ADVERTISEMENT

കല്യാശ്ശേരി ∙ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് നിന്നു ചന്ദനമരം മുറിച്ചു കടത്തിയതായി പരാതി. ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ചന്ദനമരം മോഷ്ടാക്കൾ മുറിച്ചു കടത്തിയെന്നാണു കരുതുന്നത്. സമീപത്തെ സുരക്ഷാവേലിയും മുറിച്ചു നീക്കിയ നിലയിലാണുള്ളത്. 30 സെന്റിമീറ്ററിലേറെ വണ്ണമുള്ള മരം മുറിച്ചതായി കെഎപി അധികൃതർ കണ്ണപുരം പൊലീസിൽ പരാതിപ്പെട്ടു. കണ്ണൂർ സർവകലാശാല റോഡിനോട് ചേർന്നു പൊലീസ് പരേഡ് ഗ്രൗണ്ടിനും കെഎപി ഡിസ്പൻസറിക്കും ഇടയിലുള്ള മരമാണ് മുറിച്ചത്.

ഇന്നലെ രാവിലെ മരത്തിന്റെ കുറ്റി മാത്രം ബാക്കിയാക്കി വച്ച നിലയിൽ കണ്ടതോടെയാണ് മോഷണം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. പരാതിയെ തുടർന്നു വൈകിട്ടോടെ കണ്ണപുരം പൊലീസ് ക്യാംപിലെത്തി അന്വേഷണം നടത്തി. മരക്കുറ്റി പൊതുജനങ്ങളുടെ ശ്രദ്ധയിൽപെടാതിരിക്കാൻ ഇപ്പോൾ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ചുവച്ചിരിക്കുകയാണ്.

രാത്രി വാഹനത്തിലെത്തിയ സംഘം വാൾ ഉപയോഗിച്ചു മരം മുറിച്ചു കടത്തിയെന്നാണ് പ്രാഥമിക നിഗമനം. ഒരാൾക്ക് മാത്രം കടക്കാനുള്ള നിലയിൽ കമ്പിവേലി മുറിച്ചു നീക്കിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപും ക്യാംപിൽ ചന്ദനമരം കവർച്ച നടന്നെങ്കിലും ആരെയും പിടികൂടാനായിട്ടില്ല. പൊലീസ് ക്യാംപിൽ ചന്ദനമടക്കം വിലയേറിയ നൂറുകണക്കിന് മരങ്ങൾ വളർന്നു നിൽക്കുന്നുണ്ട്.

ദേശീയപാതയോടു ചേർന്നുള്ള കെഎപി ഗേറ്റിൽ മാത്രമേ രാത്രി പാറാവുകാർ ഉണ്ടാവുകയുള്ളൂ. എന്നാൽ റൂറൽ പൊലീസ് ആസ്ഥാനം കൂടി ക്യാംപിനോടു ചേ‍ർന്നു പ്രവർത്തിക്കുന്നതിനാൽ ഇപ്പോൾ മുഴുവൻ സമയവും പൊലീസ് സാന്നിധ്യവുമുണ്ടാകും. ക്യാംപിലെ ചന്ദനമരം വളർച്ചയെത്തുന്ന സമയം നോക്കി ആരുമറിയാതെ മുറിച്ചുമാറ്റി രാത്രി തന്നെ വാഹനത്തിൽ കടത്തിയെന്നത് പൊലീസുകാരിൽ തന്നെ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com