ADVERTISEMENT

കണ്ണൂർ ∙ മംഗളൂരു ജംക്‌ഷനും ജോക്കട്ടെ സ്റ്റേഷനും ഇടയിലുള്ള പാത ഇരട്ടിപ്പിക്കൽ ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ്. റെയിൽവേയുടെ വാർഷിക പരിശോധനകളുടെ ഭാഗമായി മംഗളൂരു മുതൽ കണ്ണൂർ വരെയുള്ള ഭാഗങ്ങൾ സന്ദർശിക്കുമ്പോഴായിരുന്നു പ്രഖ്യാപനം. കുലശേഖരയിൽ 800 മീറ്റർ നീളമുള്ള തുരങ്കത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.

ഇതു പൂർത്തിയാക്കി മാർച്ച് മുതൽ ഈ പാതയിൽ ട്രെയിൻ ഓടിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇരട്ടപ്പാത ഇല്ലാത്തതിനാൽ മംഗളൂരു ജംക്‌ഷനും ജോക്കട്ടെയ്ക്കും ഇടയിലെ 2.26 കിലോമീറ്റർ കടക്കാൻ ട്രെയിനുകൾ അരമണിക്കൂറിലേറെ പിടിച്ചിടേണ്ടി വരാറുണ്ടായിരുന്നു. ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ ഈ പാതയിലെ യാത്ര സുഗമമാകും. മാത്രമല്ല, മംഗളൂരു തുറമുഖത്തു നിന്നു ട്രെയിൻ വഴിയുള്ള ചരക്കു നീക്കവും സുഗമമാകും.

110 കിലോമീറ്റർ വേഗത്തിൽ ഓടിച്ച് പരിശോധന

നേത്രാവതി മുതൽ കാസർകോട് വരെയുള്ള പാതയിൽ വേഗ പരിശോധനയും സംഘം നടത്തി. ജനറൽ മാനേജരും ഉദ്യോഗസ്ഥരും എത്തിയ ട്രെയിൻ 110 കിലോമീറ്റർ വേഗത്തിൽ ഓടിച്ചായിരുന്നു പരിശോധന. ട്രാക്കിന്റെ ദൃഢത ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിച്ചു. മികച്ച യാത്രാനുഭവമായതിനാൽ ഉദ്യോഗസ്ഥരെ ജനറൽ മാനേജർ അഭിനന്ദിച്ചു. ഡിവിഷനിലെ ട്രെയിനുകൾ 110 കിലോമീറ്റർ വേഗത്തിൽ ഓടിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീടേ ഉണ്ടാകൂ.കോട്ടിക്കുളം റെയിൽവേ ഗേറ്റ്, പഴയങ്ങാടി പാലം, കണ്ണപുരം റെയിൽവേ സ്റ്റേഷൻ, ചന്ദ്രഗിരി പാലം എന്നിവയും സംഘം പരിശോധിച്ചു.

റെയിൽവേ ഭൂമി വിനിയോഗം സംബന്ധിച്ചും ചർച്ച

കണ്ണൂർ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിലെ ഭൂമി വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള പദ്ധതികളുടെ ഭാഗമായി തയാറാക്കിയ പ്ലാൻ ജനറൽ മാനേജർ പരിശോധിച്ചു. ഒന്നാം പ്ലാറ്റ്ഫോം സ്ഥിതിചെയ്യുന്ന പടിഞ്ഞാറു ഭാഗത്ത് ഷോപ്പിങ് സമുച്ചയം നിർമിക്കാനാണ് പദ്ധതി. മുനീശ്വരൻ കോവിലിനു മുൻവശം മുതൽ റെയിൽവേ സ്റ്റേഷൻ കവാടം വരെയുള്ള ഭാഗവും റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം വരെയുള്ള ഭൂമിയും വിനിയോഗിക്കാനാണ് പദ്ധതി. ഉദ്യോഗസ്ഥർക്കായി നിർമിച്ച ക്വാർട്ടേഴ്സുകൾ ഉൾപ്പെടെ ഇതിനായി പൊളിക്കേണ്ടി വരും. ഡിവിഷനൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി കാര്യങ്ങൾ വിശദീകരിച്ചു.

സ്റ്റേഷൻ മാനേജർക്ക് പുരസ്കാരം

പാലക്കാട് ഡിവിഷനിലെ മികച്ച സ്റ്റേഷൻ മാനേജർക്കുള്ള പുരസ്കാരത്തിന് കണ്ണൂർ സ്റ്റേഷൻ മാനേജർ എസ്.സജിത്ത് കുമാർ അർഹനായി. കണ്ണൂർ സ്റ്റേഷൻ സന്ദർശനത്തിനിടെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് പുരസ്കാരം സമ്മാനിച്ചു. 

യാത്രക്കാരുടെ ആവശ്യങ്ങളുമായി എംഎൽഎയും സംഘടനകളും

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നേരിടുന്ന പ്രയാസങ്ങൾ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രധാന സ്റ്റേഷനുകളിൽ ഒരുക്കേണ്ട സൗകര്യങ്ങൾ സംബന്ധിച്ചും യാത്രക്കാരുടെ ആവശ്യങ്ങൾ സംബന്ധിച്ചുമുള്ള നിവേദനം നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻഎംആർപിസി) നൽകി.

ചെയർമാൻ റഷീദ് കവ്വായി, കോ-ഓർഡിനേറ്റർ ദിനു മൊട്ടമ്മൽ, ആർട്ടിസ്റ്റ് ശശികല, രാജൻ തീയറേത്ത്, ജി.ബാബു, കെ.ജയകുമാർ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.കെ റെയിൽ സംബന്ധിച്ച ആശങ്കകൾ അറിയിച്ചുകൊണ്ട് കെ റെയിൽ–സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയും നിവേദനം നൽകി. ചെയർമാൻ എ.പി.ബദറുദ്ദീൻ, ജനറൽ കൺവീനർ പി.സി.വിവേക്, രക്ഷാധികാരി കെ.പി.ചന്ദ്രാംഗദൻ, എം.കെ.ജയരാജൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com