ADVERTISEMENT

പയ്യന്നൂർ ∙ പാലക്കോട് ഫിഷ് ലാൻഡിങ് സെന്ററിൽ നിർത്തിയിട്ട മത്സ്യബന്ധന വള്ളങ്ങളിൽ നിന്ന് ഇന്ധന മോഷണം വ്യാപകമാകുന്നു. ഇതുമൂലം മത്സ്യത്തൊഴിലാളികളുടെ ജോലി തടസ്സപ്പെടുന്നു. വള്ളങ്ങളിലെ ടാങ്കിൽ സൂക്ഷിച്ച ഇന്ധനമാണു മോഷണം പോകുന്നത്. ചില വള്ളങ്ങളിൽ നിന്ന് ടാങ്ക് ഉൾപ്പെടെ മോഷണം പോയി. മറ്റ് ചില വള്ളങ്ങളിൽ നിന്ന് പെട്രോൾ ഊറ്റിയെടുക്കുകയാണു ചെയ്തത്. ഓരോ വള്ളത്തിൽ നിന്നും 30 മുതൽ 50 ലീറ്റർ വരെ പെട്രോൾ മോഷണം പോയി. പുലർച്ചെ കടലിൽ പോകാൻ തലേന്നു വൈകിട്ട് വള്ളത്തിലെ ടാങ്കിൽ ആവശ്യമായ പെട്രോൾ നിറച്ചു വയ്ക്കുകയാണു പതിവ്. ഇതാണു മോഷണം പോകുന്നത്.

പുലർച്ചെ കടലിൽ പോകാൻ തൊഴിലാളികൾ വള്ളത്തിൽ എത്തുമ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. മോഷണം പതിവായിരിക്കുകയാണ്. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത്തവണ കടലോര ജാഗ്രത സമിതി പ്രസിഡന്റ് എം.അബ്ദുൽ ഖാദർ ആണു പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഫിഷ് ലാൻഡിങ് സെന്ററിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചാൽ മാത്രമേ മോഷണം തടയാനാകൂ എന്നാണു മത്സ്യ തൊഴിലാളികൾ പറയുന്നത്.പെട്രോളും ടാങ്കും നഷ്ടപ്പെടുന്നതിനൊപ്പം ജോലി കൂടി നഷ്ടപ്പെടുന്നതു തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com