ADVERTISEMENT

കണ്ണൂരിലെ പാർട്ടി ഗെസ്റ്റ് ഹൗസായ വീട്

കണ്ണൂർ ∙ പി.കൃഷ്ണപിള്ള മുതൽ പിണറായി വിജയൻ വരെയുള്ള കമ്യൂണിസ്റ്റ് നേതാക്കൾക്ക് ആതിഥ്യമരുളിയ വീടാണ് നാറാത്തെ ശ്രീദേവിപുരം. ഇവിടത്തെ പൊട്ടിയ കട്ടിലിനു മുതൽ വരാന്തയിലെ ഗ്രില്ലിനു വരെ പറയാനുണ്ട് നേതാക്കളുടെ കഥകൾ. മൊറാഴ സംഭവത്തെത്തുടർന്ന് കമ്യൂണിസ്റ്റുകാരെ പൊലീസുകാർ തിരഞ്ഞു നടന്നിരുന്ന കാലത്ത് പി.കൃഷ്ണപിള്ളയ്ക്കാണ് ഈ വീട് ആദ്യം അഭയ കേന്ദ്രമായത്. കണ്ണൂർ മുനിസിപ്പൽ സ്കൂൾ വിദ്യാർഥിയും വിദ്യാർഥി സംഘടനാ പ്രവർത്തകനുമായിരുന്ന ബർലിൻ കുഞ്ഞനന്തൻ നായരെ ഈ ദൗത്യം പാർട്ടി വിശ്വസിച്ച് ഏൽപിക്കുകയായിരുന്നു.

അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായരുടെ ഭൗതിക ശരീരം കാണാനായി കെ.കെ.രമ  എംഎൽഎ നാറാത്തെ വീട്ടിൽ എത്തിയപ്പോൾ. 	 ചിത്രം: മനോരമ
അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായരുടെ ഭൗതിക ശരീരം കാണാനായി കെ.കെ.രമ എംഎൽഎ നാറാത്തെ വീട്ടിൽ എത്തിയപ്പോൾ. ചിത്രം: മനോരമ

രണ്ടാഴ്ചയാണു കൃഷ്ണപിള്ള ഇവിടെ ഒളിവിൽ കഴിഞ്ഞത്. കൃഷ്ണപിള്ള കിടന്നുറങ്ങിയ കാഞ്ഞിരക്കട്ടിൽ പിന്നീട് മലബാർ സ്റ്റേറ്റ് പൊലീസ് കമ്യൂണിസ്റ്റ് വേട്ടയ്ക്കിടെ ഭാഗികമായി തകർത്തു. വിഎസും പിണറായിയും ഒരുമിച്ചുണ്ട് ഉറങ്ങിയിട്ടുള്ളതും ഈ വീട്ടിലാണ്. 2002ൽ ബെംഗളൂരുവിലെ കേന്ദ്രകമ്മിറ്റി യോഗം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു ഇത്. കണ്ണൂർ ജില്ലാ സെക്രട്ടറിയായതു മുതൽ ഈ വീട്ടിൽ സന്ദർശകനായിരുന്ന പിണറായി, സംസ്ഥാന സെക്രട്ടറിയായിരിക്കേ കണ്ണൂർ സമ്മേളനത്തിനു റിപ്പോർട്ട് തയാറാക്കിയത് ഇവിടെ താമസിച്ചാണ്.

മുകൾ നിലയിലെ വരാന്തയ്ക്കു ചുറ്റും ഗ്രില്ലിട്ടതു പിണറായിയുടെ സുരക്ഷയെക്കരുതിയായിരുന്നു. ബർലിനുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന വിഎസിനു സ്വന്തം വീടു പോലെയായിരുന്നു നാറാത്തെ വീട്. കണ്ണൂരിലെത്തുമ്പോഴെല്ലാം താമസം ഇവിടെത്തന്നെ. ബർലിന്റെ വീട്ടിലേക്കുള്ള വിഎസിന്റെ അവസാനത്തെ രണ്ടു വരവും വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു. മലപ്പുറം പാർട്ടി സമ്മേളനത്തിനു തൊട്ടു മുൻപത്തെ വരവിൽ അപമാനിതനായാണ് വിഎസ് ഇവിടെ നിന്നു പടിയിറങ്ങിയത്.

