സാങ്കേതിക സുരക്ഷയില്ലാതെ ജില്ലയിലെ ട്രഷറികളും

kannur-no-tecnical-secure
SHARE

കണ്ണൂർ∙ ഓൺലൈൻ പണമിടപാടിൽ തട്ടിപ്പുകൾ വർധിക്കുമ്പോഴും സാങ്കേതിക സുരക്ഷയില്ലാതെ ജില്ലയിലെ ട്രഷറികൾ. സാമൂഹികസുരക്ഷാ പദ്ധതി ഗുണഭോക്തൃ വിഹിതം സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റി കണ്ണൂർ ജില്ലാ ട്രഷറിയിൽ തട്ടിപ്പു നടത്തിയത് ഈമാസമാദ്യം കണ്ടെത്തിയിരുന്നു. ഇയാളെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ വിജിലൻസ് നടത്തിയ പരിശോധനയിൽ മറ്റു പല അക്കൗണ്ടുകളിൽ നിന്നും സമാനരീതിയിൽ തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 

2.5 ലക്ഷത്തോളം രൂപ തട്ടിപ്പു നടത്തിയതായാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. തുക ഇനിയും കൂടാമെന്നാണു വിജിലൻസ് നൽകുന്ന സൂചന. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുക്കുകയും തട്ടിപ്പു നടത്തിയ സീനിയർ അക്കൗണ്ടന്റും സാങ്കേതിക വിഭാഗത്തിന്റെ ജില്ലാ കോഓർഡിനേറ്ററുമായ നിതിൻ രാജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഓൺലൈൻ പണമിടപാടുകളുടെ ജില്ലാതല ചുമതലയായിരുന്നു നിതിൻ രാജിനുണ്ടായിരുന്നത്. ഓരോ സബ് ട്രഷറികളിലും സമാനരീതിയിൽ ഒരാൾക്കു ചുമതലയുണ്ടാകും. 

തകരാർ കരുവാക്കി തട്ടിപ്പിന്റെ  പുതിയ മുഖം

ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പറോ ഐഎഫ്എസ് കോഡോ തെറ്റിയാൽ, സഹായധനം തിരികെ ട്രഷറിയുടെ അക്കൗണ്ടിൽ തന്നെയെത്തും. നെറ്റ്‌വർക്ക് തകരാർ, സോഫ്റ്റ്‌വെയർ പ്രശ്നം എന്നിവ കാരണവും ഇതുസംഭവിക്കാം. ഇങ്ങനെ തിരിച്ചു വരുന്ന തുകകൾ, മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിക്കൊടുക്കാൻ ട്രഷറി സോഫ്റ്റ്‌വെയറിൽ സൗകര്യമുണ്ട്. ഇതു ദുരുപയോഗം ചെയ്താണു സ്വന്തം അക്കൗണ്ടിലേക്കു നിതിൻരാജ് തുക മാറ്റിയത്. ഗുണഭോക്താക്കൾ കൃത്യമായി പരാതിപ്പെട്ടില്ലെങ്കിൽ ഇത്തരം തട്ടിപ്പുകൾ കണ്ടെത്താൻ കഴിയില്ല. 

സമാനരീതിയിൽ സംസ്ഥാനത്തെ ജില്ലാ, സബ് ട്രഷറികളിൽ തട്ടിപ്പു നടന്നിരിക്കാമെന്നും പരാതികളില്ലാത്തതിനാലാണു പലതും പുറത്തു വരാത്തതെന്നും ജീവനക്കാർ തന്നെ പറയുന്നു. തിരുവനന്തപുരം കാട്ടാക്കട ജില്ലാ ട്രഷറിയിൽ എസ്ബി അക്കൗണ്ടുകളിലെ പലിശ, സ്വന്തം അക്കൗണ്ടിലേക്കു മാറ്റി 3 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയിരുന്നു. തിരുവനന്തപുരം വഞ്ചിയൂർ സബ് ട്രഷറിയിൽ, ജീവനക്കാരൻ കലക്ടറുടെ അക്കൗണ്ടിൽ നിന്നു 2 കോടിയോളം രൂപ സ്വന്തം അക്കൗണ്ടിലേക്കു മാറ്റുകയും പിന്നീട് ഈ ഇടപാടുകളെല്ലാം റദ്ദാക്കിയതായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കോടികൾ ജീവനക്കാരന്റെ സ്വന്തം അക്കൗണ്ടിൽ എത്തിയെങ്കിലും കലക്ടറുടെ അക്കൗണ്ടിൽ നിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെന്ന നിലയിലായിരുന്നു, കംപ്യൂട്ടർ രേഖകൾ. സോഫ്റ്റ്‌വെയറിലെ പിഴവുകളാണു ജീവനക്കാരൻ മുതലെടുത്തത്. 

വിശദമായ പരിശോധന വേണം

ട്രഷറിയിലെ ഓൺലൈൻ ഇടപാടുകളുടെ സോഫ്റ്റ്‌വെയറിലെ പിഴവും ട്രഷറികളിൽ കൃത്യമായ സാങ്കേതിക ഓഡിറ്റിങ്ങും മേൽനോട്ടവുമില്ലാത്തതുമാണ് ഇത്തരം തട്ടിപ്പുകൾക്കു വഴിയൊരുക്കുന്നതെന്നാണു ജീവനക്കാർ പറയുന്നത്. വഞ്ചിയൂരിലെ തട്ടിപ്പിനു ശേഷം സോഫ്റ്റ്‌വെയർ തകരാർ പരിഹരിച്ചതായാണ് അധികൃതർ അവകാശപ്പെട്ടതെങ്കിലും കണ്ണൂരിലെ സംഭവം ഈ വാദം പൊള്ളയാണെന്നു തെളിയിക്കുന്നു. 

വർഷങ്ങളായി ഒരേ ജീവനക്കാരൻ തന്നെ ഓൺലൈൻ ജില്ലാ കോഓർഡിനേറ്ററായി തുടരുന്നതും ക്രമക്കേടുകൾക്കു വഴിയൊരുക്കുമെന്നു ജീവനക്കാർ പറയുന്നു. സർക്കാരിന്റെയും വ്യക്തികളുടെയും പണം ട്രഷറിയിൽ സുരക്ഷിതമായി സൂക്ഷിക്കണമെങ്കിൽ, സാങ്കേതികവും അല്ലാത്തതുമായ വിശദമായ പരിശോധന ജില്ലാ, സബ് ട്രഷറികളിൽ അത്യാവശ്യമാണെന്നും ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS