ADVERTISEMENT

തളിപ്പറമ്പ്∙ ഓൺ ലൈൻ ലോണിന്റെ പേരിൽ അജ്ഞാത സംഘം യുവാവിനെ ഓൺലൈനിൽ ഭീഷണിപ്പെടുത്തി 2.5 ലക്ഷം രൂപ തട്ടിയെടുത്തു. തളിപ്പറമ്പ് ആടിക്കുംപാറയിലെ പി.വി.രാഹുലാണ് തട്ടിപ്പിനിരയാക്കിത്. ജൂൺ 17ന് രാഹുലിന്റെ വാട്സാപ്പിൽ ഒരു സന്ദേശം വന്നത് തുറന്നപ്പോൾ പ്രത്യക്ഷപ്പെട്ട ലിങ്കിൽ നിന്നു ഡൗൺലോ‍ഡ് ചെയ്യാൻ നിർദേശം വന്നിരുന്നു. ഇത് ഡൗൺ ലോഡ് ചെയ്തപ്പോൾ താങ്കളുടെ ലോൺ അനുവദിക്കപ്പെട്ടുവെന്ന് സന്ദേശം വരികയും 7500 രൂപ അക്കൗണ്ടിലേക്ക് വരികയും ചെയ്തു.

പിന്നീട് ലോണിന്റെ സർവീസ് ചാർജ് എന്ന പേരിൽ 10000 രൂപ അടയ്ക്കുവാൻ ഹിന്ദിയിൽ സംസാരിച്ചവർ വിളിച്ച് നിർദേശം നൽകി. ഇതിന്റെ ലിങ്കും അയച്ചിരുന്നു. ചെയ്യാതിരുന്നപ്പോൾ തുടർച്ചയായി സന്ദേശങ്ങൾ വരികയും പിന്നീട് ഓൺ ലൈനിൽ പണം അടയ്ക്കുകയും ചെയ്തു. എന്നാൽ അടുത്ത ദിവസം താങ്കളുടെ പണം ക്രെഡിറ്റായില്ലെന്നും വീണ്ടും അടയ്ക്കുവാൻ നിർദേശം വരികയും ചെയ്തു.

ഇതിന് തയാറാകാതെ വന്നപ്പോൾ രാഹുലിന്റെ ഫോണിന്റെ ഫോട്ടോ ഗാലറിയിൽ ഉള്ള ഫോട്ടോകളിൽ നിന്ന് ആധാർ കാർഡിന്റെയും രാഹുലിന്റെയും ഫോട്ടോകൾ സംഘം കരസ്ഥമാക്കി നഗ്ന ചിത്രങ്ങളാക്കിയും മറ്റും മാറ്റിയെടുത്ത് ഫോണിലെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നമ്പറുകളിലേക്ക് അയയ്ക്കാൻ തുടങ്ങുകയും വീണ്ടും പണം ആവശ്യപ്പെടുകയുമായിരുന്നു. വിദേശത്തുളള സഹോദരങ്ങൾക്കും ബന്ധുക്കൾക്കും ഇത്തരത്തിൽ നഗ്ന ചിത്രങ്ങളും അസഭ്യ സന്ദേശങ്ങളും ലഭിച്ചതോടെ ഭയന്ന് പോയ അവരും പണം അടച്ചു.

വീണ്ടും തുടർച്ചയായി ഫോണിൽ നേരിട്ടും സന്ദേശങ്ങളിലൂടെയും ഭീഷണിയും പണം ആവശ്യപ്പെടലും തുടർന്നു. 3000 മുതൽ 10000 രൂപ വരെയാണ് പലതവണയായി സംഘം ആവശ്യപ്പെടുന്നത്. ഇവർ അയച്ച ലോൺ സ്റ്റേറ്റ്മെന്റിൽ ചൈനീസ് ഭാഷയും കാണുന്നുണ്ട്. 2.5 ലക്ഷത്തോളം രൂപ ഒരു മാസം കൊണ്ട് സംഘം വാങ്ങിയെടുത്തുവെങ്കിലും ഇനിയും ലോണിൽ പണം അടയ്ക്കാനുണ്ടെന്ന് പറഞ്ഞുള്ള ഭീഷണി കഴിഞ്ഞ ദിവസവും തുടർന്നതോടെ രാഹു‍ൽ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com