പിണറായി വിജയനെതിരെ കുഞ്ഞനന്തൻ നായർ ചില ആക്ഷേപങ്ങളുന്നയിച്ചു നിൽക്കുന്ന സമയത്തായിരുന്നു വിഎസ് ഇവിടെ താമസിക്കാനെത്തിയത്. വിവരമറിഞ്ഞെത്തിയ പ്രാദേശിക നേതാവ് ‘നിങ്ങൾ പാർട്ടിയെ പിളർത്താൻ എത്തിയതാണോ’എന്നു പറഞ്ഞു വിഎസിനെതിരെ ആക്രോശിച്ചു. തന്റെ വീട്ടിലുണ്ടായ സംഭവത്തിൽ കുഞ്ഞനന്തൻ നായർ പാർട്ടിക്കു പരാതി നൽകിയെങ്കിലും പാർട്ടി മുഖവിലയ്ക്കെടുത്തില്ല. അധികം വൈകാതെ കുഞ്ഞനന്തൻ നായർ പാർട്ടിക്കു പുറത്താവുകയും ചെയ്തു.

പുറത്തായ ബർലിൻ പിണറായിയുടെ വിമർശകനായി തുടരുന്നതിനിടെയായിരുന്നു 2011 ജൂലൈയിൽ വിഎസിന്റെ ഒടുവിലത്തെ വരവ്. ഉച്ചഭക്ഷണത്തിനായി ബർലിൻ ഒരുക്കങ്ങൾ നടത്തി. ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ എതിർപ്പറിയിച്ചതോടെ ബർലിന്റെ വീട്ടിൽ നിന്നു ഭക്ഷണം കഴിക്കരുതെന്നു നേതൃത്വം വിഎസിനെ വിലക്കി. വീട്ടിലെത്തിയ വിഎസ് കരിക്കിൻവെള്ളം മാത്രം കുടിച്ചു യാത്ര പറഞ്ഞിറങ്ങി.

വിഎസുമായി എക്കാലവും ആത്മബന്ധം

കണ്ണൂർ ∙ ബർലിൻ കുഞ്ഞനന്തൻ നായർക്ക് വി.എസ്.അച്യുതാനന്ദനുമായുണ്ടായിരുന്ന ആത്മബന്ധത്തിന് ആറു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിനായി പാർട്ടി നിയോഗിച്ച സെക്രട്ടറിയായിരുന്നു കുഞ്ഞനന്തൻ നായർ. അങ്ങനെ തിരുവനന്തപുരത്തു താൽക്കാലികമായി താമസിക്കുന്ന കാലത്താണ് വിഎസുമായി അടുപ്പം തുടങ്ങിയത്. തിരുവനന്തപുരം കുന്നുകുഴിയിലെ ഓലമേഞ്ഞ വീട്ടിൽ ഇരുവരും ഒരുമിച്ചായിരുന്നു താമസം. പാർട്ടി ഓഫിസിലേക്കുള്ള വരവും പോക്കുമെല്ലാം ഒരുമിച്ച്.

മകൻ അരുൺകുമാറിനെ കണ്ണൂർ എസ്എൻ കോളജിൽ പഠിക്കാൻ ചേർത്തപ്പോഴും മകനായി വിഎസ് വേറെ വീട് അന്വേഷിച്ചില്ല. അരുണിനെ കാണാൻ വിഎസിന്റെ ഭാര്യ വസുമതി വരുമ്പോഴും ഇവിടെയായിരുന്നു താമസം. പാർട്ടിയിൽ വിഎസിന്റെ നിലപാടുകൾ ക്കൊപ്പമായിരുന്നു എക്കാലവും ബർലിൻ. എന്നാൽ പാർട്ടിക്കു പുറത്തായ കാലത്ത് സിപിഎം വിമതരുടെ ഉപദേശകനായി മാറി.

പാർട്ടിയുമായി സമരസപ്പെട്ടു പോകാൻ വിഎസ് തീരുമാനമെടുത്തതോടെ ബർലിൻ പാർട്ടിയിലേക്കു മടങ്ങി. തിരുവനന്തപുരത്തു വീടെടുത്തു കുടുംബമായി ബർലിൻ താമസിക്കുമ്പോൾ ഇഎംഎസും കുടുംബവും ഒപ്പം താമസിച്ചിരുന്നു. ഇഎംസിന്റെ ഭാര്യ ആര്യ അന്തർജനത്തിനു കൂട്ടായി ബർലിൻ ഭാര്യ സരസ്വതിയെ കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തെ വീട്ടിലേക്കു വരുത്തുകയും ചെയ്തിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com