വരവേറ്റ് നാട്; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിക്ക് ആവേശകരമായ സ്വീകരണം

മട്ടന്നൂരിലെ വിശ്രമ കേന്ദ്രത്തിൽ നിന്നും വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയുടെ  വാഹനത്തിലേക്ക് പുഷ്പവൃഷ്ടി നടത്തി സ്വീകരിക്കുന്ന യുഡിഎഫ് പ്രവർത്തകർ. 			         ചിത്രം: മനോരമ
മട്ടന്നൂരിലെ വിശ്രമ കേന്ദ്രത്തിൽ നിന്നും വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയുടെ വാഹനത്തിലേക്ക് പുഷ്പവൃഷ്ടി നടത്തി സ്വീകരിക്കുന്ന യുഡിഎഫ് പ്രവർത്തകർ. ചിത്രം: മനോരമ
SHARE

മട്ടന്നൂർ∙ വയനാട് ലോക്സഭാ മണ്ഡലത്തിൽ വിവിധ പരിപാടികൾക്കായി ഇന്നലെ രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിക്ക് ആവേശകരമായ സ്വീകരണം. വയനാട്ടിലേക്കുള്ള യാത്രാമധ്യേ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാൻ വിവിധ കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രവർത്തകർ സംഗമിച്ചിരുന്നു.

രാവിലെ എട്ടരയോടെയാണ് രാഹുൽ വിമാനമിറങ്ങിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് ഒപ്പമാണ് അദ്ദേഹം എത്തിയത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, മേയർ ടി.ഒ.മോഹനൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സജീവ് ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു, സതീശൻ പാച്ചേനി, വി.എ.നാരായണൻ, സജ്ജീവ് മാറോളി, രാജീവൻ എളയാവൂർ തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

ഇരിട്ടി പയഞ്ചേരിമുക്ക് ജംക്‌ഷനിൽ വരവേ‍ൽപ്പ് നൽകിയ പ്രവർത്തകർക്ക് വാഹനത്തിന്റെ ചില്ലു താഴ്ത്തി വേഗം കുറച്ച് രാഹുൽഗാന്ധി എംപി ഹസ്തദാനം നൽകുന്നു.
ഇരിട്ടി പയഞ്ചേരിമുക്ക് ജംക്‌ഷനിൽ വരവേ‍ൽപ്പ് നൽകിയ പ്രവർത്തകർക്ക് വാഹനത്തിന്റെ ചില്ലു താഴ്ത്തി വേഗം കുറച്ച് രാഹുൽഗാന്ധി എംപി ഹസ്തദാനം നൽകുന്നു.

തുടർന്ന് മട്ടന്നൂരിലെ റിസോർട്ടിൽ പ്രഭാത ഭക്ഷണത്തിനു ശേഷമാണ് അദ്ദേഹം കനത്ത പൊലീസ് സുരക്ഷയിൽ റോഡ് മാർഗം മാനന്തവാടിയിലേക്കു തിരിച്ചത്. റിസോർട്ടിൽ തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ബഫർ സോൺ വിഷയത്തിൽ രാഹുലുമായി കൂടിക്കാഴ്ച നടത്തി.

  കണ്ണൂർ വിമാനത്താവളത്തിലെത്തിയ കോൺഗ്രസ് നേതാവ്  രാഹുൽ ഗാന്ധി എംപിയെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഷാൾ അണിയിച്ച് സ്വീകരിക്കുന്നു.
കണ്ണൂർ വിമാനത്താവളത്തിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഷാൾ അണിയിച്ച് സ്വീകരിക്കുന്നു.

മട്ടന്നൂർ ടൗൺ, ചാവശ്ശേരി, ഉളിയിൽ, എം.ജി.കോളജ്, കാക്കയങ്ങാട്, പേരാവൂർ, നെടുമ്പൊയിൽ എന്നിവിടങ്ങളിൽ കനത്ത മഴ വകവയ്ക്കാതെ യുഡിഎഫ് പ്രവർത്തകർ രാഹുലിനെ വരവേറ്റു. കാറിൽ ഇരുന്നു കൊണ്ടു തന്നെ അദ്ദേഹം പ്രവർത്തകരെ കൈവീശി അഭിവാദ്യം ചെയ്തു. മട്ടന്നൂരിലെ സ്വീകരണത്തിന് യുഡിഎഫ് നേതാക്കളായ സുരേഷ് മാവില, രാഘവൻ കാഞ്ഞരോളി, ടി.വി.രവീന്ദ്രൻ, ഇ.പി.ഷംസുദ്ദീൻ, മുസ്തഫ ചൂര്യോട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

പുഷ്പ വൃഷ്ടിയോടെയായിരുന്നു വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം.5 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 500 പൊലീസുകാരുടെ സുരക്ഷയാണ് വിമാനത്താവളത്തിലും യാത്രാ വഴിയിലുമായി പൊലീസ് ഒരുക്കിയത്. എകെജി സെന്റർ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ കൂടിയായിരുന്നു കനത്ത സുരക്ഷ. നെടുമ്പൊയിൽ വഴി അദ്ദേഹം മാനന്തവാടിയിലേക്കു പോയി.

വയനാട് ലോക്സഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം പരിപാടികളിൽ പങ്കെടുക്കും. 3 ദിവസത്തെ പരിപാടിയാണു മണ്ഡലത്തിൽ നിശ്ചയിച്ചത്. രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്ഐക്കാർ തകർത്തതിനു ശേഷമുള്ള ആദ്യത്തെ സന്ദർശനമാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS