ്പെടുത്തിയ വാഹനങ്ങളുടെ ബിൽ കൊടുക്കുന്നതും പ്രതിസന്ധിയിലാണ്.

ഈ സ്ഥിതിയിൽ ഇനിയും മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഇമേജ് പ്രതിനിധി പറഞ്ഞു. പ്രത്യേകം വാഹനങ്ങൾ ഉപയോഗിക്കുന്നതിനാൽ ഇരട്ടിയിലേറെ ചെലവാണ് കോവിഡ് കാലഘട്ടത്തിൽ വന്നത്. കോവിഡുമായി ബന്ധപ്പെട്ടു മാത്രം 8900 ടൺ ബയോമെഡിക്കൽ മാലിന്യം ഇമേജ് ശേഖരിച്ച് സംസ്കരിച്ചു കഴിഞ്ഞു. പ്രതിദിനം 54നും 58നും ഇടയിൽ ടൺ മാലിന്യമാണ് ഐഎംഎ ഇമേജ് സംസ്ഥാനത്തെ ആശുപത്രികളിൽ നിന്നു ശേഖരിക്കുന്നത്. കോവിഡ് മൂർധന്യാവസ്ഥയിൽ എത്തിയപ്പോൾ ഇത് 62 ടൺ വരെയായിരുന്നു.

പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ബയോ മെഡിക്കൽ മാലിന്യം കൂട്ടിയിട്ട ഭാഗത്ത് എത്തിയ തെരുവ് നായ്ക്കൾ.
പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ബയോ മെഡിക്കൽ മാലിന്യം കൂട്ടിയിട്ട ഭാഗത്ത് എത്തിയ തെരുവ് നായ്ക്കൾ.

പരിയാരത്ത് നായ്ക്കൾ കടിച്ചുവലിച്ച് ചോരപുരണ്ട ആശുപത്രി മാലിന്യം

കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്റെ വരാന്തയിൽ കൂട്ടിയിട്ടിരുന്ന ചോരപുരണ്ട ബയോമെഡിക്കൽ മാലിന്യം തെരുവുനായ്ക്കൾ പരിസരത്തെല്ലാം കടിച്ചു കീറിയിട്ടു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. തെരുവുനായ്ക്കൾ കൂട്ടത്തോടെ ആശുപത്രി പരിസരത്ത് എത്തിയത് രോഗികളെയും കൂട്ടിരിപ്പുകാരെയും ആശുപത്രി ജീവനക്കാരെയും ഏറെ നേരം പരിഭ്രാന്തിയിലാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com