ADVERTISEMENT

രാജഗിരി ∙ ചെറുപുഴ പഞ്ചായത്തിലെ 8-ാം വാർഡിൽപ്പെട്ട രാജഗിരി ഇടക്കോളനിയിൽ കാട്ടാനകളുടെ വിളയാട്ടം. കോളനിയിലെ ഒരു വീട് ഭാഗികമായി തകർക്കുകയും കൃഷികൾ  നശിപ്പിക്കുകയും ചെയ്ത കാട്ടാനകൾ ഏറെ ഭീതി പരത്തിയ ശേഷമാണു കാട്ടിലേക്കു മടങ്ങിയത്. ബുധനാഴ്ച രാത്രി 12 മണിയോടെ കർണാടക വനത്തിൽ നിന്ന് ഇറങ്ങിയ 8ലേറെ കാട്ടാനകൾ കോളനിയിൽ വ്യാപക കൃഷിനാശമാണു ഉണ്ടാക്കിയത്. കപ്പ, വാഴ, കമുക്, തെങ്ങ് തുടങ്ങിയ കൃഷികളാണു നശിപ്പിച്ചത്. കാട്ടാനകൾ കോളനിയിൽ ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നത് പതിവാണെങ്കിലും, വീടിനു നേരെ അക്രമം നടത്തുന്നത് ഇതാദ്യമാണ്.

കാണിയക്കാരൻ കുഞ്ഞിരാമന്റെ വാഴകൾ കാട്ടാനകൾ നശിപ്പിച്ച നിലയിൽ.
കാണിയക്കാരൻ കുഞ്ഞിരാമന്റെ വാഴകൾ കാട്ടാനകൾ നശിപ്പിച്ച നിലയിൽ.

സംഭവസമയം വീട്ടിൽ ആളില്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. കാട്ടാനശല്യം രൂക്ഷമായതോടെ കോളനിയിലെ ചില കുടുംബങ്ങൾ ബന്ധുവീടുകളിലും മറ്റുമാണു താമസിച്ചുവരുന്നത്. ഇളയിടത്ത് കുഞ്ഞിരാമന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. ഇതിനുപുറമെ കാണിയക്കാരൻ ചന്തു, കാണിയക്കാരൻ കുഞ്ഞിരാമൻ, കൊല്ലപ്പള്ളി ഷാജി, ഇളയിടത്ത് മാധവി എന്നിവരുടെ കൃഷികളാണു കാട്ടാനകൾ നശിപ്പിച്ചത്. വാഴത്തോട്ടങ്ങളിൽ കയറിയ കാട്ടാനകൾ കനത്ത നാശമാണ് ഉണ്ടാക്കിയത്.

ഈ വർഷം 5-ാം തവണയാണു കാട്ടാനക്കൂട്ടം രാജഗിരി ഇടക്കോളനിയിൽ എത്തി കൃഷികൾ നശിപ്പിക്കുന്നത്. കേരള-കർണാടക അതിർത്തിയിൽ സ്ഥാപിച്ചിരുന്ന വൈദ്യുത വേലി തകർന്നതു കൊണ്ടാണു കാട്ടാനകൾ കോളനിയിൽ കയറുന്നത്. കാട്ടാനകൾ കൃഷികൾ നശിപ്പിച്ച പ്രദേശങ്ങളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ, സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ.ജോയി, പഞ്ചായത്ത് അംഗം രജിത സജി, ഊര് മൂപ്പൻ ചന്തേരവീട്ടിൽ ലീലാമണി എന്നിവർ സന്ദർശിച്ചു. വീടും കൃഷികളും നശിച്ചവർക്ക് അടിയന്തര സഹായം അനുവദിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com