ADVERTISEMENT

പെരുവ ∙ കോളയാട്‌ പഞ്ചായത്തിലെ പറക്കാട് കോളനിയിൽ തുടർച്ചയായ രണ്ടാം ദിവസവും കാട്ടാനയിറങ്ങി. രാത്രി എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ജനവാസ മേഖലകളിൽ ഇറങ്ങിയ ആനകളെ കോളനി നിവാസികൾ പടക്കം പൊട്ടിച്ചും ബഹളം കൂട്ടിയും തുരത്തി. അറുനൂറോളം കുലക്കാറായ നേന്ത്രവാഴ, ഇരുപതോളം കമുക്‌, തെങ്ങ് മുതലായവ കുത്തി മറിച്ചിട്ടു. കപ്പയടക്കമുള്ളവ ചവിട്ടി നിരപ്പാക്കി. പി.കെ.രാജു, പി.എ.ബാലൻ തുടങ്ങിയവരുടെ കൃഷിയാണ് നശിപ്പിച്ചത്.

കൂട്ടമായി എത്തുന്ന ആനകൾ കർഷകരെ ആന ആക്രമിക്കാൻ തുനിയാറുണ്ട്. കർഷകരുടെ 10 ഏക്കറോളം കൃഷിഭൂമി ഈ ഭാഗങ്ങളിൽ ഉണ്ട്. വാഴ, കമുക്, കരനെല്ല്, കുരുമുളക്, ചേമ്പ് എന്നീ കൃഷികളാണ് പ്രധാനമായും ചെയ്യുന്നത്.കൃത്യമായ യാത്രാ സൗകര്യമില്ലാത്തതിനാൽ വൻ തുക ചെലവഴിച്ച് വാഴക്കന്നും വളവും ഉൾപ്പെടെയുള്ളവ എത്തിച്ചാണു പറക്കാട്ട് കൃഷി ചെയ്യുന്നത്. പലരും ബാങ്ക് വായ്പ എടുത്താണ് കൃഷി ഇറക്കുന്നത്. ഇതിനിടയിൽ കാട്ടാന ശല്യം കാരണം ഒട്ടേറെ കുടുംബങ്ങൾ കോളനി വിട്ടു പോയി.

ഉറക്കമില്ലാതെകർഷകർ

രാത്രി കാട്ടാനകൾ കൂട്ടത്തോടെ എത്തുന്നതു കൊണ്ട് തന്നെ കർഷകർക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. ആനയെ തുരത്താൻ രാത്രി ഏറുമാടത്തിൽ കഴിയുന്ന കർഷകർ പകൽ കുരങ്ങ് ശല്യം കാരണവും പ്രയാസത്തിലാണ്. 24 മണിക്കൂറും കാവലിരിക്കേണ്ട ദുരവസ്ഥയിലാണ് ഇവർ.ഏതാനും വർഷങ്ങളായി കോളനിയിലെ കർഷകർ ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട്.

ഇത്തവണ ദുരിതം ഇരട്ടിയായി. ഈ സാഹചര്യത്തിൽ ആന കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന ഭാഗങ്ങളിൽ സോളർ ഫെൻസിങ്ങോ മറ്റോ സ്ഥാപിക്കണമെന്ന ആവശ്യം കർഷകർക്കിടയിൽ ശക്തമായിരിക്കുകയാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com