ADVERTISEMENT

തലശ്ശേരി അതിരൂപതയുടെ പുതിയ മേലധ്യക്ഷനായി മാർ ജോസഫ് പാംപ്ലാനിയെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് വിശ്വാസി സമൂഹം ആർച്ച് ബിഷപ് സ്ഥാനത്തെ, പുതിയ ശുശ്രൂഷാപദവി മാത്രമായി കാണുന്നുവെന്നു വ്യക്തമാക്കുന്ന പിതാവ് കർഷക പ്രശ്നങ്ങൾക്കു  നേരെയുള്ള തന്റെ നിലപാടും വ്യക്തമാക്കുന്നു

∙ താരതമ്യേന ചെറുപ്രായത്തിൽ അതിരൂപതയുടെ അജപാലന ദൗത്യം ഏറ്റെടുക്കുകയാണല്ലോ. പുതിയ നേതൃത്വത്തിൽ വിശ്വാസികളുടെ പ്രതീക്ഷയും വലുതായിരിക്കും. എന്തെല്ലാം കർമപദ്ധതികളാണു നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്?

സഭയിലേക്കു ദൈവജനത്തെ കൂടുതലായി ചേർത്തുനിർത്തുക എന്നതുതന്നെയാണു പരമപ്രധാനമായ ഉത്തരവാദിത്തം. സഭാ നേതൃത്വത്തെയും ദൈവജനത്തെയും അകറ്റുന്ന തരത്തിലുള്ള തെറ്റിദ്ധാരണാജനകമായ വാർത്തകൾ ഒട്ടേറെ വരുന്നുണ്ട്. സഭയിലെ ചില അംഗങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ സംഭവിച്ച വീഴ്ചകൾ മറ്റു വിശ്വാസികൾക്കു വിഷമങ്ങളുണ്ടാക്കിയിട്ടുണ്ട്. കോവിഡ് മൂലം ആത്മീയ മേഖലയിലുണ്ടായ അകൽച്ചയുമുണ്ട്.

ഇത്തരം പ്രതിസന്ധികളെ പരിഹരിച്ചുകൊണ്ടു സഭ, കൂട്ടായ്മയുടെ സമൂഹമാണെന്ന അവബോധം ജനിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ഈ കാലഘട്ടത്തിന്റെ പ്രധാന ആവശ്യം. പൊതുസമൂഹത്തോടുള്ള ബന്ധവും കൂട്ടായ്മയും ശക്തമായി മുന്നോട്ടുകൊണ്ടുപോകണം. മതപരമായ ധ്രുവീകരണങ്ങൾ വർധിക്കുകയാണ്. എല്ലാവരും ഒരു രാജ്യത്തെ പൗരൻമാരെന്ന നിലയിൽ സാഹോദര്യത്തോടെ വസിക്കണം. അടുത്ത കാലത്ത് മനുഷ്യർ തമ്മിൽ വലിയ അകൽച്ചയുണ്ടായി. ഇതു പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടാകും.

∙ അതിരൂപതയുടെ കർഷക, കുടിയേറ്റ മേഖലയിൽ നിന്നുള്ള ആദ്യത്തെ ഇടയനെന്ന നിലയിൽ ഇവിടത്തെ കർഷകർ നേരിടുന്ന പ്രതിസന്ധികളിൽ എന്തെല്ലാം ഇടപെടലുകളാണു തുടർന്നും നടത്താൻ പോകുന്നത്?

കർഷകരുടെ പ്രശ്നങ്ങൾ എനിക്കു വായിച്ചു പഠിച്ച് അറിയേണ്ട വിഷയമല്ല. ഞാനൊരു കർഷക കുടുംബത്തിൽ ജനിച്ച, കർഷക പുത്രനാണ്. മലയോരത്തിന്റെ വേദനകളും ആശങ്കകളും ഞാൻ അനുഭവിച്ചറിഞ്ഞ സത്യങ്ങളാണ്. കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ ഏതറ്റം വരെയും പോകും.പരിസ്ഥിതി ലോല മേഖലാ വിഷയത്തിൽ കഴിഞ്ഞയിടെ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രിയെ കണ്ടിരുന്നു. അനുഭാവപൂർവം അദ്ദേഹം പ്രശ്നങ്ങൾ കേട്ടു. കഴിഞ്ഞ ഡിസംബർ 31 ന് ഇറങ്ങേണ്ട വിജ്ഞാപനം 6 മാസത്തേക്ക് നീട്ടണമെന്നായിരുന്നു ആവശ്യം. അദ്ദേഹം അത് അനുവദിച്ചു നൽകി. 
   

മുഖ്യമന്ത്രിയെയും സന്ദർശിച്ചിരുന്നു. കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാത്ത ഇഎസ്ഐയുടെ ജിയോ മാപ്പിങ്ങിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. തുറന്ന മനസ്സോടെയാണ് അദ്ദേഹം ഇടപെട്ടത്. കസ്തൂരി രംഗൻ റിപ്പോർട്ടിൻമേൽ കർഷകർക്കുനേരെയുള്ള ഭീഷണിക്കു ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം. വിളകളുടെ വിലത്തകർച്ച, വന്യമൃഗശല്യം ഇക്കാര്യങ്ങളിലും പരിഹാരം വേണം. കർഷകരുടെ കൂട്ടായ്മകളിലൂടെ ഉൽപന്നവില ഉറപ്പാക്കാനുള്ള, വിളകൾ മൂല്യവർധിത ഉൽപന്നങ്ങളാക്കാനുള്ള സഹകരണസംഘങ്ങൾ രൂപീകരിക്കും.

∙ ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾ സഹായമെത്രാനായിരിക്കുമ്പോൾത്തന്നെ തുടങ്ങിവച്ചിട്ടുണ്ടല്ലോ, ഇനിയും ചെയ്യാനാഗ്രഹിക്കുന്ന പുതിയ പദ്ധതികൾ എന്തെല്ലാമാണ്?

രോഗീശുശ്രൂഷ എന്നുള്ളത് യേശുക്രിസ്തുവിൽ നിന്നു തിരുസഭയ്ക്കു പകർന്നു കിട്ടിയ ദൗത്യമാണ്. സ്വന്തം ജീവൻ അപകടപ്പെടുത്തിപ്പോലും രോഗികളെ ശുശ്രൂഷിക്കണമെന്നാണ് തിരുസഭ സന്യസ്തരോടും വൈദികരോടും ആവശ്യപ്പെടുന്നത്. ഒന്നാം തരംഗത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്കാരശുശ്രൂഷയ്ക്ക്, ഈ മാർഗനിർദേശത്തിന്റെ ചുവടുപിടിച്ചാണ്  പ്രത്യേക പരിശീലനം നേടി  നേതൃത്വം കൊടുത്തത്. മൂന്നാം തരംഗം വരാൻ പോകുന്നു. ഇപ്പോൾ നമുക്ക് സാഹചര്യത്തെ നേരിടാനുള്ള അറിവുണ്ട്. ഇവ പ്രയോജനപ്പെടുത്തി സേവനങ്ങൾ തുടരും.

∙ സഹായമെത്രാനിൽ നിന്ന് ആർച്ച് ബിഷപ് പദവിയിലേക്ക്, അവസരങ്ങളും വെല്ലുവിളികളും കൂടുകയല്ലേ?

സഭയിലെ പദവികളെ ശുശ്രൂഷയായാണു മനസ്സിലാക്കുന്നത്. ഇവയെ സ്ഥാനക്കയറ്റമായി കണക്കാക്കുന്നതു വിശ്വാസത്തിന്റെ ഭാഗമല്ല.  ആർച്ച് ബിഷപ്പിന്റെ ശുശ്രൂഷ ചെയ്യാനാണ് ഇപ്പോൾ സഭ ആവശ്യപ്പെടുന്നത്. കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ടെന്നതു വസ്തുതയാണ്. ഈ ഉത്തരവാദിത്തങ്ങൾക്കു ചേർന്ന രീതിയിലുള്ള  പ്രവർത്തനശൈലിയായിരിക്കും തുടരുക. ഉത്തരവാദിത്തങ്ങൾക്കനുസരിച്ചു കാഴ്ചപ്പാടുകളിലും നിലപാടുകളിലും കൂടുതൽ തുറവി വേണമെന്നു സഭ ആവശ്യപ്പെടുന്നുണ്ട്.

