ADVERTISEMENT

കണ്ണൂർ ∙ സിപിഎം പാർട്ടി കോൺഗ്രസിനിടെ കുഴഞ്ഞു വീണ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മിഷൻ മുൻ അധ്യക്ഷയുമായ എം.സി.ജോസഫൈൻ (74) ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ജോസഫൈൻ 9നു വൈകിട്ടാണു സമ്മേളന വേദിയിൽ കുഴഞ്ഞു വീണത്. തുടർന്ന് കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഹൃദയാഘാതം ഉണ്ടായ ജോസഫൈനെ അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിയെങ്കിലും വീണ്ടും രണ്ടുവട്ടം കൂടി ഹൃദയാഘാതമുണ്ടായി. ഇന്നലെ ഉച്ചയ്ക്കായിരുന്നു മരണം.

ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു ജോസഫൈൻ. മകൻ അടക്കമുള്ള ബന്ധുക്കൾ 9ന് തന്നെ കണ്ണൂരിൽ എത്തിയിരുന്നു. പുതിയ കേന്ദ്ര കമ്മിറ്റിയുടെ പാനൽ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്നതിനു മുൻപായിരുന്നു ജോസഫൈന്റെ വേർപാട്. പുതിയ കമ്മിറ്റിയിൽ അവർ ഉൾപ്പെട്ടിരുന്നില്ല. പാർട്ടി കോൺഗ്രസ് ജോസഫൈന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അനുശോചന പ്രമേയം അവതരിപ്പിച്ചു. എകെജി ആശുപത്രി വളപ്പിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ 3 മണിക്കൂറോളം മൃതദേഹം പൊതുദർശനത്തിനു വച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പിബി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും പ്രവർത്തകരും ആദരാഞ്ജലി അർപ്പിച്ചു. മൃതദേഹം വൈകിട്ടു  അങ്കമാലിയിലേക്കു കൊണ്ടു പോയി. രാത്രി വൈകി വീട്ടിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ 7ന് അങ്കമാലി ഏരിയ കമ്മിറ്റി ഓഫിസിലും 8 മുതൽ അങ്കമാലി സിഎസ്എ  ഓഡിറ്റോറിയത്തിലും പൊതു ദർശനത്തിനു വയ്ക്കും. പിന്നീട് എറണാകുളം ഗവ. മെഡിക്കൽ കോളജിനു കൈമാറും. 2 വർഷങ്ങൾക്കു മുൻപു മരിച്ച ഭർത്താവ് പി.എ.മത്തായിയുടെ മൃതദേഹവും മെഡിക്കൽ കോളജിനു നൽകിയിരുന്നു.

വിദ്യാർഥി – യുവജന – മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ്‌ ജോസഫൈൻ പൊതുരംഗത്ത് എത്തിയത്‌. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്, ‍സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ അധ്യക്ഷ, ജിസിഡിഎ അധ്യക്ഷ എന്നീ സ്ഥാനങ്ങൾ വഹിച്ചു. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട്‌ പി.എ.മത്തായി ആണു ഭർത്താവ്‌. മകൻ മനു പി. മത്തായി. മരുമകൾ ജ്യോത്സ്ന. 1948 ഓഗസ്റ്റ് 3നു വൈപ്പിൻ മുരിക്കുംപാടം മാപ്പിളശേരി ചവര – മഗ്ദലന ദമ്പതികളുടെ മകളായി ജനിച്ച ജോസഫൈൻ മഹാരാജാസ് കോളജ് വിദ്യാർഥിയായിരിക്കെ ആണ് രാഷ്ട്രീയത്തിലെത്തുന്നത്.

1978ൽ സിപിഎം അംഗമായി. 84ൽ ജില്ലാ കമ്മിറ്റിയിലും 87ൽ സംസ്ഥാന കമ്മിറ്റിയിലും എത്തി. 2002 മുതൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമാണ്. 1996ൽ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റായി. സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി, പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. അങ്കമാലി, മട്ടാഞ്ചേരി, കൊച്ചി മണ്ഡലങ്ങളിൽ നിന്നു നിയമസഭയിലേക്കും ഇടുക്കി മണ്ഡലത്തിൽ നിന്നു ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും വിജയിച്ചില്ല. 13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com