ADVERTISEMENT

മുടിക്കയം ∙ സ്ഥിരമായി കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടത്തെ പ്രതിരോധിക്കാൻ സംവിധാനം ഒരുക്കാത്തതിൽ പ്രതിഷേധിച്ചു മുടിക്കയത്ത് നാട്ടുകാർ വനപാലക സംഘത്തെ നാലര മണിക്കൂർ തടഞ്ഞുവച്ചു. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാമെന്നു സ്ഥലത്തെത്തി കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത് ഉറപ്പു നൽകിയതിനെ തുടർന്നാണു പ്രതിഷേധക്കാർ പിന്തിരിഞ്ഞത്. അയ്യൻകുന്ന് പഞ്ചായത്തിൽ പെട്ട മുടിക്കയത്ത് കാട്ടാനക്കൂട്ടം ഇറങ്ങി കൃഷിനാശം വരുത്തിയ സ്ഥലത്ത് ഇന്നലെ പന്ത്രണ്ടോടെ എത്തിയ ഇരിട്ടി സെക്‌ഷൻ ഫോറസ്റ്റർ കെ.ജിജിലിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണു നാട്ടുകാർ ത‍‍ടഞ്ഞു വച്ചത്.

ഒരു ആഴ്ചയ്ക്കകം 4 തവണ മുടിക്കയത്ത് കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക നാശം വരുത്തിയിരുന്നു. മുടിക്കയം - പുല്ലൻപാറ തട്ട് റോഡിനോടു ചേർന്ന ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കൂറ്റൻ മൺതിട്ട ആനക്കൂട്ടം റോഡിലേക്ക് കുത്തി മറിച്ച് ഇട്ടു ഗതാഗത തടസ്സവും ഉണ്ടാക്കി. സംഭവങ്ങളിൽ രോഷാകുലരായ പ്രദേശത്തെ കർഷകരും നാട്ടുകാരും ചേർന്നു അയ്യൻകുന്ന് പഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, ഐസക്ക് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വനപാലകരെ തടഞ്ഞു വയ്ക്കുകയായിരുന്നു.

ഇതോടെ സ്ഥലത്ത് എത്തിയ റേഞ്ചർ ഇന്നു രാത്രി മുതൽ സ്ഥലത്തു വനപാലക സംഘം ക്യാംപ് ചെയ്യുമെന്നും 21ന് 2ന് പഞ്ചായത്ത് ഓഫിസിൽ വനം ജാഗ്രതാ സമിതി യോഗം വിളിച്ചു പരിഹാര നടപടികൾ ചർച്ച ചെയ്യുമെന്നും പ്രതിഷേധക്കാർക്കു ഉറപ്പു നൽകി. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേലുമായി റേഞ്ചർ ആശയവിനിമയം നടത്തിയാണു വനം ജാഗ്രതാ സമിതി ചേരാൻ തീരുമാനിച്ചത്. കൃഷി നാശം സംഭവിച്ച എല്ലാവരും നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകണമെന്നും റേഞ്ചർ ആവശ്യപ്പെട്ടു.

പ്രതിഷേധം അവസാനിച്ച ശേഷം വനപാലക സംഘം ഇന്നലെ തന്നെ കൃഷിയിടത്തിൽ നിന്നു 5 ആനകളെ വനത്തിലേക്ക് തുരത്തി. കഴിഞ്ഞ രാത്രി ജനവാസ മേഖലയിൽ എത്തിയ ആനക്കൂട്ടം പ്രദേശത്തെ ജോഷി ഇല്ലിക്കുന്നേൽ, സിനു ഇല്ലിക്കുന്നേൽ, സുധീഷ് ഇലിക്കുന്നേൽ, ബിജോയ് പ്ലാത്തോട്ടം, ബാബു പല്ലാട്ട്കുന്നേൽ, ബിജു പല്ലാട്ട്കുന്നേൽ, ചാക്കോച്ചൻ നെല്ലിക്കുന്നേൽ, ജോസഫ് ഇടശ്ശേരി, എൻ.സുബ്രഹ്മണ്യൻ എന്നിവരുടെ റബർ, കശുമാവ്, വാഴ തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചു. പാലത്തിൻകടവ്, കച്ചേരിക്കടവ്, മുടിക്കയം, പാറയ്ക്കാമല ഗ്രാമങ്ങളിലാണു കാട്ടാന ഭീഷണി രൂക്ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com