ഇന്ന് രാജ്യാന്തര യോഗാ ദിനം, തളർത്താനെത്തിയ കാൻസറിനെ യോഗ കൊണ്ട് അതിജീവിച്ചവർ

കാൻസറിനെ അതിജീവിച്ച ടി.ചന്ദ്രികയും എം.നാരായണനും കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയിൽ യോഗാഭ്യാസത്തിൽ. ചിത്രം: മനോരമ
കാൻസറിനെ അതിജീവിച്ച ടി.ചന്ദ്രികയും എം.നാരായണനും കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയിൽ യോഗാഭ്യാസത്തിൽ. ചിത്രം: മനോരമ
SHARE

കണ്ണൂർ ∙ കാൻസർ തളർത്തിയ ശരീരത്തെയും മനസ്സിനെയും യോഗ കൊണ്ടു വീണ്ടെടുത്ത ഒട്ടേറെപ്പേരുണ്ട് ജില്ലയിൽ. മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ രോഗമുക്തർക്കു വേണ്ടിയുള്ള യോഗ പരിശീലനം തുടങ്ങിയത് 2005ൽ ആണ്. കാൻസറിനെ ജീവിതത്തിന്റെ അവസാനമെന്നു വിശ്വസിച്ചിടത്തു നിന്ന് യോഗയെന്ന അദ്ഭുത മരുന്നിന്റെ ശക്തിയിൽ മനസ്സിനെയും ശരീരത്തെയും രോഗമുക്തമാക്കി,

രാജ്യാന്തര യോഗാ ദിനത്തിനു മുന്നോടിയായി ഇന്നലെ തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ  സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ പരിശീലകൻ സി.എൻ.മുരളിക്കൊപ്പം നടത്തിയ യോഗാ പരിശീലനം.
രാജ്യാന്തര യോഗാ ദിനത്തിനു മുന്നോടിയായി ഇന്നലെ തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ പരിശീലകൻ സി.എൻ.മുരളിക്കൊപ്പം നടത്തിയ യോഗാ പരിശീലനം.

പഴയകാലത്തെ ജീവിതം തിരിച്ചു പിടിച്ചെന്ന് ഇവർ ഒന്നടങ്കം പറയുന്നു. ഇന്ന് യോഗ ദിനത്തിൽ, യോഗയിലൂടെ ജീവിതം വീണ്ടെടുത്ത അനുഭവം പങ്കുവയ്ക്കുകയാണ് മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള രോഗമുക്തരുടെ കൂട്ടായ്മയായ ഫോർസിലെ (ഫ്രണ്ട്സ് ഫോർ കാൻസർ കെയർ) ചില അംഗങ്ങൾ.

ടി.ചന്ദ്രിക, ഏച്ചൂർ

ജീവിതം ഇനിയും ബാക്കിയുണ്ടെന്ന തിരിച്ചറിവു തന്നത് യോഗയാണെന്നു നിറചിരിയോടെ പറയുകയാണ് ചന്ദ്രിക. 2018ൽ ആണ് കാൻസർ ബാധിക്കുന്നത്. കീമോതെറപ്പി, ശസ്ത്രക്രിയ എല്ലാം കഴിഞ്ഞപ്പോൾ എണീറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. പക്ഷേ യോഗ ആയുസ്സു മാത്രമല്ല, തിരിച്ചു തന്നതെന്നാണ് ചന്ദ്രിക പറയുന്നത്, രോഗം വരുന്നതിനു മുൻപത്തേതു പോലുള്ള ജീവിതം തന്നെ തിരികെ കിട്ടി.

യോഗാ പരിശീലനം തുടങ്ങിയതിനു ശേഷം ജോലിക്കു പോയി തുടങ്ങി. ഇപ്പോൾ വിരമിച്ച ശേഷവും പഴയതുപോലെ എല്ലാ ജോലികളും ചെയ്ത് ഉന്മേഷത്തോടെ, ഉത്സാഹത്തോടെ ജീവിക്കുന്നു. എല്ലാ ദിവസവും യോഗ മുടക്കാതെ ചെയ്യാറുണ്ടെന്ന് ചന്ദ്രിക പറയുന്നു. യോഗയും മലബാർ കാൻസർ കെയർ സൊസൈറ്റിയിലെ യോഗ പരിശീലന ക്ലാസുകളും അവിടെയുള്ള സൗഹൃദങ്ങളും നൽകുന്ന ഉണർവ് വർണിക്കാനാകാത്തതാണെന്നും അവർ പറയുന്നു.

