ADVERTISEMENT

തളിപ്പറമ്പ്  ∙ ദേശീയപാതയിൽ ബക്കളം കുറ്റിക്കോലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാരി മരിച്ചു. 10 പേർക്കു പരുക്കേറ്റു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സിങ് ടീം ലീഡർ നെല്ലിക്കുറ്റി സ്വദേശി ജോബിയ ജോസഫാണ് (28) മരിച്ചത്. ഇന്നലെ വൈകിട്ട് നെല്ലിയോട് ക്ഷേത്രത്തിനു മുൻപിലാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നു പയ്യന്നൂരിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസ് മുൻപിലുള്ള ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ടു തലകീഴായി മറിയുകയായിരുന്നു.

ദേശീയപാതയിൽ തളിപ്പറമ്പ് കുറ്റിക്കോൽ നെല്ലിയോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോൾ.

അരികിലുള്ള കമ്പികൾക്കിടയിൽ തല കുടുങ്ങിയ നിലയിലായിരുന്ന ജോബിയയെ തളിപ്പറമ്പ് അഗ്നിരക്ഷാസേന എത്തി കമ്പി മുറിച്ചു മാറ്റിയാണു പുറത്തെടുത്തത്. ഉടൻ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ മണ്ണെടുത്ത് മാറ്റിയ താഴ്ചയുള്ള ഭാഗത്തേക്കാണു ബസ് പതിച്ചത്. ബസിൽ യാത്രക്കാർ കുറവായതിനാലാണു വൻ ദുരന്തം ഒഴിവായത്.

ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ തന്നെ പരുക്കേറ്റവരെ പുറത്തെടുത്തു. പരുക്കേറ്റവർക്ക് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ നൽകി. ആരുടെയും പരുക്കുകൾ ഗുരുതരമല്ല. മുൻകാലങ്ങളിൽ ഒട്ടേറെ അപകടങ്ങളും മരണങ്ങളും നടന്ന സ്ഥലമാണിത്.

മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം ഇന്ന് 4.30ന് ഏറ്റുപാറ സെന്റ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: ഏറ്റുപാറ ചക്കാങ്കൽ നിഥിൻ (ചെമ്പേരി വീൽ അലൈൻമെന്റ് സ്ഥാപനത്തിലെ ജീവനക്കാരൻ), മകൻ: എയ്ബൽ അഗസ്റ്റോ (2 വയസ്സ്), പിതാവ്: പാലോലിൽ ജോസഫ്, മാതാവ്: ആനി, സഹോദരൻ: ജോബി.

തളിപ്പറമ്പ് ∙ ബക്കളം നെല്ലിയോട് വളവിലെ ബസ് അപകടത്തിൽ പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. പരുക്കേറ്റ ബസ് കണ്ടക്ടർ മാങ്ങാട് കെ.രതീഷി(30)നെ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും യാത്രക്കാരായ ഏഴോം പ‍ടിഞ്ഞാറെപുരയിൽ നിഷ(39), പിലാത്തറ നേര്യാമ്പടത്തിൽ മുസ്തഫ(64), റഹ്മത്ത്, പയ്യന്നൂർ രശ്മി ജഗദീഷ്(34), കൊയ്യം സി.സൂര്യ(32), പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിനു സമീപം കെ.അദ്വൈത് (18), പുലിക്കുരുമ്പ വടക്കേടത്ത് തോമസ്(65) എന്നിവരെ ലൂർദ് ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചിരുന്നത്.

ചേപ്പറമ്പ് ശ്രീജിത്ത്(31), ചീമേനി കൊടക്കാട് ജിജേഷ്(31), നെടുവാലൂർ അനസ്(35), രാമന്തളി രൂപിക (15) എന്നിവ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും ചികിത്സ നൽകി വിട്ടയച്ചു. മുൻകാലങ്ങളിൽ ഇവിടെ അപകടങ്ങളും മരണങ്ങളും നിത്യസംഭവമായിരുന്നു. മുൻപിൽ പോകുന്ന ഓട്ടോറിക്ഷ മറ്റൊരു റോഡിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെ പിന്നാലെ എത്തിയ ബസ് ഓട്ടോയിൽ നിന്നു വെട്ടിക്കുന്നതിനിടയിൽ റോഡരികിലെ ചെളി നിറഞ്ഞ കുഴിയിൽ വീണു നിയന്ത്രണം വിട്ടു മറിയുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സ്ഥാപനത്തിന്റെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

കാർ വാഷിങ് സ്ഥാപനമായ ഇവിടെയുണ്ടായിരുന്നവരാണ് അപകടം കണ്ട് ആദ്യം ഓടിയെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്. ബസിന്റെ വാതിൽഭാഗം മുകളിലായാണ് മറിഞ്ഞതെന്നതിനാൽ മു‍ൻപിലും പിറകിലുമുളള ഗ്ലാസുകൾ തകർത്താണു യാത്രക്കാരെ പുറത്തെത്തിച്ചത്. 15 ഓളം യാത്രക്കാർ മാത്രമേ ബസിൽ ഉണ്ടായിരുന്നുള്ളൂ. ബസ് തലകീഴായി മറിയുന്നതിനിടയിൽ അരികിലുള്ള കമ്പികൾക്കിടയിൽ ജോബിയയുടെ തല കുടുങ്ങുകയായിരുന്നു.

പുറത്തെടുക്കാൻ സാധിക്കാത്ത അവസ്ഥയായതിനാൽ തളിപ്പറമ്പ് അഗ്നിരക്ഷാസേന എത്തി കമ്പി മുറിച്ചു പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പാതയുടെ ഇരുവശത്തും നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഏറെ അപകടാവസ്ഥയാണുള്ളത്. നെല്ലിയോടിനും കുറ്റിക്കോൽ പാലത്തിനും ഇടയിൽ 2 ഭാഗവും താഴ്ചയുള്ള സ്ഥലമായി മാറിയിട്ടുണ്ട്.

ഇരുഭാഗത്തും മണ്ണ് നിക്ഷേപിച്ചതിനാൽ മഴ ആരംഭിച്ചതോടെ ചെളി നിറഞ്ഞ അവസ്ഥയിലുമാണ്. മറിഞ്ഞ ബസ് നീക്കാൻ ആദ്യം എത്തിച്ച ക്രെയിൻ ചെളി നിറഞ്ഞ സ്ഥലമായതിനാൽ ഫലവത്തായില്ല. പിന്നീട് കുപ്പം ഖലാസികളുടെ വലിയ ക്രെയിൻ എത്തിച്ചാണ് ബസ് നിവർത്തിയത്. തളിപ്പറമ്പ് ഡിവൈഎസ്പി എം.പി.വിനോദ്, ജോ.ആർടിഒ സാജു, ആന്തൂർ നഗരസഭ അധ്യക്ഷൻ പി.മുകുന്ദൻ എന്നിവരും അപകട സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com