ആർച്ച് ബിഷപ് എന്നു പറയുമ്പോൾ രൂപതയിൽ മാത്രമല്ല, വിശ്വാസി സമൂഹത്തിന്റെയാകെ അവകാശങ്ങൾ നേടിയെടുക്കാനുള്ള സാമൂഹികപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമുണ്ട്. ഇതിനായുള്ള കർമപദ്ധതികൾ എല്ലാവരുമായി കൂടിയാലോചിച്ചു തയാറാക്കും. മുൻഗാമികളുടെ നല്ല മാതൃക മുന്നിൽ വെളിച്ചമായുണ്ട്.

∙ നിയുക്ത ആർച്ച് ബിഷപ്പിന് വിശ്വാസികൾക്കു നൽകാനുള്ള സന്ദേശം

ഭയപ്പെടേണ്ട–ദൈവം നമ്മോടുകൂടെ എന്ന് ക്രിസ്തുവിന്റെ ജനനസമയത്ത് മാലാഖമാർ പറഞ്ഞ സന്ദേശമാണ് എനിക്കും നൽകാനുള്ളത്. എല്ലാ പ്രതിസന്ധിയിലും നമ്മെ നയിച്ച ദൈവം തുടർ‌ന്നും നയിക്കും. കൂട്ടായ്മയാണ് ഏറ്റവും വലിയ ബലം. കൂട്ടായ്മയെ ശക്തിപ്പെടുത്താൻ ഒരുമയോടെ പ്രവർത്തിക്കാം.

മാർ ജോസഫ് പാംപ്ലാനിക്ക് അതിരൂപതാ കേന്ദ്രത്തിൽ സ്വീകരണം നൽകി

തലശ്ശേരി∙ നിയുക്ത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിക്ക് അതിരൂപതാ കേന്ദ്രത്തിൽ സ്വീകരണം നൽകി. തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രലിലെത്തിയ മാർ ജോസഫ് പാംപ്ലാനിയെ വികാരി ജനറൽമാരായ മോൺ.അലക്സ് താരാമംഗലം, മോൺ.ജോസഫ് ഒറ്റപ്ലാക്കൽ, കത്തീഡ്രൽ വികാരി ഫാ.ജോർജ് കരോട്ട് എന്നിവർ ചേർന്നു സ്വീകരിച്ചു. തുടർന്ന് സെമിനാരിയിലെ വൈദികർ നയിച്ച പ്രാർഥനാ ശുശ്രൂഷയിൽ പങ്കുചേർന്നു.തന്റെ പിൻഗാമിയായി മാർ ജോസഫ് പാംപ്ലാനിയെ ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ആർച്ച് ബിഷപ് മാർ ജോർജ് ഞറളക്കാട്ട് പറഞ്ഞു.

അതിരൂപത അധ്യക്ഷനായി നിയമിതനായതിനൊപ്പം സിറോ മലബാർ സിനഡ് സെക്രട്ടറി, സ്ഥിരം സിനഡ് അംഗം, കുന്നോത്ത് ഗുഡ്ഷെപ്പേഡ് മേജർ സെമിനാരി കമ്മിഷൻ ചെയർമാൻ എന്നീ പദവികളിലേക്കു കൂടി മാർ ജോസഫ് പാംപ്ലാനി തിരഞ്ഞെടുക്കപ്പെട്ടതായും അദ്ദേഹം അറിയിച്ചു.പുതിയ സ്ഥാനലബ്ധി ദൈവ ദാനമെന്നും അതിനു പിന്നിൽ മാർ ജോർജ് ഞറളക്കാട്ടിന്റെ ആഗ്രഹവും പ്രയത്നവുമുണ്ടെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. താൻ തികച്ചും സാധാരണക്കാരൻ ആണ്. ഇതുവരെ ആയിരുന്നതു പോലെ തുടർന്നും എല്ലാവർക്കും തന്നെ സമീപിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വീകരണ യോഗത്തിൽ കണ്ണൂർ രൂപതാ ബിഷപ് ഡോ.അലക്സ് വടക്കുംതല, ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജോർജ് വലിയമറ്റം, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, സണ്ണി ജോസഫ് എംഎൽഎ, സജീവ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി.ജോസ്, അതിരൂപതാ ചാൻസലർ ഫാ.തോമസ് തെങ്ങുംപള്ളിൽ, ക്ലാരിസ്റ്റ് സന്യാസിനീ സമൂഹത്തിന്റെ പ്രൊവിൻഷ്യൽ സിസ്റ്റർ അഞ്ജലി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com