എം.നാരായണൻ പള്ളിക്കുളം

2002ലാണ് നാരായണൻ രോഗം തിരിച്ചറിയുന്നത്. വയറിൽ നെല്ലിക്ക വലുപ്പത്തിൽ വന്ന മുഴയായിരുന്നു തുടക്കം. ശരീരഭാരം മെല്ലെമെല്ലെ കുറഞ്ഞു. കാൻസറാണെന്നു തിരിച്ചറിഞ്ഞതോടെ തിരുവനന്തപുരം ആർസിസിയിലായി ചികിത്സ. 6 കീമോതെറപ്പി വേണ്ടി വന്നു. കീമോ ചെയ്യുമ്പോൾ കലശലായ ക്ഷീണവും ഛർദിയും നാരായണനെ അലട്ടി. ആർസിസി സംഘം രണ്ടു മാസത്തിലൊരിക്കൽ വടക്കൻ ജില്ലകളിലെ രോഗികളുടെ പരിശോധനയ്ക്കായി സൊസൈറ്റിയിൽ എത്തുമായിരുന്നു.

ഇങ്ങനെ തുടർചികിത്സകൾക്കായി എത്തിയപ്പോഴാണ് കാൻസർ രോഗികൾക്കായുള്ള യോഗ പരിശീലനത്തെ പറ്റി അറിഞ്ഞത്. 1993ൽ പള്ളിക്കുളം ഗവ.ഹൈസ്കൂളിൽ നിന്ന് അധ്യാപകനായി വിരമിച്ച നാരായണനു യോഗ പണ്ടേ ശീലമായിരുന്നു. രോഗം മൂലം മുടങ്ങിയ യോഗ പുനരാരംഭിച്ചു. അങ്ങനെ നഷ്ടമായ ആരോഗ്യവും ഊർജസ്വലതയും യോഗയിലൂടെ തിരിച്ചു പിടിച്ചു. ആരോഗ്യം തിരിച്ചുകിട്ടിയതോടെ വീണ്ടും കുട്ടികൾക്കു ട്യൂഷനെടുക്കാൻ തുടങ്ങി. പക്ഷേ, 2016ൽ രോഗം വീണ്ടുമെത്തി.

ഇത്തവണ വൃക്കയെയാണു ബാധിച്ചത്. ഒരു വൃക്ക നീക്കം ചെയ്തു. വീണ്ടും യോഗ മുടക്കമില്ലാതെ ചെയ്തു. ക്ഷീണത്തെയും തളർച്ചയെയുമെല്ലാം യോഗ ഇല്ലാതാക്കി. സൂര്യനമസ്കാരം പോലുള്ള യോഗാസനങ്ങൾ ഒഴിവാക്കി ലഘു ആസനങ്ങൾ പരിശീലകർ പറഞ്ഞു കൊടുത്തു. ഇപ്പോൾ, 83–ാം വയസ്സിലും കുട്ടികൾക്ക് ട്യൂഷനെടുക്കുന്നുണ്ട് മാഷ്. രണ്ടുതവണ ആക്രമിച്ച കാൻസർ ഇപ്പോൾ ഒരു ഓർമ മാത്രമാണ്. 

വി.െക.നാരായണൻ, കൂത്തുപറമ്പ്

1998ൽ ആണ് നാരായണന് കാൻസർ വരുന്നത്. ഇടതു കഴുത്തിലായിരുന്നു രോഗം. 30 റേഡിയേഷനുകൾ ചെയ്തു. തുടർന്നു നടുവിനു കൂടി ബാധിച്ചതോടെ ശസ്ത്രക്രിയ വേണ്ടി വന്നു. ശസ്ത്രക്രിയ പക്ഷേ, വലതു കൈയുടെ സ്വാധീനം 50 ശതമാനം കുറയാനിടയാക്കി. എന്നാൽ യോഗ സ്ഥിരമായി ചെയ്യാൻ തുടങ്ങിയപ്പോൾ വലതു കൈയുടെ നഷ്ടമായ സ്വാധീനം 90 ശതമാനവും തിരികെ വന്ന അനുഭവമാണ് നാരായണനു പങ്കുവയ്ക്കാനുള്ളത്.

