നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ ജോലി; പ്രവേശിച്ച് മണിക്കൂറുകൾക്കകം ഹെലികോപ്റ്റർ അപകടവും വിയോഗവും

സഞ്ജു ഫ്രാൻസിസ്
SHARE

കണ്ണൂർ ∙ നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച ജോലിയിൽ പ്രവേശിച്ച് മണിക്കൂറുകൾക്കകമായിരുന്നു ഹെലികോപ്റ്റർ അപകടവും സഞ്ജുവിന്റെ അപ്രതീക്ഷിത വിയോഗവും. എണ്ണ, പ്രകൃതി വാതക കോർപറേഷന്റെ (ഒഎൻജിസി) കേറ്ററിങ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലാണ് സഞ്ജു ഫ്രാൻസിസിനു ജോലി ലഭിച്ചിരുന്നത്. മുംബൈ ഒഎൻജിസിയിൽ ജോലിയിൽ പ്രവേശിക്കുന്ന വിവരം ചൊവ്വാഴ്ച രാവിലെ പത്തരയോടെ സഞ്ജു അമ്മയെ വിളിച്ചു പറഞ്ഞിരുന്നു.

രണ്ടു മാസം മുൻപ് റിക്രൂട്ടിങ് ഏജൻസി വഴിയാണ് സഞ്ജുവിന് സറഫ് കോർപറേഷൻ ഇന്ത്യ ലിമിറ്റഡിൽ ജോലി ലഭിച്ചത്. രണ്ടു മാസത്തെ പരിശീലനം പൂർത്തിയാക്കി ചൊവ്വാഴ്ച രാവിലെയാണു ജോലിയിൽ പ്രവേശിച്ചത്. സൈന്യത്തിൽ തയ്യൽ ജോലിക്കാരനായിരുന്നു സഞ്ജുവിന്റെ അച്ഛൻ സണ്ണി ഫ്രാൻസിസ്. സർവീസിലിരിക്കെ കാൻസർ രോഗബാധിതനായി മരിച്ചു. ആശ്രിത നിയമനത്തിനായി ഓഫിസുകൾ കയറിയിറങ്ങി മടുത്താണു മറ്റു ജോലികൾക്കായി സഞ്ജു ശ്രമിച്ചതെന്നു സുഹൃത്തുക്കൾ പറഞ്ഞു. 

മുംബൈ തീരത്തുനിന്ന് 160 കിലോമീറ്ററോളം അകലെ എണ്ണപ്പാടങ്ങളുള്ള സാഗർ റിഗ്ഗിലേക്കു പോകാനായി ഒഎൻജിസിയിലെ ആറു ജീവനക്കാർക്കൊപ്പം ജുഹു ഹെലിപ്പാഡിൽ നിന്നാണ് ഹെലികോപ്റ്ററിൽ കയറിയത്. രണ്ടു പൈലറ്റുമാർ ഉൾപ്പെടെ 9 പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. രാവിലെ 11.45ന് സാഗർ റിഗ്ഗ് എത്തുന്നതിനു തൊട്ടു മുൻപ് സാങ്കേതിക തകരാർ കാരണം അടിയന്തര ലാൻഡിങ്ങിനു ശ്രമിക്കുന്നതിനിടെയാണു ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. 

സഞ്ജുവിന് ചെറിയൊരു അപകടം പറ്റിയിട്ടുണ്ടെന്നും ചികിത്സയുമായി ബന്ധപ്പെട്ട് മുംബൈയിലെ ഓഫിസിൽ നേരിട്ടെത്തി ഒപ്പിട്ടു കൊടുക്കണമെന്നും ആവശ്യപ്പെട്ടാണ് വീട്ടിലേക്കു വിളിയെത്തിയത്. ഇന്നലെ രാവിലെ അമ്മ മേരി അംബികയും ഇളയ മകൻ ഡിക്സൻ ഫ്രാൻസിസും കണ്ണൂർ വിമാനത്താവളത്തിൽ നിന്നു ബെംഗളൂരു വഴി മുംബൈയിലേക്കു പോയി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS