ADVERTISEMENT

പഴയ ഗൃഹോപകരണങ്ങളും സംഗീത ഉപകരണങ്ങളും ക്ലോക്കുകളും മറ്റും വാങ്ങി സൂക്ഷിക്കുക മാത്രമല്ല അത് ഇപ്പോഴും പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുക കൂടിയാണ് വടക്കേടത്തു പാലക്കീഴിൽ ഇല്ലത്ത് വാസുദേവൻ വാധ്യാൻ നമ്പൂതിരിയുടെ രീതി: സർഗാത്മകതയ്ക്കൊപ്പം സാങ്കേതിക ജ്ഞാനവും വേണ്ട അദ്ദേഹത്തിന്റെ വിനോദത്തെക്കുറിച്ച്...

പയ്യന്നൂർ ∙ വടക്കേടത്തു പാലക്കീഴിൽ ഇല്ലത്ത് വാസുദേവൻ വാധ്യാൻ നമ്പൂതിരി, വയസ്സ് 60, പയ്യന്നൂർ കാനം സ്വദേശി. നാട്ടുകാർക്ക് ‘നമ്പൂരി മാഷ്...’. റിട്ട. കലാ അധ്യാപകൻ. എന്നാൽ, അതിൽ ഒതുങ്ങുന്നില്ല അദ്ദേഹം. തന്ത്രി, ചിത്രകാരൻ, ശിൽപി, സംഗീത വിദ്വാൻ, കവി, റേഡിയോ - വാച്ച് മെക്കാനിക്ക്, സംഗീതോപകരണ നിർമാതാവ്, കൽപ്പണിക്കാരൻ, തടിപ്പണിക്കാരൻ, ആയുർവേദ ചികിത്സകൻ അങ്ങനെ നീളും വിശേഷണങ്ങൾ. ശബരിമല മുൻ മേൽശാന്തി കുന്നരുവിലെ പരേതനായ പാലക്കീഴില്ലത്ത് ശംഭു വാധ്യാൻ നമ്പൂതിരിയുടെ മകനാണ് വാസുദേവൻ. മാഷിന്റെ ദിനം തുടങ്ങുന്നത് അദ്ദേഹം തന്നെ വീടിനു മുന്നിൽ നിർമിച്ച ചെറിയ കുളത്തിൽ മുങ്ങിക്കുളിച്ചാണ്.

താമസിക്കുന്ന വീടിന്റെ പണികൾ വലിയ ഭാഗം ചെയ്തതും ‘നമ്പൂരി മാഷ്’ തന്നെ. രാവിലെ പൂജാമുറിയിലും ചില ദിവസങ്ങളിൽ ക്ഷേത്രങ്ങളിലും പൂജാ കർമങ്ങൾ കഴിഞ്ഞാൽ പിന്നീടുള്ള സമയം മുഴുവൻ കയ്യിൽ സ്ക്രൂഡ്രൈവർ ഉൾപ്പെടെയുള്ള പണി ആയുധങ്ങൾ ആയിരിക്കും. വെള്ളിയിലും ഓടിലും പഞ്ചലോഹത്തിലും വിഗ്രഹങ്ങൾ വാർത്തെടുക്കും. പ്ലാസ്റ്റർ ഓഫ് പാരിസിലും കളിമണ്ണിലും കോൺക്രീറ്റിലും കല്ലിലും ശിൽപങ്ങളൊരുക്കും. ഡൈനിങ് ടേബിൾ മുഴുവൻ വിവിധ ഉപകരണങ്ങളാണ്. ക്ലോക്ക്, റേഡിയോ, ടേപ് റിക്കോർഡർ, ആംപ്ലിഫയർ, വാച്ച് എന്നിവയെല്ലാം റിപ്പയർ ചെയ്യുന്നത് ഡൈനിങ് ടേബിളിൽ വച്ചാണ്.

ഇതിൽ നല്ലൊരു ഭാഗവും സ്വന്തം സാധനങ്ങൾ തന്നെ. അത്രയും പുരാവസ്തുക്കൾ വാസുദേവന്റെ കയ്യിലുണ്ട്. 15ാം വയസ്സിൽ വാൽവ് റേഡിയോ മെക്കാനിക്കായി ജീവിതം തുടങ്ങിയ ഇദ്ദേഹം കലാഅധ്യാപകനായി ജീവിച്ചപ്പോൾ ശമ്പളത്തിന്റെ വലിയൊരു ശതമാനവും പഴയ റേഡിയോകളും ക്യാമറകളും ക്ലോക്കുകളും വാങ്ങിക്കൂട്ടി എന്നു പകുതി തമാശയായും പകുതി കാര്യമായും പറയും. വാൽവ്, ട്രാൻസിസ്റ്റർ, ഐസി തുടങ്ങിയവയുടെ ക്ലാസ് എ ആംപ്ലിഫയറുകൾ ശേഖരത്തിലുണ്ട്. മൈക്ക് സെറ്റിന്റെ ആദ്യ രൂപങ്ങൾ, ആദ്യ ക്യാമറകൾ എന്നിവയുമുണ്ട്. ആദ്യ എഫ്എം റേഡിയോ, ഇന്ത്യൻ – വിദേശ കമ്പനികളുടെ വിവിധ റേഡിയോ മോഡലുകൾ, ടേപ് റെക്കോർഡർ –

ടെലിവിഷൻ എന്നിവ ചേർന്നുള്ള ത്രീ ഇൻ വൺ ഉൾപ്പെടെ എല്ലാം ശേഖരത്തിലുണ്ട്. ഇവയിൽ മിക്കതും ഇപ്പോഴും പ്രവർത്തിക്കുന്നു. ഇതു പ്രവർത്തിക്കുന്നു എന്ന് ഇടവേളകളിൽ ഉറപ്പാക്കുന്നത് ഇദ്ദേഹത്തിന്റെ വിനോദമാണ്. വിവിധ കാലഘട്ടത്തിലെ പ്രൊജക്ടറുകൾ, ടെലിഫോണുകൾ, ആഡംബര വിളക്കുകൾ, ടൈപ്റൈറ്ററുകൾ, ഗ്രാമഫോൺ, പ്രശസ്തമായ പാട്ടുകൾ അടങ്ങിയ റെക്കോർഡുകൾ, പ്ലെയറുകൾ, റിസീവറുകൾ, പഴയകാല വാച്ചുകൾ, ചുമർഘടികാരങ്ങൾ, ത്രാസുകൾ, പേനകൾ, ലെൻസുകൾ, വിവിധ തരം ശംഖുകൾ, പഴയകാല ഗ്രഹോപകരണങ്ങൾ എല്ലാം വാസുദേവൻ പൊന്നുപോലെ സൂക്ഷിക്കുന്നു. ഇതൊന്നും പൊടിപിടിച്ചു കിടക്കുകയല്ല എന്നതാണ് അദ്ദേഹത്തിന്റെ ആത്മാർഥതയുടെ തെളിവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com