പ്രായത്തിന്റേതായ അസ്വസ്ഥതകളൊഴികെ കാൻസർ കൊണ്ടുള്ള ബുദ്ധിമുട്ടുകളൊന്നും 73കാരനായ ഈ മുൻ പൊലീസ് ഉദ്യോഗസ്ഥനില്ല. ശരീരത്തിന്റെ ക്ഷീണവും തളർച്ചയും മാറാനുള്ള മരുന്നായി മാത്രമല്ല, തികഞ്ഞ മാനസികോല്ലാസത്തിനുള്ള മാർഗമായി കൂടിയാണ് നാരായണൻ യോഗയെ കാണുന്നത്. മനസ്സിനും ശരീരത്തിനും ആരോഗ്യം ലഭിച്ചതോടെ ജോലിയിൽ തിരികെ പ്രവേശിച്ചു. 2002 ൽ ആണ് സർവീസിൽ നിന്നു വിരമിക്കുന്നത്. ഇപ്പോൾ എല്ലാ ജോലികളും പഴയതുപോലെ ചെയ്യാനാകുമെന്നും നാരായണൻ പറയുന്നു.

ഷാഹിദ, കൊറ്റാളി

17 വർഷം മുൻപു പല്ലുവേദനയുടെ രൂപത്തിലായിരുന്നു ഷാഹിദയ്ക്ക് കാൻസർ വന്നത്. വായിലായിരുന്നു കാൻസർ. ശസ്ത്രക്രിയ കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണു മനസ്സിലായത് ശബ്ദം നഷ്ടമായെന്ന്. തുടർന്ന് ആർസിസിയിലേക്കു ചികിത്സ മാറ്റി. കീമോതെറപ്പിയും റേഡിയേഷനും അടക്കമുള്ള ചികിത്സ കഴിഞ്ഞാണ് എംസിസിഎസിലേക്ക് എത്തുന്നത്. അവിടെയുള്ളവർ യോഗ പരിശീലിക്കുന്നതു കാണുമ്പോൾ ആദ്യം മടിയായിരുന്നെന്ന് ഷാഹിദ പറയുന്നു.

ഒരു കൈ ഏതാണ്ടു തളർന്നതു പോലെയായി. തനിക്കു യോഗയൊന്നും ചെയ്യാൻ കഴിയില്ലെന്ന തോന്നലുമുണ്ടായിരുന്നു. പക്ഷേ, ഓറൽ കാൻസർ വന്നവർക്കു മാത്രമായുള്ള യോഗാസനങ്ങളും കൈകൾക്കു കരുത്തു നൽകാനുള്ളവയുമെല്ലാം പ്രത്യേകമായി പരിശീലകർ പറഞ്ഞു നൽകി. ശബ്ദത്തിന്റെ പ്രശ്നങ്ങളും കൈയുടെ സ്വാധീനക്കുറവുമെല്ലാം മാറി ഇപ്പോൾ ഷാഹിദ പഴയ ജീവിതത്തിലേക്കു തിരിച്ചുവന്നു. 

പ്രേമജ തൈക്കണ്ടി

കാൻസർ ഉണ്ടായിരുന്നെന്ന തോന്നൽ പോലും ഇപ്പോൾ ഇല്ലെന്നാണ് അഞ്ചരക്കണ്ടി സ്വദേശി പ്രേമജ പറയുന്നത്. റേഡിയേഷനും കീമോതെറപ്പിയും തുടർന്ന് ശസ്ത്രക്രിയയുമായി 2003 മുതൽ 3 വർഷത്തോളം ചികിത്സയായിരുന്നു. രോഗം തളർത്തിയ ശരീരവും മനസ്സുമായി 2005 അവസാനമാണ് മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ യോഗ ക്ലാസിലെത്തിയത്.

ആരോഗ്യത്തോടെയും സന്തോഷത്തോടെയുമുള്ള ജീവിതം യോഗയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് പ്രമേജ പറയുന്നു. ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും വേദനകളെ മായ്ച്ചു കളയാനുള്ള കരുത്ത് യോഗയ്ക്കുണ്ടെന്ന് ഇവരുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. തറവാട്ടിലേക്കു തിരിച്ചെത്തുന്ന സന്തോഷത്തോടെയാണ് മലബാർ കാൻസർ സെന്ററിൽ യോഗ പരിശീലനത്തിനെത്തുന്നത്. ലോക്ഡൗണിൽ പരിശീലന പരിപാടികൾ ഓൺലൈനായി ലഭിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS